12:30:26
22 May 2013
Wednesday
Facebook
Twitter
Rssfeed

കിളിമാനൂരില്‍ കടകള്‍ പൊളിക്കുന്നതിനെച്ചൊല്ലി സംഘര്‍ഷം, പഞ്ചായത്തംഗത്തിന് നേരെ കൈയേറ്റം

കിളിമാനൂര്‍: പഴയകുന്നുമ്മേല്‍ ഗ്രാമപഞ്ചായത്ത് വക കിളിമാനൂര്‍ ബസ് സ്റ്റാന്‍ഡിലെ കടകള്‍ പൊളിച്ചുമാറ്റിയത് സംഘര്‍ഷത്തിനിടയാക്കി. പൊലീസ് സഹായത്തോടെയാണ് കടകള്‍ പൊളിച്ചത്.
ഇതിനിടെ പൊളിച്ചുമാറ്റുന്നതിനെതിരെ കട ഉടമകള്‍ ഹൈകോടതി ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചതിനെത്തുടര്‍ന്ന് താല്‍കാലികമായി പൊളിക്കുന്നത് തടഞ്ഞു. ഉത്തരവ് എത്തും മുമ്പ് 60 ശതമാനത്തിലധികം പൊളിച്ചിരുന്നു. സംഭവത്തിനിടെ പഞ്ചായത്തംഗത്തെ കൈയേറ്റം ചെയ്തതായി പരാതിയുണ്ട്. ഇതുസംബന്ധിച്ച് അംഗം ഹരീഷ് ആറ്റിങ്ങല്‍ ഡിവൈ.എസ്.പിക്ക് പരാതി നല്‍കി.
വെള്ളിയാഴ്ച പകല്‍ 11ഓടെയാണ് പൊളിക്കല്‍ ആരംഭിച്ചത്. ഇത് തടയാന്‍ ഒരു സംഘം ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകര്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിന് കാരണമായത്. സ്റ്റാന്‍ഡിലെ വിശ്രമകേന്ദ്രത്തില്‍ കടകള്‍ നടത്താനുള്ള അനുമതി വ്യവസ്ഥകള്‍ക്ക് വിധേയമായി ഒരു വര്‍ഷത്തേക്ക് കൃഷ്ണന്‍കുട്ടിക്കും സന്തോഷിനും നല്‍കിയിരുന്നു. കാലാവധി തീര്‍ന്ന മുറയ്ക്ക് ഒഴിയാന്‍ ആവശ്യപ്പെട്ടെങ്കിലും ഇവര്‍ ഹൈകോടതിയെ സമീപിച്ചു.
എന്നാല്‍ കോടതി പഞ്ചായത്ത് തീരുമാനത്തെ അനുകൂലിച്ച് ഉത്തരവിറക്കി. ഇവര്‍ കലക്ടര്‍ക്ക് പരാതി നല്‍കിയെങ്കിലും കലക്ടര്‍ വിളിച്ചപ്പോള്‍ പരാതിക്കാര്‍ എത്തിയില്ല. തുടര്‍ന്ന് കലക്ടറും നടപടിയുമായി മുന്നോട്ട് പോകാന്‍ പഞ്ചായത്തിന് അനുമതി നല്‍കി.
പൊളിച്ചുമാറ്റാന്‍ കക്ഷികള്‍ക്ക് പഞ്ചായത്ത് നോട്ടീസ് നല്‍കിയെങ്കിലും നടപടിയില്ലാത്തതിനെ തുടര്‍ന്നാണ് പൊലീസിന്‍െറ സഹായത്തോടെ പൊളിക്കല്‍ ആരംഭിച്ചത്.
തുടര്‍ന്ന് കടയുടമകള്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ച് ഉത്തരവ് വാങ്ങുകയായിരുന്നു. വൈകുന്നേരം അഞ്ചോടെ ഉത്തരവിന്‍െറ പകര്‍പ്പ് പഞ്ചായത്ത് സെക്രട്ടറിക്ക് നല്‍കിയതിന്‍െറ അടിസ്ഥാനത്തില്‍ നടപടി നിര്‍ത്തി. ഇതിനിടെയാണ് അംഗത്തെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചത്.
പഞ്ചായത്ത് സെക്രട്ടറി സലിന്‍കുമാര്‍, പ്രസിഡന്‍റ് രഘുനാഥന്‍ നായര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു നടപടി.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com