അണ്ടത്തോട്: വിദ്യാര്‍ഥിനിയെ സ്കൂളില്‍വെച്ച് മണിക്കൂറുകളോളം ചോദ്യം ചെയ്ത വടക്കേക്കാട് എസ്.ഐയുടെ നടപടി ചട്ടവിരുദ്ധമെന്ന് ആഭ്യന്തരമന്ത്രി . കെ.വി.അബ്ദുല്‍ഖാദര്‍ എം.എല്‍.എയെ രേഖാമൂലം അറിയിച്ചതാണ് ഇക്കാര്യം.എസ്.ഐ സജിന്‍ ശശിയുടെ നടപടി പൊലീസ് ചട്ടപ്രകാരം തെറ്റാണ്.
പുന്നയൂര്‍ എടക്കര നീരാടിപ്പറമ്പില്‍ അബ്ദുല്‍ റഷീദിന്‍െറ ഭാര്യ സുബൈദ അവരുടെ സമ്മതമില്ലാതെ മൊഴിചൊല്ലിയതിനെത്തുടര്‍ന്ന് കോടതിയെ സമീപിച്ച് ഭര്‍തൃവീട്ടില്‍ താമസിക്കാന്‍ അനുകൂല ഉത്തരവ് സമ്പാദിച്ചിരുന്നു. തുടര്‍ന്ന് ഭര്‍ത്താവും വീട്ടുകാരെ അക്രമിച്ചു പരിക്കേല്‍പിച്ചതിനെതിരെ പരാതി നല്‍കിയിയ പരാതിയില്‍ ഗാര്‍ഹിക പീഡനനിയമപ്രകാരം കേസെടുത്ത് അന്വേഷിക്കാന്‍ കുന്നംകുളം മജിസ്ട്രേറ്റ് കോടതി വിധിച്ചു.അന്വേഷിച്ച് നടപടിയെടുത്തതിന് സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ എസ്.ഐക്ക് കോടതി വീണ്ടും നിര്‍ദേശം നല്‍കി.ഇതില്‍ പ്രകോപിതനായ എസ്.ഐ സാക്ഷിയായ സുബൈദയുടെ മകള്‍ നിതയെ (13) ചോദ്യം ചെയ്യാനെന്ന പേരില്‍ തൊഴിയൂര്‍ റഹ്മത്ത് സ്കൂളിലെത്തി ക്ളാസില്‍നിന്നും വിളിച്ചിറക്കുകയും പരിഹസിക്കുകയും ചെയ്തെന്ന് പരാതിപ്പെടുകയായിരുന്നു. കഴിഞ്ഞമാസം ഒമ്പതിനായിരുന്നു സംഭവം. സുബൈദ മനുഷ്യാവകാശ കമീഷനടക്കം പരാതി നല്‍കി. വിഷയത്തില്‍ കെ.വി. അബ്ദുള്‍ഖാദര്‍ എം.എല്‍.എ ഇടപെട്ടു. അതനുസരിച്ച് കഴിഞ്ഞ 25ന് നിയമസഭയില്‍ ഉന്നയിച്ച സബ്മിഷന് മറുപടിയായാണ് ആഭ്യന്തര വകുപ്പ് രേഖാമൂലം മറുപടി നല്‍കിയത്.നിലവിലെ ചട്ടപ്രകാരം 18 വയസ്സിന് താഴെയുള്ള കുട്ടികളെ ചോദ്യം ചെയ്യേണ്ടത് എസ്.ഐ റാങ്കില്‍ കുറയാത്ത വനിത ഓഫിസറായിരിക്കണം. അത് മഫ്തി വേഷത്തിലുമായിരിക്കണം. മാത്രമല്ല 15നുതാഴെ മാത്രം വയസ്സുള്ള കുട്ടികളെ അവരുടെ താമസസ്ഥലത്തുമാത്രമെ ചോദ്യം ചെയ്യാനും പാടുള്ളൂ. ഇതെല്ലാം ലംഘിച്ചാണ് വടക്കേക്കാട് എസ്.ഐ സജിന്‍ ശശിയുടെ നടപടിയെന്നും ആഭ്യന്തരവകുപ്പ് എം.എല്‍.എ ക്ക് നല്‍കിയ മറുപടിയില്‍ പറയുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് എസ്.ഐക്കെതിരെ നടപടിയെടുക്കണമെന്ന് സ്കൂള്‍ മാനേജ്മെന്‍റും രക്ഷാകര്‍തൃ സമിതിയും ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍