12:30:26
25 May 2013
Saturday
Facebook
Twitter
Rssfeed

കൃഷിഭവനുകളില്‍ ജീവനക്കാരില്ല; കര്‍ഷകര്‍ ദുരിതത്തില്‍

ശ്രീകൃഷ്ണപുരം: കൃഷിഭവനുകളില്‍ ആവശ്യത്തിന് ജീവനക്കാരില്ലാത്തത് കര്‍ഷകരെ ദുരിതത്തിലാക്കുന്നു. പൂക്കോട്ടുകാവ്, ശ്രീകൃഷ്ണപുരം, കരിമ്പുഴ പഞ്ചായത്തുകളിലെ കൃഷി ഭവനുകളില്‍ മതിയായ ജീവനക്കാരില്ലാത്തതാണ് പ്രതിസന്ധിയിലാക്കിയത്.
പൂക്കോട്ടുകാവ് ഗ്രാമ പഞ്ചായത്തിലെ കൃഷിഭവനില്‍ ഒരു കൃഷി ഓഫിസറും രണ്ട് അസിസ്റ്റന്‍റുമാരുമാണ് വേണ്ടത്. കഴിഞ്ഞ ഡിസംബര്‍ മുതല്‍ ഒരു കൃഷി അസിസ്റ്റന്‍റ് മാത്രമാണുള്ളത്. മാര്‍ച്ച് മുതല്‍ വെള്ളിനേഴി കൃഷി ഓഫിസര്‍ക്കാണ് ഇവിടെ അധിക ചുമതല. എന്നാല്‍, ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം മാത്രമാണ് അദ്ദേഹമെത്തുന്നത്. ഈ ദിവസങ്ങളില്‍ യോഗങ്ങളുണ്ടായാല്‍ കൃഷി ഓഫിസറുടെ സേവനം ലഭിക്കില്ല. മറ്റു ദിവസങ്ങളില്‍ കൃഷി അസിസ്റ്റന്‍റ് അവധിയെടുത്താല്‍ കൃഷിഭവന്‍ പൂട്ടിയിടേണ്ട അവസ്ഥയാണ്. കഴിഞ്ഞ ആഴ്ച നാല് ദിവസത്തോളം ജീവനക്കാരില്ലാത്തതിനാല്‍ കൃഷിഭവന്‍ പൂട്ടിയിട്ടു. ഇതില്‍ പ്രതിഷേധിച്ച് കര്‍ഷക സംഘത്തിന്‍െറ നേതൃത്വത്തില്‍ ധര്‍ണ നടത്തി.
ശ്രീകൃഷ്ണപുരം കൃഷിഭവനില്‍ മൂന്നാള്‍ വേണ്ടിടത് കൃഷി ഓഫിസര്‍ മാത്രമാണുള്ളത്. കരിമ്പുഴ പഞ്ചായത്തില്‍ കൃഷി ഓഫിസറും കൃഷി അസിസ്റ്റന്‍റുമാണുള്ളത്. ഒരു കൃഷി അസിസ്റ്റന്‍റിന്‍െറ കുറവുണ്ട്. ഇവിടുത്തെ കൃഷി ഓഫിസര്‍ക്ക് അസിസ്റ്റന്‍റ് ഡയറക്ടറുടെ ചുമതലയുള്ളത് പ്രശ്നം സൃഷ്ടിക്കുന്നു.
മതിയായ ജീവനക്കാരില്ലാത്തതിനാല്‍ കര്‍ഷകര്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ വിതരണംചെയ്യാനോ, അപേക്ഷ സ്വീകരിക്കാനോ കഴിയുന്നില്ല. പുതിയ ഉത്തരവ് പ്രകാരം രാസവള സബ്സിഡി അടക്കമുള്ള ആനുകൂല്യങ്ങള്‍ വിതരണംചെയ്യുന്നത് ബാങ്ക് വഴിയാണ്. ഇതിന്‍െറ രജിസ്ട്രേഷനുള്ള അപേക്ഷകള്‍ 15ാം തീയതിക്ക് മുമ്പായി സമര്‍പ്പിക്കണം. എന്നാല്‍, അപേക്ഷയുമായി ഓഫിസിലെത്തുമ്പോള്‍ ജീവനക്കാരില്ലാത്തതിനാല്‍ തിരിച്ചുപോരേണ്ട അവസ്ഥയാണെന്ന് കര്‍ഷകര്‍ പരാതിപ്പെടുന്നു.
ജീവനക്കാരില്ലാത്തത് സംബന്ധിച്ച് ജില്ലാ ഓഫിസര്‍ക്ക് പരാതി നല്‍കിയിട്ടും നടപടി ഉണ്ടായില്ലെന്ന് പൂക്കോട്ടുകാവ് പഞ്ചായത്ത് പ്രസിഡന്‍റ് എ.കെ. ഷീലാദേവി പറഞ്ഞു. കൃഷി ഭവനുകളില്‍ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കണമെന്ന് ശ്രീകൃഷ്ണപുരം പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പി. അരവിന്ദാക്ഷന്‍ മാസ്റ്റര്‍ ആവശ്യപ്പെട്ടു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com