പയ്യന്നൂര്‍: കാങ്കോല്‍, ചെറുതാഴം, കടന്നപ്പള്ളി പ്രദേശങ്ങളില്‍ സി.പി.എം സ്ഥാപനങ്ങള്‍ക്കു നേരെ അക്രമം. കാങ്കോലില്‍ സി.പി.എം ഓഫിസ് അടിച്ചുതകര്‍ത്തു. ചെറുതാഴത്തും, കടന്നപ്പള്ളിയിലും സി.പി.എം നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കുകള്‍ക്ക് നേരെയും അക്രമം.
കാങ്കോലില്‍ പ്രവര്‍ത്തിക്കുന്ന സി.പി.എം കാങ്കോല്‍ വെസ്റ്റ് ലോക്കല്‍ കമ്മിറ്റി ഓഫിസിന്‍െറ എട്ട് ജനല്‍ഗ്ളാസുകള്‍ അടിച്ചുതകര്‍ത്തു. ഒരു ജനല്‍ ഗ്ളാസ് പിഴുതെടുത്ത നിലയിലുമാണ്. ഷട്ടര്‍ തുറക്കാനുള്ള ശ്രമം നടന്നതായും പറയുന്നു. സമീപത്തെ ഗ്രില്‍സ് നിര്‍മാണ സ്ഥാപനത്തില്‍നിന്നും കമ്പികളെടുത്താണ് അക്രമം നടത്തിയത്. കമ്പി ഓഫിസിനു മുന്നില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഗ്ളാസുകള്‍ തകര്‍ത്തതിനു പുറമെ ജലവിതരണ പൈപ്പുകളും അടിച്ചുതകര്‍ത്തു. ചുവരില്‍ ചളി വാരിയെറിയുകയും തേച്ച നിലയിലുമാണ്.
വെള്ളിയാഴ്ച പുലര്‍ച്ചെ ബൈക്കിലെത്തിയ സംഘമാണ് അക്രമത്തിന് പിന്നില്ലെന്ന് പറയുന്നു. കാങ്കോലിലും പരിസരങ്ങളിലും വ്യാപകമായി സി.പി.എമ്മിന്‍െറയും പോഷക സംഘടനകളുടെയും കൊടിമരങ്ങളും ബോര്‍ഡുകളും തകര്‍ത്തു. പാനോത്ത്, കാങ്കോല്‍ സെന്‍ട്രല്‍, കാങ്കോല്‍ സൗത്ത് വായനശാല പരിസരം എന്നിവിടങ്ങളിലെ സി.പി.എം കൊടിമരങ്ങളും കുണ്ടയംകൊവ്വലില്‍ ഡി.വൈ.എഫ്.ഐ സ്ഥാപിച്ച പ്രചാരണ ബോര്‍ഡും നശിപ്പിച്ചു. വിവരമറിയിച്ചിട്ടും സംഭവസ്ഥലത്തെത്തുന്നതില്‍ പെരിങ്ങോം പൊലീസ് വീഴ്ചവരുത്തിയതായി സി.പി.എം നേതാക്കള്‍ ആരോപിച്ചു.
ചെറുതാഴം സര്‍വീസ് സഹകരണ ബാങ്ക്, കടന്നപ്പള്ളി-പാണപ്പുഴ സര്‍വീസ് സഹകരണ ബാങ്ക് എന്നിവക്കുനേരെയും വെള്ളിയാഴ്ച പുലര്‍ച്ചെയോടെ അക്രമം നടന്നു. ചെറുതാഴം സര്‍വീസ് സഹകരണ ബാങ്ക് മണ്ടൂര്‍ ശാഖക്ക് നേരെയാണ് അക്രമം നടന്നത്. ഏതാനും മാസം മുമ്പ് ഉദ്ഘാടനം ചെയ്ത കെട്ടിടത്തിന്‍െറ മുന്നിലുള്ള എട്ട് അലങ്കാര ഗ്ളാസുകളാണ് എറിഞ്ഞുതകര്‍ത്തത്. കടന്നപ്പള്ളി-പാണപ്പുഴ സര്‍വീസ് സഹകരണ ബാങ്കിന്‍െറ വിളയാങ്കോട് ശാഖക്കു നേരെയാണ് അക്രമം നടന്നത്. ദേശീയപാതയോരത്തെ ബാങ്കിന്‍െറ മുന്‍ഭാഗത്തുള്ള രണ്ട് അലങ്കാര ഗ്ളാസുകള്‍ തകര്‍ത്തു.
കഴിഞ്ഞദിവസം ജനല്‍ഗ്ളാസുകള്‍ എറിഞ്ഞുതകര്‍ത്ത ജമാഅത്ത് പള്ളിയുടെ മുന്നിലാണ് ബാങ്ക്. ബൈക്കിലെത്തിയ സംഘമാണ് ബാങ്കുകള്‍ക്ക് നേരെയും അക്രമം നടത്തിയതെന്നാണ് സൂചന. പരിയാരം പൊലീസെത്തി അന്വേഷണം നടത്തി. സി.പി.എം നേതാക്കളായ എം.വി. ജയരാജന്‍, പി.പി. ദാമോദരന്‍ തുടങ്ങിയവര്‍ ബാങ്കുകള്‍ സന്ദര്‍ശിച്ചു. അക്രമസംഭവങ്ങള്‍ പ്രദേശങ്ങളെ വീണ്ടും ഭീതിയിലാക്കിയിരിക്കയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍