സുല്‍ത്താന്‍ ബത്തേരി: വന്യജീവി ശല്യം പരിഹരിക്കാന്‍ അടിയന്തര നടപടിയാവശ്യപ്പെട്ട് വന്യജീവി കാര്യാലയത്തിന് മുന്നില്‍ നാട്ടുകാര്‍ നിരാഹാരം നടത്തി. വള്ളുവാടി, കരിപ്പൂര്, ഓടപ്പള്ളം, വടക്കനാട് പ്രദേശങ്ങളിലെ ജനങ്ങളാണ് വള്ളുവാടി വനയോര കര്‍ഷക സമിതിയുടെ നേതൃത്വത്തില്‍ ഉപവാസം നടത്തിയത്.
വന്യമൃഗ ഭീഷണിമൂലം പതിറ്റാണ്ടുകളായി ജീവനും സ്വത്തിനും സംരക്ഷണം നഷ്ടപ്പെട്ട കര്‍ഷകര്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ക്കുനേരെ അധികൃതര്‍ കണ്ണടക്കുകയാണെന്ന് സമിതി നേതാക്കള്‍ പറഞ്ഞു. പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ജൂലൈ നാലിന് വന്യജീവി കാര്യാലയത്തിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. വനാതിര്‍ത്തിയില്‍ വന്യജീവികളെ പ്രതിരോധിക്കാനാവശ്യമായ നടപടി വാഗ്ദാനം ചെയ്തതല്ലാതെ അധികൃതര്‍ ഒരു നടപടിയും സ്വീകരിച്ചില്ല. ദേശീയപാത ഉപരോധം, വന്യജീവി കാര്യാലയം സ്തംഭിപ്പിക്കല്‍, മിനി സിവില്‍ സ്റ്റേഷന്‍ ഉപരോധം തുടങ്ങിയവ നടത്തി സമരം ശക്തിപ്പെടുത്തുമെന്ന് നേതാക്കള്‍ അറിയിച്ചു.
സമിതി ചെയര്‍മാന്‍ കെ.ജി. റെജിയുടെ അധ്യക്ഷതയില്‍ നൂല്‍പ്പുഴ ഗ്രാമപഞ്ചായത്ത് മെംബര്‍ കെ.എം. പൗലോസ് ഉപവാസ സമരം ഉദ്ഘാടനം ചെയ്തു. കണ്‍വീനര്‍ യോഹന്നാന്‍ വര്‍ഗീസ്, വി.പി. സത്യന്‍, കെ.സി.ഹരിദാസ്, സി.കെ. സജീവന്‍, കെ.എ. സന്ദീപ്, മാടക്കുന്ന് രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍