ദോഹ: ഇഫ്താര്‍ സമയത്തിന് തൊട്ടുമുന്നത്തെ വാഹനങ്ങളുടെ അമിതവേഗതയും അതുമൂലമുള്ള അപകടങ്ങളും കുറക്കുന്നതിനായി പുതിയ കാമ്പയിന് ട്രാഫിക് വകുപ്പ് തുടക്കം കുറിച്ചു. രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ വാഹനയാത്രക്കാര്‍ക്ക് നോമ്പുതുറക്കുന്നതിനായി ഇഫ്താര്‍ കിറ്റുകള്‍ വിതരണം ചെയ്യുന്നതാണ് പദ്ധതി.
ഈ റമദാനില്‍ ഏറ്റവും കൂടുതല്‍ റോഡപകടങ്ങള്‍ നടക്കുന്നത് ഇഫ്താറിന് തൊട്ടുമുമ്പുള്ള സമയത്താണ്. ഇഫ്താറിന് ലക്ഷ്യസ്ഥാനത്തെത്താനുള്ള യാത്രക്കാരുടെ പരക്കം പാച്ചിലാണ് ഈ സമയത്ത് അപകടങ്ങള്‍ കൂടാനും പല ഭാഗങ്ങളിലും ഗതാഗതക്കുരുക്ക് ഉണ്ടാകാനുമുള്ള പ്രധാന കാരണം. ഇത് കണക്കിലെടുത്താണ് വാഹനയാത്രക്കാര്‍ക്ക് വഴിയില്‍വെച്ച് തന്നെ നോമ്പുതുറക്കാന്‍ അവസരമൊരുക്കുന്നതിനായി ട്രാഫിക് വകുപ്പ ്കിറ്റുകള്‍ വിതരണം ചെയ്യാന്‍ ആരംഭിച്ചത്. കിറ്റ് വാങ്ങാനും നോമ്പ് തുറക്കാനുമായി വാഹനം നിര്‍ത്തുമ്പോള്‍ സ്വാഭാവികമായും വേഗതയും ഗതാഗതപ്രശ്നങ്ങളും അതുവഴി അപകടങ്ങളും കുറക്കാനാകുമെന്നതാണ് പുതിയ പദ്ധതിയിലൂടെ കണക്കുകൂട്ടുന്നത്. തിരക്കേറിയ സമയങ്ങളില്‍ പട്രോളിംഗിന് നിയോഗിക്കപ്പെട്ടിട്ടുള്ള ട്രാഫിക് പോലിസുകാരാണ് പ്രത്യേക യൂണിഫോം അണിഞ്ഞ് ഇഫ്താര്‍ കിറ്റുകള്‍ വിതരണം ചെയ്യുന്നത്.
ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ക്ഷണമനുസരിച്ച് ഇഫ്താറിന് പുറപ്പെടുന്നവര്‍ പലപ്പോഴും സമയത്തിന് തൊട്ടുമുമ്പായിരിക്കും യാത്രതിരിക്കുക. പിന്നീട് ലക്ഷ്യസ്ഥാനത്തെത്താനുള്ള ഇവരുടെ പരക്കം പാച്ചില്‍ പലപ്പോഴും അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുകയാണ്. ഇഫ്താറിന് തൊട്ടുമുമ്പുള്ള സമയത്ത് പല റോഡുകളിലും വാഹനങ്ങളുടെ നീണ്ട നിര തന്നെ ദൃശ്യമാണ്. കാമ്പയിന്‍െറ ഭാഗമായി ട്രാഫിക് വകുപ്പ് പ്രധാന റോഡുകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കുകയും പട്രോളിംഗ് ശക്തമാക്കാന്‍ സുരക്ഷാ ഏജന്‍സികള്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്.
ഇഫ്താര്‍ കിറ്റില്‍ നോമ്പ്തുറ വിഭവങ്ങള്‍ക്കൊപ്പം ട്രാഫിക് സുരക്ഷാ ബോധവത്കരണത്തിനുള്ള മാര്‍ഗനിര്‍ദേശങ്ങളടങ്ങിയ ലഘുലേഖകളുമുണ്ട്. വഴിയരികില്‍ വാഹനമൊതുക്കി നോമ്പ്തുറക്കുന്നവര്‍ അതിനൊപ്പമുള്ള ലഘുലേഖ വായിക്കാനും സമയം കണ്ടെത്തുന്നുണ്ടെന്നാണ് ട്രാഫിക് വകുപ്പ് അധികൃതര്‍ പറയുന്നത്.
റമദാനില്‍ നടത്തിവരുന്ന റോഡ് സുരക്ഷാ ബോധവത്കരണ കാമ്പയിന്‍ വന്‍ വിജയമാണെന്ന് ട്രാഫിക് വകുപ്പ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ മുഹമ്മദ് സഅദ് അല്‍ ഖര്‍ജി പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍