Sat, 08/11/2012 - 09:39 ( 40 weeks 4 daysago)
ഉഷ സ്കൂളിന്റെ ആദ്യ ഒളിമ്പ്യന് തലയുയര്‍ത്തി മടക്കം
(+)(-) Font Size
ഉഷ സ്കൂളിന്റെ ആദ്യ ഒളിമ്പ്യന് തലയുയര്‍ത്തി മടക്കം

ലണ്ടന്‍: കൊയിലാണ്ടി മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ 12 വര്‍ഷം മുമ്പ് നടന്ന സെലക്ഷന്‍ ട്രയല്‍സില്‍ നിന്നും പി.ടി. ഉഷയെന്ന ഇന്ത്യന്‍ അത്ലറ്റിക്സിലെ ഇതിഹാസം കണ്ടെത്തിയ യു.പി സ്കൂള്‍ വിദ്യാര്‍ഥി ഓടിക്കയറിയത് വിശ്വകായിക മേളയുടെ മുന്‍പന്തിയിലേക്ക്. വനിതകളുടെ 800 മീറ്റര്‍ സെമി ഫൈനലില്‍ ലോകത്തെ മുന്‍നിര താരങ്ങളോട് പൊരുതി ഫൈനല്‍ കാണാതെ പുറത്തായെങ്കിലും നാട്ടിലേക്ക് മടങ്ങുന്നത് ഈ സ്വപ്നതുല്യമായ നേട്ടത്തില്‍ അഭിമാനവുമായി. ഹീറ്റ്സിലെ മിന്നുന്ന പ്രകടനത്തില്‍ സെമിയിലെത്തിയ ടിന്റു ലൂക്ക സീസണിലെ ഉജ്ജ്വല സമയം പുറത്തെടുത്താണ് സെമിയില്‍ കീഴടങ്ങിയത്. സെമിയിലെ രണ്ടാം ഹീറ്റ്സില്‍ മുന്‍ ലോകചാമ്പ്യന്‍ ദക്ഷിണാഫ്രിക്കയുടെ കാസ്റ്റര്‍ സെമന്യ, റഷ്യയുടെ എലേന അര്‍സകോവ എന്നിവര്‍ക്കൊപ്പം മത്സരിച്ച ഉഷ സ്കൂള്‍ ഓഫ് അത്ലറ്റിക്സിലെ ആദ്യ ഒളിമ്പ്യന്‍ സെമിയിലെ മികച്ച 11ാമത്തെ ഓട്ടക്കാരിയായാവും നാട്ടിലേക്കുള്ള വിമാനം പിടിക്കുന്നത്.
മൂന്ന് ഹീറ്റ്സുകളിലായി നടന്ന സെമിയില്‍ ഏറ്റവും വാശിയേറിയ പോരാട്ടം നടന്ന ഹീറ്റ്സിലായിരുന്നു ടിന്റുവിന്റെ മത്സരം. ആറാം സ്ഥാനക്കാരിയായി ഒരു മിനിറ്റ് 59.66 സെക്കന്‍ഡിലായിരുന്നു മലയാളി താരത്തിന്റെ ഫിനിഷിങ്. ഒരു മിനിറ്റ് 57.67 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് കാസ്റ്റര്‍ സെമന്യ ഏറ്റവും മികച്ച സമയത്തില്‍ സെമിയില്‍ കടന്നത്. റഷ്യയുടെ എലേന അര്‍സകോവ ഒരു മിനിറ്റ് 58.13 സെക്കന്‍ഡിലും ഫിനിഷ് ചെയ്ത് ഫൈനലിലേക്ക് നേരിട്ട് യോഗ്യത നേടി. മറ്റ് രണ്ട് ഹീറ്റ്സില്‍ നിന്നുള്ള രണ്ട് ജേതാക്കളൊഴികെ ഏറ്റവും മികച്ച സമയക്കാരില്‍ രണ്ടുപേരും ടിന്റു മത്സരിച്ച ഹീറ്റ്സില്‍ നിന്നാണ് ഫൈനല്‍ബര്‍ത്ത് നേടിയത്.
1984 ലോസ് ആഞ്ജലസ് ഒളിമ്പിക്സില്‍ നിര്‍ഭാഗ്യം തനിക്ക് നഷ്ടപ്പെടുത്തിയ മെഡല്‍ വീണ്ടെടുക്കാന്‍ മിടുക്കുള്ളവളെന്ന് പ്രഖ്യാപിച്ചായിരുന്നു പി.ടി ഉഷ ടിന്റുവിനെ അത്ലറ്റിക്സ് ട്രാക്കിന്റെ വെള്ളിവെളിച്ചത്തേക്ക് നയിച്ചത്. കോഴിക്കോട് കിനാലൂരിലെ ഉഷ സ്കൂള്‍ ഓഫ് അത്ലറ്റിക്സിന്റെ ആദ്യ ബാച്ചുകളില്‍ ഒരാളായ ടിന്റു കൊടുമുടികള്‍ കീഴടക്കി ഓട്ടം തുടങ്ങുകയായിരുന്നു. സ്കൂള്‍ കായികമേളയിലൂടെ കേരളവും ഇന്ത്യയും കീഴടക്കിയ ടിന്റു പിന്നീട് സര്‍വകലാശാല മീറ്റിലും ദേശീയ ഗെയിംസിലും താരമായി. ഏഷ്യന്‍ ജൂനിയര്‍ ചാമ്പ്യന്‍ഷിപ് ജകാര്‍ത്ത (വെള്ളി), ലോകജൂനിയര്‍ ചാമ്പ്യന്‍ഷിപ്-പോളണ്ട് (8ാം സ്ഥാനം), ഗ്വങ്ചു ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ് (6ാം സ്ഥാനം), ദല്‍ഹി കോമണ്‍വെല്‍ത്ത് ഗെയിംസ് (6ാം സ്ഥാനം), ഏഷ്യന്‍ ഗെയിംസ്-ഗ്വാങ്ചു (വെങ്കലം), ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്-ജപ്പാന്‍ (വെങ്കലം), ദെയ്ഗു ലോകചാമ്പ്യന്‍ഷിപ് (15ാം സ്ഥാനം), ഏറ്റവും ഒടുവിലായി ലണ്ടന്‍ ഒളിമ്പിക്സും. 800 മീറ്ററില്‍ ഷൈനി വില്‍സന്റെ പേരിലുണ്ടായിരുന്നു 15 വര്‍ഷം പഴക്കമുള്ള ദേശീയ റെക്കോഡ് ഒരു മിനിറ്റ് 59.17 സെക്കന്‍ഡായി ടിന്റു തിരുത്തിയെഴുതി.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus