Sat, 08/11/2012 - 09:17 ( 41 weeks 8 hoursago)
ആരു ജയിച്ചാലും ആദ്യ സ്വര്‍ണം
(+)(-) Font Size

ലണ്ടന്‍: 24 വര്‍ഷത്തെ ഇടവേളക്ക് ശേഷം ഒളിമ്പിക്സ് ഫൈനലിലെത്തിയ മഞ്ഞപ്പടക്ക് ഇത്തവണ കാലിടറില്ലെന്ന് പ്രതീക്ഷിക്കാം. അഞ്ചു വട്ടം ലോക ചാമ്പ്യന്മാരായ ലാറ്റിനമേരിക്കന്‍ പടക്കുതിരകള്‍ക്ക് ആദ്യ ഒളിമ്പിക്സ് സ്വര്‍ണം എന്ന സ്വപ്നത്തിലേക്ക് ഒരു ജയം മാത്രം ദൂരം. വിഖ്യാതമായ വെംബ്ലി സ്റ്റേഡിയത്തിലെ പുല്‍മൈതാനിയില്‍ പുരുഷ വിഭാഗം ഫുട്ബാള്‍ ഫൈനലില്‍ ബ്രസീലും മെക്സികോയും തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ ആരും ജയിച്ചാലും അത് ചരിത്രമാകും. ആദ്യ ഒളിമ്പിക് സ്വര്‍ണം എന്ന മോഹത്തിലേക്കാണ് ഇരുനിരയും പന്ത് തട്ടാനിറങ്ങുന്നത്.
ലോകകപ്പിനു പുറമെ നിരവധി തവണ കോപ അമേരിക്ക, കോണ്‍ഫെഡറേഷന്‍സ് കപ്പ് ചാമ്പ്യന്മാരായ ബ്രസീലിന് ഒളിമ്പിക് സ്വര്‍ണം എന്ന മോഹം ഇതുവരെ സ്വന്തമാക്കാന്‍ സാധിച്ചിട്ടില്ല.
ബെയ്ജിങ്ങില്‍ വെങ്കലവുമായി മടങ്ങിയ ബ്രസീല്‍ അവസാനമായി ഒളിമ്പിക്സ് ഫൈനലിലെത്തുന്നത് 1988ലെ സോള്‍ ഒളിമ്പിക്സിലാണ്. റൊമാരിയോയുടെ നേതൃത്വത്തിലുള്ള മഞ്ഞപ്പട അന്ന് ഫൈനലില്‍ സോവിയറ്റ് യൂനിയനോട് തോല്‍ക്കുകയായിരുന്നു. നേരത്തെ 1984ല്‍ ലോസ് ആഞ്ചല്‍സിലും ബ്രസീല്‍ ഫൈനലില്‍ പ്രവേശിച്ചിരുന്നെങ്കിലും ഫൈനലില്‍ ഫ്രാന്‍സിനോട് കീഴടങ്ങി.
കൊറിയക്കെതിരെ കളിച്ച ടീമില്‍നിന്ന് വ്യത്യസ്തമായി ചില മാറ്റങ്ങളോടെയായിരിക്കും ഫൈനലില്‍ ബ്രസീല്‍ കളത്തിലിറങ്ങുക. കൊറിയക്കെതിരെ സെന്‍ട്രല്‍ മിഡ്ഫീല്‍ഡ് പൊസിഷനില്‍ കളിച്ച അലക്സ് സാന്‍ഡ്രോക്ക് പകരം ഹള്‍ക് കളിക്കും. നെയ്മറും ലണ്ടന്‍ ഒളിമ്പിക് ടോപ് സ്കോററായ ലിയാഡ്രോ ഡാമിയോയും മഞ്ഞപ്പടയുടെ ആക്രമണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കും. ലണ്ടനില്‍ കളിച്ച മത്സരങ്ങളിലെല്ലാം മൂന്ന് ഗോള്‍ വീതമടിച്ച ബ്രസീല്‍ തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് ഫൈനലില്‍ ഇറങ്ങുന്നത്.
ഒളിമ്പിക്സിലെ ആദ്യ മത്സരത്തില്‍ കൊറിയയോട് സമനില പാലിച്ച മെക്സികോ തുടര്‍ന്നുള്ള മത്സരങ്ങളിലെല്ലാം സ്ഥിരതയാര്‍ന്ന പ്രകടനം പുറത്തെടുത്ത് ഫൈനലിലേക്ക് മുന്നേറുകയായിരുന്നു. ബ്രസീലും മെക്സികോയും തമ്മില്‍ ഏറ്റുമുട്ടിയ കഴിഞ്ഞ എട്ടു മത്സരങ്ങളില്‍ ഇരു ടീമും നാല് വീതം മത്സരങ്ങള്‍ ജയിച്ച് ഒപ്പത്തിനൊപ്പമാണ്.
ബ്രസീലിന്റെ പ്രമുഖരായ പല താരങ്ങളും ഒളിമ്പിക് സ്വര്‍ണം നേടാന്‍ ആഗ്രഹിച്ച് പരാജയപ്പെട്ട കാര്യം നന്നായറിയാമെന്ന് ബ്രസീല്‍ മുന്നേറ്റ താരം നെയ്മര്‍ പ്രതികരിച്ചു.
സ്വര്‍ണം നേടുക കടുത്തതാണെന്നറിയാം. മത്സരം എളുപ്പമായിരുന്നെങ്കില്‍ പ്രമുഖ താരങ്ങള്‍ മുമ്പേ ഈ നേട്ടം സ്വന്തമാക്കേണ്ടതായിരുന്നുവെന്ന് നെയ്മര്‍ പറഞ്ഞു.

ഫൈനല്‍ കാണാന്‍ പെലെയും
ലണ്ടന്‍: ആദ്യ ഒളിമ്പിക് സ്വര്‍ണമെന്ന മോഹത്തിലേക്ക് പന്തുതട്ടാനിറങ്ങുന്ന സാംബാ സംഘത്തിന്റെ പദചലനങ്ങള്‍ക്ക് വേഗംകൂട്ടാന്‍ ബ്രസീല്‍ ഫുട്ബാള്‍ ഇതിഹാസം പെലെയും. ഫുട്ബാള്‍ രാജാക്കന്മാരായ ബ്രസീലിന്റെ ആദ്യ സ്വര്‍ണമെന്ന മോഹം പൂവണിയുന്നത് കാണാന്‍ പെലെയും വെംബ്ലി സ്റ്റേഡിയത്തിലുണ്ടാകും.
പണ്ടുകാലത്ത് പ്രഫഷനല്‍ താരങ്ങള്‍ക്ക് ഒളിമ്പിക് ഫുട്ബാളില്‍ കളിക്കാന്‍ പാടില്ലെന്ന നിയമമുണ്ടായിരുന്നു. അതിനാല്‍ താന്‍ കളിക്കുന്ന കാലത്ത് ബ്രസീലിന് ഒളിമ്പിക് മെഡല്‍ നേടാന്‍ സാധിച്ചില്ല. പ്രഫഷനല്‍ താരമായതുകൊണ്ട് ഒരു ഒളിമ്പിക്സ് പോലും തനിക്ക് കളിക്കാന്‍ സാധിച്ചില്ലെന്ന് പെലെ പറഞ്ഞു. 'ഇത്തവണ തീര്‍ച്ചയായും ബ്രസീല്‍ ഒളിമ്പിക്സ് മെഡല്‍ സ്വന്തമാക്കും. ഒളിമ്പിക് മെഡലുമായേ ഞാന്‍ ബ്രസീലിലേക്ക് തിരിക്കൂ. ബ്രസീല്‍ മികച്ച ടീമാണ്. അവര്‍ക്ക് തീര്‍ച്ചയായും വിജയം സ്വന്തമാക്കാന്‍ സാധിക്കും. നെയ്മര്‍ മികച്ച കളിക്കാരനാണ്. അദ്ദേഹത്തിന്റെ സാന്നിധ്യം ടീമിന് മുതല്‍ക്കൂട്ടാകും. വലിയ താരമാവുക എന്നത് ദൈവത്തിന്റെ അനുഗ്രഹമാണ്. വലിയ ആളുകളെ എപ്പോഴും ജനങ്ങള്‍ ആദരിക്കും -പെലെ പറഞ്ഞു.
എല്ലാ ബ്രസീലുകാര്‍ക്കും പെലെക്കും വേണ്ടി ചരിത്രം സൃഷ്ടിക്കലാണ് തങ്ങളുടെ ലക്ഷ്യമെന്ന് നെയ്മര്‍ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus