ന്യൂദല്‍ഹി: സി.ബി.എസ്.ഇ ബോര്‍ഡിന് സ്കൂളുകളുടെ മേല്‍ കൂടുതല്‍ അധികാരം നല്‍കി പുതിയ കേന്ദ്രനിയമം തയാറാവുന്നു. കേന്ദ്രമാനവ വിഭവ ശേഷി മന്ത്രാലയത്തിന്റെ പരിഗണനയിലുള്ള സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജുക്കേഷന്‍ (സി.ബി.എസ്.ഇ) ബില്‍-2012 ഈ മേഖലയില്‍ കാര്യമായ മാറ്റങ്ങള്‍ ലക്ഷ്യമിട്ടുള്ളതാണ്. നിലവില്‍ കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം അനുസരിച്ച് സൊസൈറ്റി ആയി പ്രവര്‍ത്തിക്കുന്ന സി.ബി. എസ്.ഇ ബോര്‍ഡിന് പുതിയ നിയമം വരുന്നതോടെ സ്റ്റാറ്റ്യൂട്ടറി പദവി ലഭിക്കും. ഇതോടെ തങ്ങള്‍ക്ക് കീഴിലുള്ള സ്കൂളുകളുടെ ചട്ടലംഘനങ്ങളില്‍ ഫലപ്രദമായി ഇടപെട്ട് നിയന്ത്രിക്കാന്‍ ബോര്‍ഡിന് സാധിക്കും. അതിനുള്ള വ്യവസ്ഥകളോടെയാണ് സി.ബി.എസ്.ഇ ബില്‍ 2012 തയാറാവുന്നത്.
സി.ബി.എസ്.ഇ സ്കൂള്‍ മാനേജ്മെന്റുകള്‍ നടത്തുന്ന ക്രമക്കേടുകളില്‍ പ്രധാനം അധ്യാപകര്‍ ഇരകളാകുന്ന തൊഴില്‍ ചൂഷണമാണ്. അധ്യാപകര്‍ക്കും മറ്റു സ്ഥിരം ജീവനക്കാര്‍ക്കും സര്‍ക്കാര്‍ സ്കെയിലിന് സമാനമായ ശമ്പളം നല്‍കണമെന്നാണ് വ്യവസ്ഥ. എന്നാല്‍, വന്‍തുക ഫീസ് ഈടാക്കുന്ന സ്കൂളുകള്‍ പോലും ഇത് പാലിക്കാറില്ല. പുതിയ നിയമത്തിലെ സെക്ഷന്‍ 32 പ്രകാരം കൃത്യമായ ശമ്പളം നല്‍കാത്ത സ്കൂളിന് 50,000 രൂപ മുതല്‍ 10 ലക്ഷം രൂപവരെ പിഴ ചുമത്താന്‍ സി.ബി.എസ്.ഇ ബോര്‍ഡിന് അധികാരമുണ്ടാകും. നിലവില്‍ സ്കൂള്‍ മാനേജ്മെന്റിന് പിഴ ചുമത്താന്‍ സി.ബി.എസ്.ഇ ബോര്‍ഡിന് അധികാരമില്ല. ചട്ടം ലംഘിക്കുന്ന സ്കൂളിനെതിരെ ശിക്ഷാനടപടി സ്വീകരിക്കേണ്ടിവന്നാല്‍ സ്കൂളിന്റെ അഫിലിയേഷന്‍ റദ്ദാക്കുക, അല്ലെങ്കില്‍ സ്കൂളിനെ തരംതാഴ്ത്തുക എന്നീ രണ്ടു മാര്‍ഗങ്ങളേയുള്ളൂ.
ഇവ രണ്ടും വിദ്യാര്‍ഥികളെയാണ് നേരിട്ട് ബാധിക്കുക. അഫിലിയേഷന്‍ റദ്ദാക്കിയാലും സ്കൂളിനെ തരംതാഴ്ത്തിയാലും പ്രസ്തുത സ്കൂളിലെ കുട്ടികളുടെ തുടര്‍ പഠനം പ്രതിസന്ധിയിലാകും. കുട്ടികളുടെ താല്‍പര്യം കണക്കിലെടുക്കേണ്ടി വരുമ്പോള്‍ രണ്ടു ശിക്ഷാ നടപടിയും പ്രയോഗവത്കരിക്കാന്‍ ബോര്‍ഡിന് സാധിക്കാറില്ല. സി.ബി.എസ്.ഇ ബോര്‍ഡിന് പല്ലും നഖവുമില്ലാത്ത ഈ സാഹചര്യമാണ് സി.ബി.എസ്.ഇ മേഖലയിലെ പ്രശ്നങ്ങളുടെ പ്രധാന കാരണമായി വിദ്യാഭ്യാസ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഈ പരാതി പരിഗണിച്ചാണ് കേന്ദ്രമാനവശേഷി വകുപ്പ് പുതിയ നിയമം തയാറാക്കിയത്.
പരീക്ഷകളിലെ ക്രമക്കേട്, അന്യായ ഫീസ് എന്നിവക്ക് പുറമെ, സ്കൂള്‍ മാനേജ്മെന്റിനെതിരായി വിദ്യാര്‍ഥികളോ രക്ഷിതാക്കളോ നല്‍കുന്ന പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടാല്‍ മാനേജ്മെന്റിന് പിഴ ചുമത്താനുള്ള അധികാരവും പുതിയ നിയമത്തിലൂടെ സി.ബി.എസ്.ഇ ബോര്‍ഡിന് ലഭിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍