Fri, 08/10/2012 - 20:00 ( 41 weeks 1 hourago)
ഇരട്ട ബോള്‍ട്ട്
(+)(-) Font Size
ഇരട്ട ബോള്‍ട്ട്

ലണ്ടന്‍: ജെസി ഓവന്‍സ്, കാള്‍ ലൂയിസ്, മൈക്കന്‍ ജോണ്‍സണ്‍... ഒളിമ്പിക്സ് ചരിത്രത്തിലെ മഹാരഥന്മാരുടെ നിരയിലേക്ക് ജമൈക്കയിലെ കിങ്സ്റ്റണില്‍നിന്നുള്ള ഉസൈന്‍ ബോള്‍ട്ടെന്ന 25കാരനും. ലണ്ടന്‍ ഒളിമ്പിക്സില്‍ നൂറു മീറ്ററില്‍ പുതിയ റെക്കോഡ് സ്ഥാപിച്ച ഏറ്റവും വേഗമേറിയ ഓട്ടക്കാരനായി മാറിയ ഉസൈന്‍ ബോള്‍ട്ട് ട്രാക്കില്‍ വീണ്ടും ചരിത്രനേട്ടത്തോടെ മിന്നല്‍പ്പിണറായി. 200 മീറ്ററിലെ തീപ്പാറും പോരാട്ടത്തിനൊടുവില്‍ സ്വര്‍ണമണിഞ്ഞാണ് ബോള്‍ട്ട് ലണ്ടന്‍ 2012ല്‍ സ്പ്രിന്‍റ് ഡബ്ള്‍ തികച്ചത്്. 2008ലെ ബെയ്ജിങ് ഒളിമ്പിക്സിലെ സ്പ്രിന്‍റ് ഡബ്ള്‍ നേട്ടത്തിനു പിന്നാലെ ലണ്ടനിലും ഇത് ആവര്‍ത്തിച്ചതോടെ രണ്ടുതവണ സ്പ്രിന്‍റ് ഡബ്ള്‍നേടുന്ന ആദ്യ അത്ലറ്റെന്ന വിശേഷണത്തിനുടമയായി. ജമൈക്കന്‍ താരങ്ങള്‍ ട്രാക്ക് അടക്കി വാണ പോരാട്ടത്തില്‍ ആദ്യ മൂന്ന് സ്ഥാനവും കരീബിയന്‍ അത്ലറ്റുകള്‍ സ്വന്തമാക്കി. ഫൈനലിലെ എട്ടില്‍ മൂന്നു ജമൈക്കന്‍ താരങ്ങള്‍ മത്സരിച്ചപ്പോള്‍ 19.32 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് ഉസൈന്‍ ബോള്‍ട്ട് ലണ്ടനിലെ രണ്ടാം സ്വര്‍ണം സ്വന്തമാക്കിയത്. ശക്തമായ വെല്ലുവിളിയുമായി പിന്തുടര്‍ന്ന നാട്ടുകാരനും പരിശീലന കൂട്ടാളിയുമായ യൊഹാന്‍ ബ്ളെയ്ക് 19.44 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് വീണ്ടുമൊരിക്കല്‍ ബോള്‍ട്ടിനു പിന്നില്‍ രണ്ടാമതെത്തി. 19.84 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത മറ്റൊരു ജമൈക്കക്കാരന്‍ വാറന്‍ വീറാണ് ട്രാക്കിലെ പുതു കൊടുങ്കാറ്റായി അവതരിച്ചത്. അമേരിക്കന്‍ ചാമ്പ്യന്‍ വാലസ് സ്പിയര്‍ മാന് 19.90 സെക്കന്‍ഡില്‍ നാലാമതെത്താനേ കഴിഞ്ഞുള്ളൂ. ട്രാക്കിലെ വിസ്മയം കാള്‍ലൂയിസിനു പോലും തൊടാനാവാത്ത നേട്ടത്തിലേക്കാണ് ബോള്‍ട്ട് ലണ്ടനില്‍ നങ്കൂരമിട്ടത്. 1984 ലോസ്അഞ്ജലസ് ഒളിമ്പിക്സില്‍ സ്പ്രിന്‍റ് ഡബ്ള്‍ നേടിയ കാള്‍ ലൂയിസിന് 1988 സോള്‍ ഒളിമ്പിക്സില്‍ ഈനേട്ടം ആവര്‍ത്തിക്കാന്‍ കഴിഞ്ഞില്ല. ഫിന്‍ലന്‍ഡിന്‍െറ ലാസ് വെറോണിനു ശേഷം രണ്ട് ട്രാക്ക് ഇനങ്ങളില്‍ തുടര്‍ച്ചായി സ്വര്‍ണം നിലനിര്‍ത്തുന്ന താരമെന്ന പദവിയും ബോള്‍ട്ട് സ്വന്തമാക്കി. 1972 മ്യൂണിക്, 1976 മോന്‍റിയോള്‍ ഒളിമ്പിക്സുകളില്‍ 5000, 10,000 മീറ്ററുകളിലായിരുന്നു ലാസ് വെറോണ്‍ ഇരട്ട സ്വര്‍ണ നേട്ടം കൈവരിച്ചത്.
ഒളിമ്പിക്സില്‍ സ്പ്രിന്‍റ് ഡബ്ള്‍ നേടുന്ന എട്ടാമത്തെ അത്ലറ്റാണ് ഉസൈന്‍ ബോള്‍ട്ട്. ആര്‍ചി ഹാന്‍ (1904), റാല്‍ഫ് ക്രെയ്ഗ് (1912), പ്രെസി വില്യംസ് (1928), എഡി ടൊലന്‍ (1932), ജെസി ഓവന്‍സ് (1936), ബോബി മോറോ (1956), വലെറി ബോര്‍സോ (1972), കാള്‍ ലൂയിസ് (1984) എന്നിവര്‍ മാത്രമേ ബോള്‍ട്ടിനു മുമ്പ് സ്പ്രിന്‍റ് ഡബ്ള്‍ നേട്ടംകൊയ്തിട്ടുള്ളൂ. കാള്‍ലൂയിസും ഹാനും 100 മീറ്ററില്‍ രണ്ട് ഒളിമ്പിക്സുകളില്‍ ചാമ്പ്യന്മാരായി. ഇവരുടെയെല്ലാം നേട്ടം തകര്‍ക്കുന്നതായി രണ്ട് ഒളിമ്പിക്സുകളിലെ സ്പ്രിന്‍റ് ഡബ്ള്‍ പട്ടവുമായി ഉസൈന്‍ ബോള്‍ട്ടിന്‍െറ പ്രകടനം.
ബെയ്ജിങ്ങില്‍ മൈക്കന്‍ ജോണ്‍സന്‍െറ റെക്കോഡ് തകര്‍ത്ത് (19.30) സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത ബോള്‍ട്ടിന് ലണ്ടനില്‍ ജോണ്‍സന്‍െറ സമയത്തിനൊപ്പമെത്താനേ കഴിഞ്ഞുള്ളൂ. എങ്കിലും സീസണിലെ ഏറ്റവും മികച്ച സമയമായി ഇത്. 19.19 സെക്കന്‍ഡുമായി ഈ ഇനത്തിലെ ലോകറെക്കോഡും ബോള്‍ട്ടിന്‍െറതന്നെ പേരിലാണ്.

ഞാനൊരു ഇതിഹാസം

ലണ്ടന്‍: ‘ഏറെക്കാലമായി മോഹിച്ചത് ഞാന്‍ സ്വന്തമാക്കിയിരിക്കുന്നു. ഇതോടെ ഞാന്‍ ഇതിഹാസമായി. ഇനി എനിക്ക് ആസ്വദിക്കണം’ -ലോകം കണ്ണുമിഴിച്ച നിമിഷത്തില്‍ ലണ്ടന്‍ ഒളിമ്പിക്സില്‍ ഇതിഹാസ തുല്യപ്രകടനം കാഴ്ചവെച്ച ശേഷം ഉസൈന്‍ ബോള്‍ട്ട് സ്വയം പ്രഖ്യാപിച്ചു. ‘ഞാന്‍ ജീവിച്ചിരിക്കുന്ന ഇതിഹാസം...’
നൂറ്റാണ്ടിന്‍െറ പെരുമയുള്ള ഒളിമ്പിക്സ് ചരിത്രത്തിലെ സുന്ദര മുഹൂര്‍ത്തത്തില്‍ തങ്കത്തിളക്കമുള്ളതായി ജമൈക്കന്‍ കൊടുങ്കാറ്റ് ഉസൈന്‍ ബോള്‍ട്ടിന്‍െറ ഉറച്ച ശബ്ദം. നൂറു മീറ്ററിനു പിന്നാലെ 200 മീറ്ററിലും സ്വര്‍ണമണിഞ്ഞ് തുടര്‍ച്ചയായി രണ്ടാം ഒളിമ്പിക്സിലും സ്പ്രിന്‍റ് ഡബ്ള്‍ തികച്ച ശേഷമായിരുന്നു ബോള്‍ട്ടിന്‍െറ പ്രഖ്യാപനം. ഇനിയൊന്നും തെളിയിക്കാനില്ല. ലോകത്തിനു മുമ്പാകെ ഏറ്റവും മികച്ച പ്രകടനം നടത്തിക്കഴിഞ്ഞു. ഇനി നേട്ടങ്ങള്‍ ആഘോഷമാക്കണം. പ്രതീക്ഷിച്ചതിലും കടുത്തതായിരുന്നു 200 മീറ്ററിലെ മത്സരം. ഒപ്പം മത്സരിച്ചവരില്‍നിന്ന് കാര്യമായ വെല്ലുവിളിയുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഓട്ടത്തിനിടയില്‍ അവരെയും ശ്രദ്ധിച്ചു’ -മത്സരത്തിനിടയില്‍ തലയും കണ്ണും വെട്ടിച്ച് ഓടിയതിനെക്കുറിച്ച് ബോള്‍ട്ടിന്‍െറ പ്രതികരണം.

കാള്‍ ലൂയിസിനോട് ആദരവില്ല

അത്ലറ്റിക് ഇതിഹാസം അമേരിക്കയുടെ കാള്‍ ലൂയിസിനോടുള്ള മുഴുവന്‍ ബഹുമാനവും നഷ്ടമായെന്ന് ബോള്‍ട്ട്. ജമൈക്കന്‍ താരങ്ങളുടെ ഉത്തേജക പരിശോധനയില്‍ സംശയം രേഖപ്പെടുത്തിയ ലൂയിസിന്‍െറ പരാമര്‍ശത്തോട് പ്രതികരിക്കവെയാണ് ബോള്‍ട്ട് ശക്തമായി ആഞ്ഞടിച്ചത്. ‘വിവാദമായേക്കാവുന്ന ഒരു കാര്യം പറയാം. കാള്‍ ലൂയിസിനോട് എനിക്കുതീരെ ആദരവില്ല. മറ്റൊന്നും പറയാനില്ലാത്തതുകൊണ്ട് ശ്രദ്ധനേടിയെടുക്കാനുള്ള ശ്രമമാണ് ലൂയിസിന്‍േറത്. മറ്റ് അത്ലറ്റുകളെ താറടിപ്പിക്കുന്ന വിധത്തിലുള്ളതാണ് അദ്ദേഹത്തിന്‍െറ പരാമര്‍ശങ്ങള്‍. സ്പ്രിന്‍റില്‍ ജമൈക്കയുടെ നേട്ടങ്ങള്‍ കഠിനാധ്വാനത്തിന്‍െറ ഫലമാണ്. ഏറെ ഞെട്ടിപ്പിക്കുന്നതായി കാള്‍ലൂയിസിനെ പോലുള്ള അത്ലറ്റുകളുടെ പ്രസ്താവനകള്‍. അദ്ദേഹത്തിലുള്ള എല്ലാ ബഹുമാനവും നഷ്ടമായി. ജെസി ഓവന്‍സിന് ഞാന്‍ ഏറെ ആദരവ് നല്‍കുന്നു. അദ്ദേഹം മഹാനാണ്. രാജ്യത്തിനു വേണ്ടി ഏറെ നന്മകള്‍ ചെയ്ത അദ്ദേഹം അത്ലറ്റുകള്‍ക്കും പ്രചോദനമായിരുന്നു’-ബോള്‍ട്ട് പറഞ്ഞു. 2008ല്‍ ഒരു അഭിമുഖത്തിനിടയിലായിരുന്നു കാള്‍ ലൂയിസ് ജമൈക്കന്‍ അത്ലറ്റുകളുടെ ശേഷിയില്‍ ഉത്തേജക സംശയം പ്രകടിപ്പിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus