ഒമാനില്‍ താപനില കുറഞ്ഞു; വീണ്ടും ചൂട് കൂടുമെന്ന് വിദഗ്ധര്‍

മസ്കത്ത്: ഒമാനില്‍ കഴിഞ്ഞ ദിവസങ്ങളില്‍ താപനില ഗണ്യമായി കുറഞ്ഞു. എന്നാല്‍ രണ്ട് ദിവസത്തിന് ശേഷം താപനില വീണ്ടും ഉയരാന്‍ സാധ്യതയുണ്ടെന്ന് ഒമാന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ താപനിലയില്‍ ആറ് മുതല്‍ ഏഴ് ശതമാനം വരെ കുറവുണ്ടായത് റമദാന്‍ വ്രതമനുഷ്ഠിക്കുന്നവര്‍ക്ക് അനുഗ്രഹഹമായി. താപനില കഴിഞ്ഞ ദിവസങ്ങളില്‍ 38 ഡിഗ്രി സെല്‍ഷ്യസായി കുറഞ്ഞിരുന്നു. തിങ്കളാഴ്ച ഉച്ചക്ക് ശേഷം താപനില 31 ഡിഗ്രി സെല്‍ഷ്യസായി കുറഞ്ഞു. എന്നാല്‍ രണ്ട് ദിസത്തിനുള്ളില്‍ ചൂട് കൂടുമെന്ന് ഒമാന്‍ കലാവസ്ഥാ നീരീക്ഷണ കേന്ദ്രത്തിലെ സഈദ് ഉമൈര്‍ അറിയിച്ചു. അല്‍ ഹജര്‍ പര്‍വ്വത നിരകള്‍ ഒഴികെ മറ്റ് ഭാഗങ്ങളില്‍ മഴക്കുള്ള സാധ്യതയും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം തള്ളിക്കളഞ്ഞു. തീരപ്രദേശങ്ങളില്‍ തണുത്ത കാറ്റും സുഖകരമായ കാലാവസ്ഥയും അനുഭവപ്പെടും.
ഒമാനില്‍ കാലാവസ്ഥാ വ്യതിയാനവും കൊടുങ്കാറ്റും വരാന്‍ സാധ്യതയുണ്ടെന്ന് ചില സോഷ്യല്‍ വെബ് സൈറ്റുകളില്‍ വന്ന വാര്‍ത്തകള്‍ കലാവസ്ഥാ നിരീക്ഷണ കേന്ദ്രം നേരത്തെ തള്ളിക്കളഞ്ഞിരുന്നു. ഇത്തരം വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും ഇവ മുഖവിലക്കെടുക്കരുതെന്നും അധികൃതര്‍ പറഞ്ഞു.
പരിഭ്രാന്തരായ നിരവധി പേര്‍ മന്ത്രാലയത്തിലേക്ക് നിരന്തരം വിളിക്കാന്‍ തുടങ്ങിയതോടെയാണ് അധികൃതര്‍ പ്രസ്താവനയുമായി രംഗത്ത് വന്നത്. എന്നാല്‍ സലാലയില്‍ കാര്‍മേഘം മൂടിയ അന്തരീക്ഷവും നേരിയ മഴയും പ്രതീക്ഷിക്കുന്നതായും അധികൃതര്‍ അറിയിച്ചിരുന്നു.
റമദാനിലെ കൊടും ചൂടും നോമ്പെടുക്കല്‍ സമയത്തിന്‍െറ ദൈര്‍ഘ്യവും നോമ്പെടുക്കുന്നവര്‍ക്ക് ക്ഷീണം വര്‍ധിപ്പിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ അനുഭവപ്പെട്ട സുഖകരമായ കാലാവസ്ഥ ക്ഷീണം കുറക്കാനും പ്രയാസമില്ലാതെ നോമ്പെടുക്കാനും സഹായകമായി. റമദാന്‍ അവസാനിക്കുന്നത് വരെയെങ്കിലും ഈ കാലാവസ്ഥ തുടരണമെന്ന പ്രാര്‍ഥനയിലാണ് വിശ്വാസികള്‍.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus