12:30:26
26 May 2013
Sunday
Facebook
Twitter
Rssfeed

ആരും കൊല്ലുകയല്ല; സ്വയം തോല്‍പിക്കുകയാണ്

ആരും കൊല്ലുകയല്ല; സ്വയം തോല്‍പിക്കുകയാണ്

2003 ജനുവരി മുതല്‍ 2012 ജൂലൈ വരെയുള്ള കാലയളവില്‍ ആത്മഹത്യ ചെയ്ത ഇന്ത്യന്‍ സൈനികരുടെ എണ്ണം 1,018. 2012 പിറന്നതിന് ശേഷം ഇന്നുവരെ 62 സൈനികര്‍ സ്വയം മരണത്തിന്റെ വഴി തെരഞ്ഞെടുത്തു. 2006ലാണ് ആത്മാഹുതി ചെയ്ത സൈനികരുടെ എണ്ണം റെക്കോഡിട്ടത്-129. ഇന്നലെ പ്രതിരോധ മന്ത്രി എ.കെ. ആന്റണി രാജ്യസഭയില്‍ അവതരിപ്പിച്ചതാണ് ഈ കണക്കുകള്‍. ശത്രുരാജ്യമോ തീവ്രവാദികളോ നമ്മുടെ ജവാന്മാരെ കൊന്നു തീര്‍ക്കുകയല്ല, അവര്‍ സ്വയം കൊന്നുതീരുകയാണെന്നര്‍ഥം.
സൈനിക ആത്മഹത്യ ഇന്ത്യയിലെ മാത്രം പ്രവണതയല്ല. അമേരിക്കയും ഇസ്രായേലുമാണ് ഇതില്‍ ലോകത്ത് മുന്‍നിരയില്‍ നില്‍ക്കുന്നത്. ജൂലൈയില്‍ പെന്റഗണ്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം പ്രതിദിനം ഒരാളെന്ന കണക്കില്‍ അമേരിക്കന്‍ സേനക്കകത്ത് ആത്മഹത്യ നടക്കുന്നുണ്ട്. ഈ വര്‍ഷത്തെ ആദ്യ 155 ദിനങ്ങളില്‍ 154 ആത്മഹത്യകള്‍ നടന്നു. അഫ്ഗാനിസ്താനില്‍ അമേരിക്കന്‍ അധിനിവേശത്തിനിടെ കൊല്ലപ്പെട്ട സൈനികരുടെ 50 ശതമാനം വരും അധിനിവേശം തുടങ്ങിയത് മുതല്‍ ആത്മഹത്യ ചെയ്ത സൈനികരുടെ എണ്ണം! സൈനികാത്മഹത്യയില്‍ അമേരിക്കയോടും ഇസ്രായേലിനോടും ഗംഭീരമായി മത്സരിക്കുകയാണ് ഇന്ത്യ എന്നാണ് എ.കെ. ആന്റണി മേശപ്പുറത്ത് വെച്ച കണക്കുകള്‍ കാണിക്കുന്നത്.
സൈനിക ആത്മഹത്യകളെക്കുറിച്ച കണക്കുകള്‍ മുമ്പും പലതവണ പാര്‍ലമെന്റില്‍ വരുകയും പൊതുചര്‍ച്ചക്ക് വിധേയമാവുകയും ചെയ്തിട്ടുണ്ട്. അപ്പോഴെല്ലാം, രാജ്യസ്നേഹത്താല്‍ വിജംഭൃതിരായി നമ്മളെല്ലാം ഞെട്ടല്‍ രേഖപ്പെടുത്തും. മനോരോഗ, പ്രതിരോധ വിദഗ്ധര്‍ മറുമരുന്നുകള്‍ നിര്‍ദേശിച്ച് രംഗത്ത് വരുകയും ചെയ്യും. എന്നിട്ടും സൈനികാത്മഹത്യയുടെ ഗ്രാഫ് മേലോട്ട് തന്നെയാണ് പോകുന്നത്. ആത്മഹത്യകളെക്കുറിച്ച് പഠിക്കാനും പരിഹാര മാര്‍ഗങ്ങള്‍ കണ്ടെത്താനും ഡിഫന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സൈകോളജിക്കല്‍ റിസര്‍ച്ച് (ഡി.ഐ.പി.ആര്‍) ശ്രമിക്കുന്നുണ്ടെന്നാണ് ആന്റണി പറയുന്നത്. കുടുംബ-വൈവാഹിക പ്രശ്നങ്ങള്‍, ജോലി സമ്മര്‍ദം, സാമ്പത്തിക പ്രയാസങ്ങള്‍ എന്നിവയാണ് ആത്മഹത്യയുടെ കാരണങ്ങളായി ഡി.ഐ.പി.ആര്‍ കണ്ടെത്തുന്നത്. ഇവ പരിഹരിക്കാന്‍ സൈനികര്‍ക്ക് വിനോദ യാത്രകള്‍, കുടുംബവുമായി കൂടിച്ചേരാനുള്ള അവസരങ്ങള്‍ വര്‍ധിപ്പിക്കല്‍ തുടങ്ങിയ രക്ഷാ പാക്കേജുകള്‍ മുമ്പ് ഡി.ഐ.പി.ആര്‍ മുന്നോട്ടുവെച്ചിരുന്നു. സേനയില്‍ സൈക്യാട്രിസ്റ്റുകളുടെ എണ്ണം ഇരട്ടിയാക്കാന്‍ തീരുമാനമെടുത്തത് 2006ലാണ്.
പക്ഷേ, ഈ വക ചെപ്പടിവിദ്യകളൊന്നും സൈന്യത്തിന്റെ മനോബലം വര്‍ധിപ്പിക്കാന്‍ ഉപകരിച്ചില്ല. ആത്മഹത്യകള്‍ കൂടിക്കൊണ്ടേയിരുന്നു. ആത്മഹത്യ ചെയ്തവരുടെ കണക്കുകള്‍ മാത്രമേ നമ്മുടെ മുന്നിലുള്ളൂ. ആത്മഹത്യക്ക് ശ്രമിച്ച് പരാജയപ്പെട്ടവര്‍, സൈനികര്‍ നടത്തിയ സൗഹൃദക്കൊലകള്‍, മനോരോഗത്തിന് അടിപ്പെട്ടവര്‍, റിട്ടയര്‍മെന്റിന് ശേഷം ആത്മഹത്യ ചെയ്തവര്‍ തുടങ്ങിയ കണക്കുകള്‍ ഇനിയും പുറത്തു വന്നിട്ടുവേണം; അവകൂടി മുന്നില്‍ വെച്ചാല്‍ ആന്തരികമായി എന്തുമാത്രം ദുര്‍ബലമാണ് നമ്മുടെ സൈനിക ദളങ്ങളെന്ന് ശരിക്കും വ്യക്തമാവും.
സൈനികാത്മഹത്യകളെ കേവലം മനശ്ശാസ്ത്ര പ്രശ്നങ്ങളായി കണ്ട് അത് പരിഹരിക്കേണ്ട ചുമതല സൈക്യാട്രി ബിരുദം നേടിയവരെ ഏല്‍പിക്കുന്നിടത്ത് തന്നെയാണ് അടിസ്ഥാന പ്രശ്നം. രാഷ്ട്രീയ-സൈനിക നേതൃത്വങ്ങളുടെ തെറ്റായതും ക്രൂരവുമായ നയങ്ങള്‍ പ്രയോഗത്തില്‍ വരുത്താനുള്ള ഭാഗ്യദോഷം സിദ്ധിച്ചവരാണ് സാധാരണ സൈനികര്‍. അവര്‍ ചെയ്തു കൂട്ടുന്ന ക്രൂരതകള്‍ സൃഷ്ടിക്കുന്ന മാനസിക സമ്മര്‍ദങ്ങളാണ് നല്ലൊരു വിഭാഗത്തെയും ആത്മഹത്യയിലേക്ക് നയിക്കുന്നത്. കശ്മീരിലും നക്സല്‍ ബാധിത പ്രദേശങ്ങളിലും ജോലി ചെയ്യുന്നവരാണ് ആത്മഹത്യ ചെയ്യുന്ന സൈനികരില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത്. റിട്ടയര്‍ ചെയ്ത ശേഷം ആത്മഹത്യ ചെയ്യുന്നവരാകട്ടെ, സര്‍വീസ് കാലയളവില്‍ ഇത്തരം വീരകൃത്യങ്ങളില്‍ ഏര്‍പ്പെട്ടവരായിരിക്കും. ജൂലൈയില്‍ പുറത്തുവന്ന ആത്മഹത്യകളുടെ പെന്റഗണ്‍ കണക്കുകളെ മുന്‍നിര്‍ത്തി അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് സൂയിസൈഡോളജി പുറത്തിറക്കിയ പഠനങ്ങളില്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. ആത്മഹത്യക്ക് ശ്രമിച്ച് പരാജയപ്പെട്ട 72 സൈനികരെ കൗണ്‍സലിങ്ങിന് വിധേയമാക്കിയ ശേഷം അവര്‍ എത്തിച്ചേര്‍ന്ന നിഗമനങ്ങളില്‍ പ്രധാനപ്പെട്ട ഒരു കാര്യമിതാണ്: അധിനിവേശത്തിന്റെ മനുഷ്യത്വവിരുദ്ധ മുഖം നല്‍കുന്ന മാനസിക സമ്മര്‍ദങ്ങളാണ് നല്ലൊരു ശതമാനത്തെയും സ്വയം ഹത്യയിലേക്ക് നയിക്കുന്നത്. സര്‍വീസ് കാലത്ത് രാഷ്ട്രീയ നേതൃത്വത്തിന്റെയും മാധ്യമങ്ങളുടെയും വീരപദവി നേടാന്‍ വേണ്ടി ഗംഭീരമായ 'തീവ്രവാദ വേട്ട' നടത്തി നിരപരാധികളുടെ എല്ല് വെള്ളമാക്കിയ പോലീസ് ഉദ്യോഗസ്ഥരുടെ പില്‍ക്കാല ജീവിതം പരിശോധിച്ചാല്‍ ഇത്തരം ദുരന്ത കഥകള്‍ നമുക്ക് കണ്ടെത്താന്‍ കഴിയും.
നമ്മള്‍ ശത്രുവിനെയല്ല, നമ്മെത്തന്നെ ഭയക്കേണ്ടി വരുന്നുവെന്നാണ് ഈ കണക്കുകള്‍ കാണിക്കുന്നത്. മാനസികമായി ദുര്‍ബലമായ, ആത്മഹത്യാ പ്രവണത കാണിക്കുന്ന, സമ്മര്‍ദത്തില്‍ പെട്ടുഴലുന്ന ഒരു സൈനികനിരയെ വിശ്വസിച്ച് എത്രകാലം നമുക്ക് രാജ്യത്തെ കാക്കാന്‍ കഴിയും? ജനങ്ങളെ കൊന്നുതീര്‍ക്കാനുള്ളതല്ല, ജനങ്ങളെ സംരക്ഷിക്കാനുള്ളതാണ് സൈന്യം എന്ന വിചാരം ഉള്‍ക്കൊള്ളുകയാണ് ആദ്യം വേണ്ടത്. ആ വിചാരത്തിന് അനുസൃതമായി അതിന്റെ പ്രവര്‍ത്തനങ്ങള്‍ ചിട്ടപ്പെടുത്തണം. ക്രൂരന്മാരും സ്വന്തത്തോട് തന്നെ പുച്ഛമുള്ളവരുമായ ചെറുപ്പക്കാരുടെ ഒരു നിരയെ സൃഷ്ടിക്കുകയാണ് നാം ചെയ്യുന്നത്. അതിന് സൈനികസേവനം, പ്രതിരോധം എന്നൊക്കെ പേര്‍ വിളിച്ച് നാം സ്വയം പരിഹാസ്യരാകുന്നുവെന്ന് മാത്രം.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com