12:30:26
23 May 2013
Thursday
Facebook
Twitter
Rssfeed

ഇരിക്കൂറില്‍ നൂറോളം വീടുകളും കടകളും വെള്ളത്തിനടിയില്‍

ഇരിക്കൂര്‍: പഴശ്ശി ഡാം നിറഞ്ഞ് ഇരിക്കൂര്‍ പുഴ കരകവിഞ്ഞൊഴുകി നൂറോളം വീടുകളും 50 ലധികം കടകളും നിരവധി റോഡുകളും സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളും വെള്ളത്തിനടിയിലായി. ഫലവൃക്ഷങ്ങളടക്കമുള്ള വിവിധ കൃഷികളും നശിക്കുകയും വെള്ളത്തിനടിയിലാവുകയും ചെയ്തു. കോടികളുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു. നിടുവള്ളൂര്‍, ആയിപ്പുഴ, അഡുവാപ്പുറം, ചേടിച്ചേരി, മണ്ണൂര്‍, പട്ടുവം പ്രദേശങ്ങള്‍ ഒറ്റപ്പെട്ടു. പഴശ്ശി പദ്ധതിയുടെ ഇരുകരകളിലുള്ള പ്രദേശങ്ങളില്‍ പ്രളയജലം കനത്ത നാശം വിതച്ചു. നിരവധികുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.
നിടുവള്ളൂര്‍ പുഴക്കര റോഡ് നിറഞ്ഞുകവിഞ്ഞപ്പോള്‍ പ്രദേശമാകെ ജലപ്രളയമായി. നാക്കരപ്പട്ടി അബു, നടുക്കണ്ടി ഖദീജ, വി. അലിയാര്‍, സി.വി.കെ. മൂസാന്‍, വി.വി. അബ്ദുറഹിമാന്‍, ഒമ്പാന്‍ മൂസാന്‍, അനസ് എന്നിവരുടെ വീടുകള്‍ വെള്ളത്തിലായി. മിസ്ബാഹുല്‍ ഹുദ മദ്റസ ജുമാമസ്ജിദ്, അഞ്ച് കടകള്‍, തോട്ടങ്ങള്‍ എന്നിവ വെള്ളത്തിലാണുള്ളത്.
എ.എം.ഐ യു.പി സ്കൂളിനു സമീപത്തെ ഇസ്ലാഹി ക്വാര്‍ട്ടേഴ്സിലെ ആര്‍.പി. അബ്ദുറസാഖ്, മോറമ്മല്‍ അസൈനാര്‍, യു.പി. മുഹമ്മദ്, നൗഷാദ്, സി. ദേവസ്യ, ആദംകുട്ടി എന്നിവരുടെ വീടുകളും കുന്നത്ത് അശ്റഫിന്‍െറ വീടും പരിസരത്തെ ക്വാര്‍ട്ടേഴ്സുകളിലെ അഞ്ച് കുടുംബങ്ങള്‍ വീടുകളില്‍ വെള്ളം കയറിയതിനാല്‍ പരിസരത്തെ ബന്ധുവീടുകളിലേക്ക് മാറിത്താമസിച്ചു. ടി.പി. ആയിഷയുടെ വീടും വെള്ളത്തിലായി. അന്യസംസ്ഥാന തൊഴിലാളികളും ഇവരില്‍പെടും. പരിസരത്തെ 25ഓളം വീട്ടുകാര്‍ ഒറ്റപ്പെട്ടു. ഡയനാമോസ് ഗ്രൗണ്ട് വെള്ളം നിറഞ്ഞു. ഇരിക്കൂര്‍ ഗ്രാമപഞ്ചായത്ത് ഓഫിസ് കെട്ടിടവും വെള്ളത്താല്‍ ചുറ്റപ്പെട്ടു.
കോളോട് ജവഹര്‍ നഗറില്‍ കെ.ആര്‍.എം. മുസ്തഫ മാസ്റ്ററുടെ വീട്ടിലും വെള്ളം കയറി. സമീപത്തെ 10 വീടുകളിലും വെള്ളം മുറ്റം നിറഞ്ഞ് കവിഞ്ഞിരുന്നു. നിലാമുറ്റത്തെ പി.എം. സുല്‍ഫത്തിന്‍െറ വീടും വെള്ളത്തിലായി.
പടിയൂര്‍ പഞ്ചായത്തില്‍ 35 വീടുകള്‍ വെള്ളത്തിലായി. രണ്ട് വീടുകള്‍ വീതം നശിച്ചു. പടിയൂര്‍ ജങ്ഷനിലെ പാറയില്‍ സാവിത്രി, ആര്യങ്കോട്ടെ മാത്യു എന്നിവരുടെ വീടുകളാണ് തകര്‍ന്നത്. പടിയൂര്‍ ജങ്ഷനിലെ ജോയന്‍െറ ഷോപ്പിങ് കോംപ്ളക്സില്‍ പ്രവര്‍ത്തിക്കുന്ന മാവേലി സ്റ്റോര്‍ വെള്ളത്തില്‍ മുങ്ങി ലക്ഷങ്ങളുടെ ഭക്ഷ്യവസ്തുക്കളാണ് നശിച്ചത്. ഇതേ കെട്ടിടത്തിലെ തുന്നല്‍കട, ചിക്കന്‍ സ്റ്റാള്‍, ബേക്കറി തുടങ്ങിയ ആറ് കടകളിലും വെള്ളം കയറി. കൂടാതെ പരിസരങ്ങളിലെ 12 കടകളിലും വെള്ളം കയറി.
അണക്കെട്ടിന് താഴെ ശക്തിയേറിയ കുത്തൊഴുക്കില്‍ കര ഇടിഞ്ഞതിനാല്‍ കുയിലൂരിലെ കെ.വി. മുകുന്ദന്‍, രത്നാകരന്‍, വേലായുധന്‍ എന്നിവരുടെ വീടുകള്‍ തകര്‍ച്ചാഭീഷണിയിലായി.
പടിയൂര്‍ പൂവ്വത്തിലെ ചാലാടന്‍ ബാലന്‍, എ. ശംസുദ്ദീന്‍, മോഹനന്‍, ശ്രീജിത്ത്, നാരായണന്‍ എന്നിവരുടെ വീടുകളും വെള്ളത്തിലായി. പെരുമ്പറമ്പിലെ 18 വീടുകളും കല്ലുവയലിലെ 10 വീടുകളും വെള്ളത്തിലായി. പടിയൂര്‍, പുവ്വം, ചടച്ചിക്കുണ്ടം, കല്ലുവയല്‍, നിടിയോടി, തന്തോട് മേഖലകളില്‍ 1000ത്തിലധികം വാഴകള്‍, 10 ഏക്കര്‍ സ്ഥലത്തെ കപ്പ, പച്ചക്കറികള്‍, ചേന, ചേമ്പ് എന്നിവയും 50 ഹെക്ടര്‍ സ്ഥലത്തെ നെല്‍കൃഷിയും നശിക്കുകയും വെള്ളത്തില്‍ മുങ്ങുകയും ചെയ്തു.
തന്തോട്, നിടിയോടി, പടിയൂര്‍ ജങ്ഷന്‍, പുലിക്കാട് എന്നിവിടങ്ങളിലും ഏതാനും വീടുകള്‍ വെള്ളത്തിലാണ്. പെടയങ്ങോട് നഫീസ, വണ്ടിത്താവളത്തെ ടി.പി.ആയിഷയുടെയും വീട്ടിലും വെള്ളം കയറി. പെടയങ്ങോട് അങ്കണവാടിയും വെള്ളത്തിലായി.
പട്ടുവം വയലിലെ എ.സി. രാജീവന്‍െറ നെല്ലും, കാര്‍ത്തിക, പവിത്രന്‍ എന്നിവരുടെ കപ്പ, പഴശ്ശിരാജ സ്വയംസഹായ സംഘത്തിന്‍െറ 250 നേന്ത്രവാഴയും വെള്ളത്തിലാണുള്ളത്.
ചേടിച്ചേരി പടിഞ്ഞാറെ വയലില്‍ എം.ഒ. കരുണാകരന്‍െറ 400 നേന്ത്രവാഴയും 200 മൈസൂര്‍ വാഴയും മലവെള്ളത്തില്‍ മുങ്ങി. കെ. ഗോപാലന്‍, കെ. കല്യാണി, തമ്പാന്‍, പി. ദാമോദരന്‍ മാസ്റ്റര്‍, പി.വി. ദേവിയുടെയും ചേടിച്ചേരി കിഴക്കെവയലിലെ വി.പി. കുഞ്ഞികൃഷ്ണന്‍ നമ്പ്യാര്‍, വി.പി. കുഞ്ഞിക്കണ്ണന്‍ നമ്പ്യാര്‍, കെ. രാഘവന്‍, പി.വി. നാരായണി, കോയാടന്‍ പത്മാവതി, പി.എം. നാരായണന്‍ നമ്പ്യാര്‍, ഡി.പി. രാഘവന്‍ നമ്പ്യാര്‍ എന്നിവരുടെ 20 ഹെക്ടര്‍ വയലിലെ നെല്‍കൃഷിയും വെള്ളത്തില്‍ മുങ്ങി.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com