12:30:26
23 May 2013
Thursday
Facebook
Twitter
Rssfeed

ഉച്ചക്കഞ്ഞി: അധികചെലവ് വിദ്യാര്‍ഥികളില്‍നിന്ന് പിരിക്കുന്നു

പാപ്പിനിശ്ശേരി: പൊതുവിദ്യാലയങ്ങളിലെ ഉച്ചക്കഞ്ഞി വിതരണത്തില്‍ വരുന്ന അധികചെലവ് ചില വിദ്യാലയാധികൃതര്‍ വിദ്യാര്‍ഥികളുടെ തലയില്‍ തന്നെ കെട്ടിവെക്കുന്നു. മിക്ക വിദ്യാലയങ്ങളിലും ഉച്ചക്കഞ്ഞി പരിഷ്കാരത്തിന്‍െറ ഭാഗമായി വിദ്യാര്‍ഥികളില്‍ നിന്ന് സ്വകാര്യമായി പണപ്പിരിവ് ഇതിനകം തുടങ്ങി. കുട്ടികള്‍ കുറഞ്ഞ വിദ്യാലയങ്ങളാണ് ഉച്ചക്കഞ്ഞി വിതരണത്തില്‍ ഏറെ ബുദ്ധിമുട്ടനുഭവിക്കുന്നതെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ കുട്ടിയൊന്നിന് അഞ്ച് രൂപയാക്കി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്. എന്നിട്ടും പാവപ്പെട്ട വിദ്യാര്‍ഥികളില്‍ നിന്നുതന്നെ ഉച്ചക്കഞ്ഞി വിതരണചെലവിന്‍െറ ഒരു വിഹിതം നിയമവിരുദ്ധമായി കൈപ്പറ്റുകയാണ്.
വിദ്യാര്‍ഥികള്‍ക്ക് പോഷകസമൃദ്ധമായ ഭക്ഷണം ഉറപ്പ് വരുത്തുന്നതിന് സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ ഉച്ചക്കഞ്ഞിവിതരണത്തില്‍ സമഗ്രപരിഷ്കരണമെന്ന പേരില്‍ ജൂണ്‍ 25നാണ് സര്‍ക്കുലര്‍ ഇറങ്ങിയത്. ഓണപ്പരീക്ഷയോടെ അധ്യയനവര്‍ഷത്തിന്‍െറ ഒരു ടേം അവസാനിക്കാറായിട്ടും മിക്ക വിദ്യാലയങ്ങളിലും പാലും മുട്ടയും വിതരണം ഇതുവരെ നടന്നിട്ടില്ല. ഈയിനത്തില്‍ നേരത്തേ വിദ്യാലയാധികൃതര്‍ക്കുണ്ടായ ബാധ്യതയാണ് തടസ്സമായി പറയുന്നത്. എന്നാല്‍, പാലും മുട്ടയും നിര്‍ബന്ധമായി വിതരണം ചെയ്യണമെന്ന് എവിടെയും നിര്‍ദേശമില്ല. ഭക്ഷണവൈവിധ്യത്തിനായി പാലും മുട്ടയും ഉള്‍പ്പെടുത്താവുന്നതാണ് എന്ന് മാത്രമാണ് സര്‍ക്കുലറില്‍ പറഞ്ഞിരിക്കുന്നത്. ഇതുതന്നെ സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ ഉച്ചക്കഞ്ഞിവിതരണത്തില്‍ അസന്തുലിതാവസ്ഥ ഉണ്ടാക്കും.
സര്‍ക്കാര്‍ വിഹിതമായി കുട്ടിയൊന്നിന് അഞ്ച് രൂപ നല്‍കുന്നതില്‍ നിന്ന് പാലും മുട്ടയും വിഭവ സമൃദ്ധമായ കറികളും നല്‍കുമ്പോള്‍ ആയിരക്കണക്കിന് രൂപയുഅടെ അധികബാധ്യത വരുമെന്ന് കുട്ടികള്‍ കൂടുതലുള്ള വിദ്യാലയാധികൃതര്‍ പറയുന്നു. എന്നാല്‍, ചില വിദ്യാലയങ്ങളില്‍ ജൂണ്‍ മുതല്‍ തന്നെ മുട്ട വിതരണം നടന്നിട്ടുമുണ്ട്.
ഉച്ചക്കഞ്ഞി വിതരണത്തില്‍ നിന്ന് ചെറുപയര്‍ ഒഴിവാക്കി വിഭവസമൃദ്ധമായ കറികള്‍ നല്‍കണമെന്നാണ് നിര്‍ദേശം. ഉച്ചക്കഞ്ഞി ഫണ്ടിനായി വ്യക്തി, പഞ്ചായത്ത്, എം.എല്‍.എ, സന്നദ്ധ സംഘടനകള്‍ എന്നിവരെ സമീപിക്കാമെന്ന് മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. ഇതിനായി ഉച്ചക്കഞ്ഞി കമ്മിറ്റി രൂപവത്കരിച്ച് പ്രവര്‍ത്തിക്കാനും പറയുന്നുണ്ട്. രക്ഷിതാക്കളുടെ യോഗങ്ങളില്‍ വിദ്യാലയാധികൃതര്‍ ഉച്ചക്കഞ്ഞി വിതരണത്തില്‍ വരുന്ന അധികചെലവ് അവതരിപ്പിക്കുമ്പോള്‍ പി.ടി.എ കമ്മിറ്റി ബാധ്യത ഏറ്റെടുക്കുകയും ഫലത്തില്‍ പാവപ്പെട്ട വിദ്യാര്‍ഥികളുടെ തലയിലാവുകയും ചെയ്യുന്നു. ഉച്ചക്കഞ്ഞി ഫണ്ടിനായി പിരിവിനിറങ്ങേണ്ട ഗതികേടിലാണ് വിദ്യാലയാധികൃതരും.
ഉച്ചക്കഞ്ഞി ചെലവിനത്തിലേക്കായി ഡിസംബര്‍ വരെയുള്ള തുക മുന്‍കൂറായി അനുവദിച്ചിരിക്കുകയാണെങ്കിലും സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ ഉച്ചക്കഞ്ഞി വിതരണത്തില്‍ ഐക്യരൂപം കൈവരിക്കാനാവില്ലെന്നുറപ്പാണ്. ശക്തമായ പി.ടി.എ കമ്മിറ്റികള്‍ ഇല്ലാത്ത വിദ്യാലയങ്ങളില്‍ ഉച്ചക്കഞ്ഞി വിതരണം നല്ല രീതിയില്‍ നടത്താന്‍ വിദ്യാലയാധികൃതര്‍ ബുദ്ധിമുട്ടേണ്ടി വരും.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com