12:30:26
18 Jun 2013
Tuesday
Facebook
Google Plus
Twitter
Rssfeed

ഗള്‍ഫ് യാത്രാപ്രശ്നം: പാര്‍ലമെന്‍റിന് മുന്നില്‍ ഇടതു പ്രതിഷേധം

ന്യൂദല്‍ഹി: ഗള്‍ഫ് മലയാളികളുടെ വിമാനയാത്രാ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേരളത്തിലെ ഇടത് എം.പിമാര്‍ പാര്‍ലമെന്‍റിന് മുന്നില്‍ ധര്‍ണ നടത്തി. കൂടുതല്‍ വിമാന സര്‍വീസുകള്‍ ആരംഭിക്കുക, യാത്രാനിരക്ക് കുറക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ധര്‍ണയില്‍ ഉന്നയിച്ചത്. ഗള്‍ഫ് മലയാളികളോട് കേന്ദ്ര സര്‍ക്കാര്‍ അവഗണന കാട്ടുന്നതായി എം.പിമാര്‍ ആരോപിച്ചു. ഗാന്ധിപ്രതിമക്ക് മുന്നില്‍ നടന്ന ധര്‍ണക്ക് ലോക്സഭയിലെ സി.പി.എം ഉപനേതാവ് പി. കരുണാകരന്‍ നേതൃത്വം നല്‍കി.
എയര്‍ ഇന്ത്യയിലെ പ്രതിസന്ധി മുതലാക്കി കേരളത്തിലേക്കുള്ള ചാര്‍ജ് വിമാനക്കമ്പനികള്‍ കുത്തനെ കൂട്ടിയതില്‍ ഉത്കണ്ഠ പ്രകടിപ്പിച്ച് സി.പി.എം പോളിറ്റ്ബ്യൂറോ അംഗം സീതാറാം യെച്ചൂരി വ്യോമയാനമന്ത്രി അജിത്സിങ്ങിന് കത്തയക്കുകയും ചെയ്തു. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് സാധാരണ ചാര്‍ജ് ഈടാക്കി കൂടുതല്‍ സര്‍വീസുകള്‍ നടത്തി സ്ഥിതി സാധാരണ നിലയിലാക്കാന്‍ വ്യോമയാന മന്ത്രി ഇടപെടണമെന്ന് കത്തില്‍ അഭ്യര്‍ഥിച്ചു.
സ്കൂള്‍ അടച്ചശേഷം ജൂണ്‍, ജൂലൈ, ആഗസ്റ്റ് മാസങ്ങളിലെ വേനലവധി നാട്ടില്‍ ചെലവാക്കാന്‍ കാത്തിരിക്കുന്നവരാണ് പ്രവാസികള്‍. ഈ മൂന്നു മാസം തങ്ങളുടെ കൊയ്ത്തുകാലമാക്കി മാറ്റുകയാണ് വിമാനക്കമ്പനികള്‍. എല്ലാ കൊല്ലവും ഇതു പതിവാണ്. ഈ വര്‍ഷം എയര്‍ ഇന്ത്യയുടെ പണിമുടക്കു കൂടിയായതോടെ സ്വകാര്യ, വിദേശ വിമാനക്കമ്പനികള്‍ പ്രവാസികളെ ശരിക്കും കൊള്ളയടിക്കുന്നു. ഗള്‍ഫ് മേഖലയില്‍നിന്നുള്ള വിമാനങ്ങള്‍ അഞ്ചും ആറും ഇരട്ടിയാണ് ചാര്‍ജ് കൂട്ടിയത്. പണിമുടക്ക് കഴിഞ്ഞിട്ടും എയര്‍ ഇന്ത്യ സര്‍വീസുകള്‍ നേരാംവണ്ണം നടക്കുന്നുമില്ല. മണലാരണ്യത്തില്‍ വിയര്‍പ്പൊഴുക്കി മിച്ചംപിടിക്കുന്ന തുകയാണ് വിമാനക്കമ്പനികള്‍ കൊള്ളയടിക്കുന്നത്. ഇന്ത്യയിലേക്ക് നേരിട്ടുള്ള വിമാനങ്ങളില്‍ ആകെ 98,000 യാത്രക്കാരാണ് പ്രതിവാരം സഞ്ചരിക്കുന്നത്. വിദേശ വിമാനക്കമ്പനികള്‍ ചുരുങ്ങിയത് 1000 ദിര്‍ഹം ടിക്കറ്റിന്മേല്‍ കൂട്ടിയിരിക്കുകയാണ്. ഇതനുസരിച്ചുനോക്കിയാല്‍ രണ്ടു മാസംകൊണ്ട് യു.എ.ഇയില്‍ കഴിയുന്ന പ്രവാസികളുടെ പോക്കറ്റില്‍നിന്ന് ചോരുന്നത് 1215 കോടി രൂപയാണ്. എയര്‍ ഇന്ത്യയിലെ പണിമുടക്കു കാലത്ത് പ്രവാസികളില്‍നിന്ന് വിമാനക്കമ്പനികള്‍ ചോര്‍ത്തിയത് 4000 കോടി രൂപയാണെന്നും സീതാറാം യെച്ചൂരി പറഞ്ഞു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com