കല്‍പറ്റ: വയനാട് ജില്ലയില്‍ വിവിധ പ്രദേശങ്ങളില്‍ ചൊവ്വാഴ്ച രാവിലെ മുതല്‍ ഉച്ചവരെ കനത്ത മഴ ലഭിച്ചു. എന്നാല്‍, ഉച്ചക്കുശേഷം മഴയുടെ തോത് ഗണ്യമായി കുറഞ്ഞു. കാലവര്‍ഷക്കെടുതികള്‍ മുന്നില്‍കണ്ട് ജില്ലാ ഭരണകൂടം ദുരിതാശ്വാസ നടപടികള്‍ ഊര്‍ജിതപ്പെടുത്തി.
വെള്ളം കയറിയ വൈത്തിരി താലൂക്കിലെ കാവുംമന്ദം വില്ലേജിലെ 21 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. തരിയോട് എല്‍.പി സ്കൂളിലാണ് ക്യാമ്പ് തുറന്നത്. രണ്ടു ലക്ഷത്തോളം രൂപയുടെ നാശനഷ്ടമുണ്ടായതായി അധികൃതര്‍ അറിയിച്ചു. പരിക്കുപറ്റിയ രണ്ടുപേരെ ചെന്നിലോട് ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 77 ആളുകളാണ് ഇപ്പോള്‍ ക്യാമ്പിലുള്ളത്.
താഴ്ന്ന പ്രദേശങ്ങള്‍
വെള്ളപ്പൊക്ക
ഭീഷണിയില്‍
വെള്ളമുണ്ട: മഴ ശക്തിപ്രാപിച്ചതോടെ തൊണ്ടര്‍നാട്-വെള്ളമുണ്ട പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളപ്പൊക്ക ഭീതിയില്‍. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയില്‍ നിരവധി പ്രദേശങ്ങളില്‍ വെള്ളം കയറി ഏക്കര്‍കണക്കിന് കൃഷിയിടങ്ങള്‍ വെള്ളത്തിനടിയിലായി.
തൊണ്ടര്‍നാട് പഞ്ചായത്തിലെ കുഞ്ഞോം, കരിമ്പില്‍, മുണ്ടക്കൊമ്പ്, കേളോം, നിരവില്‍പുഴ, പാലേരി ഭാഗങ്ങളിലും വെള്ളമുണ്ട പഞ്ചായത്തിലെ പാലയണ, കൊമ്മയാട്, മൊതക്കര ഭാഗങ്ങളിലും വ്യാപകമായി വെള്ളം കയറിയിട്ടുണ്ട്. കമുക്, വാഴ, നെല്ല് തുടങ്ങി ഏക്കര്‍കണക്കിന് കൃഷി വെള്ളത്തില്‍ മുങ്ങി. ഇതോടെ കര്‍ഷകര്‍ ആശങ്കയിലാണ്.
മഴയെ തുടര്‍ന്ന് നിരവില്‍പുഴ പാലം വെള്ളത്തില്‍ മുങ്ങി. പാലം വെള്ളത്തിലായതോടെ ചൊവ്വാഴ്ച ഉച്ചവരെ ഭാഗികമായി ഗതാഗതം മുടങ്ങി. തിങ്കളാഴ്ച അര്‍ധരാത്രിയോടെയാണ് പാലം പൂര്‍ണമായും വെള്ളത്തിനടിയിലായത്. മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു.
ചൊവ്വാഴ്ച മഴ കുറഞ്ഞെങ്കിലും വെള്ളത്തിന്‍െറ കുത്തൊഴുക്ക് കുറയാത്തതിനാല്‍ വലിയ വാഹനങ്ങള്‍ മാത്രമാണ് കടന്നുപോയത്. എന്നാല്‍, ഗതാഗതം പിന്നീട് പുനരാരംഭിച്ചു.
പൊതുജനങ്ങള്‍ക്ക്
വിവരം അറിയിക്കാം
കല്‍പറ്റ: മഴക്കെടുതികള്‍ സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാകുന്നതിനും വിവരങ്ങള്‍ അറിയിക്കുന്നതിനും ദുരന്തനിവാരണ സെല്ലുമായി ബന്ധപ്പെടാം. കലക്ടറേറ്റിലെ ജില്ലാ ദുരന്തനിവാരണ സെല്‍ നമ്പര്‍: 04936-202251. താലൂക്കുകളിലെ നമ്പര്‍: സുല്‍ത്താന്‍ ബത്തേരി: 04936-220296. വൈത്തിരി: 04936-255229. മാനന്തവാടി: 04935-240231.

നിങ്ങളുടെ അഭിപ്രായങ്ങള്‍