ദോഹ: സൂപ്പര്‍മാര്‍ക്കറ്റിന്‍െറ മറവില്‍ വ്യാപാരികളില്‍ നിന്ന് ലക്ഷക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തി ദോഹയില്‍ നിന്ന് മുങ്ങിയ കേസിലെ പ്രതിയുടെ സ്വദേശം മലപ്പുറമാണെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ഇതോടെ വ്യാജ മേല്‍വിലാസത്തില്‍ സമ്പാദിച്ച പാസ്പോര്‍ട്ടിലാണ് ഇയാള്‍ ദുബൈയില്‍ നിന്ന് ഖത്തറിലെത്തി തട്ടിപ്പ് നടത്തിയതെന്ന് തെളിഞ്ഞതായും തട്ടിപ്പിനിരയായ ദോഹയിലെ വ്യാപാരികള്‍ പറഞ്ഞു.
തൃശൂര്‍, വടക്കേക്കാട്, കൊച്ചന്നൂര്‍, കിഴക്കുംതറയില്‍ എന്ന വിലാസത്തില്‍ 2006ല്‍ കൊച്ചിയില്‍ നിന്നെടുത്ത പാസ്പോര്‍ട്ടിലാണ് ഇയാള്‍ ഖത്തറിലെത്തിയത്. ഹാഫിസ് മുഹമ്മദ് എന്ന പേരാണ് ഈ പാസ്പോര്‍ട്ടിലുള്ളത്. എന്നാല്‍, യഥാര്‍ഥ വിലാസം പൊന്നാനി, കരിങ്കല്ലത്താണി, അയ്നിച്ചിറ, ചെങ്ങനാത്ത് എന്നാണെന്നും ശരിയായ പേര് ആബിദ് മുഹമ്മദ് എന്നാണെന്നുമാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. ഇയാള്‍ ഇപ്പോള്‍ നാട്ടിലുണ്ടെന്ന് അറിയാന്‍ കഴിഞ്ഞതായും വ്യാപാരികള്‍ പറയുന്നു.
മൈദറില്‍ അല്‍ശംസി എന്ന പേരില്‍ സൂപ്പര്‍മാര്‍ക്കറ്റ് തുറക്കാനെന്ന് പറഞ്ഞാണ് ഹാഫിസ് മുഹമ്മദ് എന്ന് പരിചയപ്പെടുത്തിയ ആബിദ് നിരവധി മൊത്ത വ്യാപാരികളില്‍ നിന്നായി ലക്ഷക്കണക്കിന് റിയാലിന്‍െറ സാധനങ്ങള്‍ വാങ്ങിക്കൂട്ടിയത്. ഗ്യാരണ്ടി ചെക്ക് മാത്രം നല്‍കി വാങ്ങിയ ഇവ സൂപ്പര്‍മാര്‍ക്കറ്റിനടുത്തായുള്ള ഒരു ഗോഡൗണില്‍ സൂക്ഷിച്ച ശേഷം കുറഞ്ഞവിലക്ക് മറിച്ചുവിറ്റ് പണവുമായി ഖത്തര്‍ വിടുകയായിരുന്നു. സൂപ്പര്‍മാര്‍ക്കറ്റിലേക്ക് തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ നേപ്പാളിലേക്ക് പോകണമെന്ന് പറഞ്ഞാണ് സ്പോണ്‍സറില്‍ നിന്ന് എക്സിറ്റ് പെര്‍മിറ്റ് വാങ്ങിയത്.
ഇയാളുടെ പാസ്പോര്‍ട്ടിലെ വിലാസം വ്യാജമാണെന്ന് നേരത്തെ സംശയമുയര്‍ന്നിരുന്നു. കൊച്ചന്നൂരും പരിസരത്തും ഈ വിലാസത്തില്‍ ഹാഫിസ് മുഹമ്മദ് എന്നൊരാളില്ലെന്ന് അവിടെ നിന്ന് ഖത്തറിലുള്ള പ്രവാസികള്‍ ഒന്നടങ്കം ഉറപ്പിച്ചുപറഞ്ഞതോടെയാണ് സംശയമുയര്‍ന്നത്. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് മലപ്പുറം ജില്ലയിലാണ് ഇയാളുടെ സ്വദേശമെന്നും യഥാര്‍ഥ പേര് ആബിദ് എന്നാണെന്നും കണ്ടെത്തിയത്.
ഇതനിടെ, തട്ടിപ്പിനിരയായ വ്യാപാരികളില്‍ ചിലര്‍ ഇന്നലെ യോഗം ചേര്‍ന്ന് ഭാവിപരിപാടികള്‍ക്ക് രൂപം നല്‍കി. ഇന്ന് ഇന്ത്യന്‍ എംബസിയിലും നാട്ടില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കേന്ദ്ര പ്രവാസികാര്യമന്ത്രി വയലാര്‍ രവി, മലപ്പുറം പോലിസ് സൂപ്രണ്ട്, പെരുമ്പടപ്പ് പോലിസ് എന്നിവര്‍ക്കും പരാതി നല്‍കാന്‍ യോഗം തീരുമാനിച്ചതായി വ്യാപരികള്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍