അജ്മാനിലെ വില്ലയില്‍ തീപിടിത്തം: ആറ് സ്ത്രീകള്‍ മരിച്ചു

അജ്മാനിലെ വില്ലയില്‍ തീപിടിത്തം: ആറ് സ്ത്രീകള്‍ മരിച്ചു

അജ്മാന്‍: അജ്മാനില്‍ സ്വദേശി വില്ലയിലുണ്ടായ തീപിടിത്തത്തില്‍ ആറ് സ്ത്രീകള്‍ ദാരുണമായി മരിച്ചു. ജറഫില്‍ കോണ്‍ടാക്ട് സെന്‍ററിന് പിന്നില്‍ സ്വദേശികള്‍ താമസിക്കുന്ന വില്ലയിലുണ്ടായ തീപിടിത്തത്തില്‍ സ്വദേശി വനിത ഹലീമ ബിന്‍ത് മുബാറക്, മക്കളായ മറിയം, നൗഫ്, മൗസ എന്നിവരും രണ്ട് വേലക്കാരികളുമാണ് മരിച്ചത്. വീട്ടിനകത്തുണ്ടായിരുന്ന ഹലീമയുടെ മകന്‍ അമീറിനെ മലയാളി ഗ്രോസറി ഉടമ അടക്കമുള്ളവര്‍ രക്ഷപ്പെടുത്തി. സാരമായി പരിക്കേറ്റ അമീര്‍ ആശുപത്രിയില്‍ ചികില്‍കയിലാണ്. വേലക്കാരികള്‍ ഇത്യോപ്യ, ഫിലിപ്പീന്‍സ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്.
ചൊവ്വാഴ്ച രാവിലെ എട്ടു മണിയോടെയായിരുന്നു ദുരന്തം. രാവിലെ സമീപത്തെ ഗ്രോസറി തുറക്കാനെത്തിയ കാസര്‍കോട് സ്വദേശിയായ ഖാലിദ് ആണ് വില്ലയുടെ പിറകുവശത്തെ എ.സിയില്‍ നിന്ന് തീ ഉയരുന്നത് കണ്ടത്. ഉടന്‍ അടുത്തുള്ള താമസക്കാരനെ വിവരമറിയിച്ചു. ഇദ്ദേഹവും ചില യാത്രക്കാരും ചേര്‍ന്ന് വില്ലയുടെ പിറകിലെ ജനല്‍ തകര്‍ത്ത് കോണി ഉപയോഗിച്ച് അമീറിനെ രക്ഷപ്പെടുത്തി. രാവിലെ ഉറക്കത്തിലായതിനാല്‍ പരിസരവാസികള്‍ വിവരം അറിഞ്ഞിരുന്നില്ല. വില്ലയുടെ താഴത്തെ നിലയിലാണ് തീപിടുത്തം ഉണ്ടായത്. മുകളിലെ നിലയിലേക്ക് എത്താന്‍ കഴിഞ്ഞതാണ് അമീറിനെ രക്ഷപ്പെടുത്തിയത്. ഗൃഹനാഥന്‍ നേരത്തെ വാഹന അപകടത്തില്‍ മരിച്ചിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്ന് കരുതുന്നു. സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയാണ് തീ അണച്ചത്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus