അബൂദബി: ബാല്‍ക്കണിയില്‍ വസ്ത്രങ്ങള്‍ ഉണക്കാന്‍ ഇടുന്നതിനെതിരെ നടപടി ശക്തമാക്കി. കഴിഞ്ഞ ദിവസങ്ങളില്‍ വിവിധ മേഖലകളില്‍ അബൂദബി മുനിസിപ്പാലിറ്റി പൊതുജനാരോഗ്യ വിഭാഗം നടത്തിയ വ്യാപക പരിശോധനയില്‍ 146 പേര്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഇങ്ങനെ ചെയ്യുന്നവര്‍ക്ക് 1,000 ദിര്‍ഹം പിഴ ചുമത്തുമെന്ന് മുനിസിപ്പാലിറ്റി പൊതുജനാരോഗ്യ വിഭാഗം ഡയറക്ടര്‍ ഖലീഫ മുഹമ്മദ് അല്‍റുമൈതി പറഞ്ഞു.
‘അബൂദബി സിറ്റിയിലെ പ്രധാന കേന്ദ്രങ്ങളിലും മറ്റു മേഖലകളിലും കെട്ടിടങ്ങളുടെ ബാല്‍ക്കണിയില്‍ തുണി ഉണക്കാന്‍ ഇടുന്നുണ്ട്. ഇത് സിറ്റിയുടെ കാഴ്ച ഭംഗി നഷ്ടപ്പെടുത്തുന്നു. പ്രത്യേകിച്ച് പ്രധാന റോഡുകള്‍ക്ക് അഭിമുഖമായി നില്‍ക്കുന്ന കെട്ടിടങ്ങളുടെ ബാല്‍ക്കണിയില്‍ തുണിയിട്ടാല്‍ അത് റോഡിലൂടെ പോകുന്നവര്‍ കാണും. മാത്രമല്ല, ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്ന് ഇവിടെ സന്ദര്‍ശനത്തിന് എത്തുന്നവരും ഇത്തരം കാഴ്ചകള്‍ കാണുന്നു. ഇത് അബൂദബിയുടെ പാരമ്പര്യത്തിനും സംസ്കാരത്തിനും ഒട്ടും യോജിച്ചതല്ല. അതിനാല്‍, ഈ പ്രവണത എല്ലാവരും അവസാനിപ്പിക്കണം’-അല്‍ റുമൈതി പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളില്‍ ബനിയാസ്, മുസഫ, മുഹമ്മദ് ബിന്‍ സായിദ് സിറ്റി തുടങ്ങിയ മേഖലകളില്‍ മുനിസിപ്പാലിറ്റി പൊതുജനാരോഗ്യ വിഭാഗം വ്യാപക ബോധവത്കരണം നടത്തി. ഇതിന്‍െറ ഭാഗമായി ഈ മേഖലകളില്‍ താമസിക്കുന്നവര്‍ക്ക് വിവിധ ഭാഷകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്തു.
വസ്ത്രങ്ങള്‍ ഉണക്കാന്‍ ബാല്‍ക്കണിയില്‍ ഇടുന്നതിന് പകരം ശാസ്ത്രീയ മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ അല്‍റുമൈതി ആവശ്യപ്പെട്ടു. വസ്ത്രങ്ങള്‍ അലക്കാന്‍ ലോണ്‍ട്രിയില്‍ നല്‍കുക, ഇലക്ട്രിക് ക്ളോത്ത് ഡ്രൈയര്‍ ഉപയോഗിക്കുക, വസ്ത്രങ്ങള്‍ ഇടുന്നതിന് റാക്കുകള്‍ ഉപയോഗിക്കുക തുടങ്ങിയ രീതികള്‍ സ്വീകരിക്കണമെന്നും ഇതിനു പകരം ബാല്‍ക്കണിയില്‍ തൂക്കിയിടരുതെന്നും അദ്ദേഹം നിര്‍ദേശിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍