12:30:26
21 May 2013
Tuesday
Facebook
Twitter
Rssfeed

ഹൃദയഭേദകം

ഹൃദയഭേദകം

കോഴിക്കോട്: ഉരുള്‍പൊട്ടലിന്റെ ഭീകരത കണ്ട് അക്ഷരാര്‍ഥത്തില്‍ ഭയന്നുവിറച്ചിരിപ്പാണ് മലയോരവാസികള്‍. നിരവധി ഉരുള്‍പൊട്ടലുകള്‍ക്ക് സാക്ഷ്യംവഹിച്ച ആനക്കാംപൊയില്‍-പുല്ലൂരാംപാറ മേഖലക്ക് താങ്ങാവുന്നതിനും അപ്പുറമാണ് പുതിയ ദുരന്തങ്ങള്‍. 1974ലും 1978ലും ഉണ്ടായ രണ്ട് വന്‍ ഉരുള്‍പൊട്ടലുകള്‍ ഇപ്പോഴും നടുക്കത്തോടെ ഓര്‍ക്കുന്നവരാണ് ഇവിടത്തെ കര്‍ഷകര്‍. 10 സെന്റ് മുതല്‍ മൂന്നും നാലും ഏക്കര്‍ വരെ സ്വന്തമായുള്ള നിര്‍ധന-ഇടത്തരം കര്‍ഷകരാണ് ഇപ്പോള്‍ ദുരന്തത്തിന് ഇരയായത്. 30ല്‍പരം കുടുംബങ്ങളുടെ വീടടക്കം സര്‍വ സമ്പാദ്യങ്ങളും നിമിഷനേരംകൊണ്ട് ഒലിച്ചുപോയി.
പുല്ലൂരാംപാറ-ആനക്കാംപൊയില്‍ റൂട്ടിലെ ബസ് സ്റ്റോപ്പാണ് മാവിന്‍ചുവട്. ഇവിടെനിന്ന് ചെറുശ്ശേരി മലയിലേക്ക് റോഡുണ്ട്. 500 മീറ്ററോളം ടാര്‍ റോഡും ബാക്കി ഉരുളന്‍കല്ലുകള്‍ നിറഞ്ഞ മണ്‍റോഡും. ഈ റോഡത്രയും പുഴയായി മാറി. നൂറടിയിലധികം താഴ്ചയിലാണ് പുതിയ പുഴ രൂപപ്പെട്ടത്. ചെറുശ്ശേരി റോഡ് അപ്പാടെ തുടച്ചുനീക്കി. പുതിയ പുഴ ഉണ്ടായപ്പോള്‍ അഞ്ച് കി.മീ. ദൂരത്തില്‍ ഏക്കര്‍കണക്കിന് കൃഷിയിടം ഇല്ലാതായി. പുഴയില്‍ നിറയെ വലിയ കെട്ടിടങ്ങളുടെ വലിപ്പമുള്ള പടുകൂറ്റന്‍ പാറകള്‍. കൂലംകുത്തിയൊഴുകുന്ന മലവെള്ളപ്പാച്ചലില്‍ ഈ പാറകള്‍ ഏത് നിമിഷവും താഴേക്ക് എടുത്തെറിയപ്പെടാം.
ചെറുശ്ശേരി മലയുടെ ഒരു ഭാഗം നക്കിത്തുടച്ച് ആനക്കാംപൊയില്‍ റോഡിലെ മാവിന്‍ചുവടിലെത്തിയ ഉരുള്‍വെള്ളം 500 മീറ്ററോളം റോഡിലൂടെ ഒഴുകിയാണ് ഇരുവഴിഞ്ഞിപ്പുഴയുടെ കൈവഴിയില്‍ പതിച്ചത്. ഇത്രയും ഭാഗത്ത് നാലടി ഉയരത്തില്‍ ചളി നിറഞ്ഞുകിടക്കുന്നു. പ്രദേശത്തെ നൂറോളം കുടുംബങ്ങള്‍ക്ക് കുടിവെള്ളം നല്‍കിയിരുന്ന മാവിന്‍ചുവടിലെ കുളം മണ്ണുമൂടി ഇല്ലാതായി.
ഇരമ്പിയെത്തിയ വെള്ളം 14 വീടുകള്‍ ഒപ്പം കൊണ്ടുപോയപ്പോള്‍ ഏതാനുംവീടുകള്‍ക്ക് സംരക്ഷണം നല്‍കുകയും ചെയ്തു. ഏതാനും വീടുകളുടെ തൊട്ടുമുകളില്‍വെച്ച് ഉരുള്‍വെള്ളം രണ്ടായി പിരിഞ്ഞ് ഒഴുകിയാണ് ഇവ സംരക്ഷിച്ചത്. മാവിന്‍ചുവടിനടുത്ത കാഞ്ഞിരക്കാട്ടുകുന്നേല്‍ ചാക്കോ, സഹോദരന്‍ ജോസഫ് എന്നിവരുടെ മൂന്നര ഏക്കര്‍ റബര്‍ തോട്ടം ഏതാണ്ട് പൂര്‍ണമായി നശിച്ചു. ഇവരുടെ കൃഷിഭൂമിയില്‍ വന്‍പാറക്കൂട്ടങ്ങള്‍ ചിതറിക്കിടക്കുകയാണ്. കടപുഴകിയെത്തിയ നൂറുകണക്കിന് തെങ്ങുകളും ഫലവൃക്ഷങ്ങളും പ്രദേശത്താകെ ചിതറിക്കിടക്കുന്നു. കൂറ്റന്‍ പാറകളിടിച്ച് വലിയ തെങ്ങുകള്‍ ചതഞ്ഞരഞ്ഞ് കരിമ്പിന്‍ചണ്ടിപോലെയായി.
റോഡിന് മുകളിലായി വടക്കനാട്ട് സുരേഷിന്റെ വീടിന്റെ അടിത്തറയടക്കം ഒലിച്ചുപോയി. വീടിന്റെ മുകളിലും പോര്‍ച്ചിലുമായി പാറകളും തെങ്ങുകളും ചിതറിക്കിടക്കുകയാണ്. ആട്ടപ്പാട്ട് ബിനോയിയുടെ ആസ്ബസ്റ്റോസ് മേഞ്ഞ വീട് പാടെ തകര്‍ന്നു. മാവിന്‍ചുവട് നാല് സെന്റ് കോളനിയിലെ മാളിയേക്കല്‍ കണ്ണന്റെ വാര്‍ക്കവീട് പൂര്‍ണമായും നിലംപൊത്തി. കൂലിപ്പണിക്കാരനായ കണ്ണന്‍ പുതിയവീട്ടില്‍ താമസം തുടങ്ങിയിട്ടില്ല. വീടിരുന്ന ഭാഗത്ത് മേല്‍ക്കൂരയുടെ സ്ലാബ് മാത്രമേ അവശേഷിക്കുന്നുള്ളൂ. ഇതിനടുത്ത പുതുവയലില്‍ ജോസഫിന്റെ ഓടിട്ട വീടും അര ഏക്കറോളം റബര്‍തോട്ടവും ഒലിച്ചുപോയി. കുന്നംകുഴി സെബാസ്റ്റ്യന്‍, സഹോദരന്‍ സണ്ണി ജോസഫ് എന്നിവരുടെ രണ്ടേക്കറോളം റബര്‍ തോട്ടം പുഴയായി മാറി.
മാവിന്‍ചുവടിന് സമീപം ചാലില്‍ സന്തോഷിന്റെ നിര്‍മാണത്തിലിരുന്ന വീട് അടിത്തറയടക്കം ഒലിച്ചുപോയി. ഇവിടെയും ഒരു സ്ലാബ് മാത്രമേ അവശേഷിച്ചിട്ടുള്ളൂ. നീണ്ടുകുന്നേല്‍ ജോസുകുട്ടി, നെല്ലിക്കുന്നേല്‍ മാത്യു എന്നിവരുടെ വീടുകള്‍ ഭാഗികമായി തകര്‍ന്നു.

മരിച്ചവരുടെ കുടുംബത്തിന്‌ ഒരുലക്ഷം രൂപ
കോഴിക്കോട്: ഉരുള്‍പൊട്ടലില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് അടിയന്തര ധനസഹായമായി ഒരുലക്ഷം രൂപ വീതം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. കൂടുതല്‍ നഷ്ടപരിഹാരം സംബന്ധിച്ച് അടുത്ത മന്ത്രിസഭാ യോഗം തീരുമാനമെടുക്കും.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com