ന്യൂദല്‍ഹി: പത്തരമാറ്റ് ഭൂരിപക്ഷത്തില്‍ രണ്ടാമതൊരിക്കല്‍കൂടി രാജ്യസഭയുടെ അധ്യക്ഷസ്ഥാനത്തെത്തുമ്പോള്‍ മുഹമ്മദ് ഹാമിദ് അന്‍സാരിക്കിത് മധുര പ്രതികാരം. പക്ഷപാതിയെന്ന ബി.ജെ.പിയുടെയും സഖ്യകക്ഷികളുടെയും പഴി മറികടന്നാണ് കഴിഞ്ഞതവണ നേടിയതില്‍ കൂടുതല്‍ ഭൂരിപക്ഷത്തോടെ അന്‍സാരി പാര്‍ലമെന്‍റ് ഉപരിസഭയുടെ സാരഥ്യത്തിലെത്തുന്നത്.
ശൈത്യകാല സമ്മേളനത്തിന്‍െറ അവസാന നാളില്‍ അര്‍ധരാത്രി 12 മണിക്ക് രാജ്യസഭയില്‍ കേന്ദ്ര സര്‍ക്കാറിന്‍െറ കാര്‍മികത്വത്തില്‍ അരങ്ങേറിയ ലോക്പാല്‍ നാടകത്തിന്‍െറ പേരില്‍ ഹാമിദ് അന്‍സാരിയെ ക്രൂശിക്കാന്‍ ബി.ജെ.പി നടത്തിയ ശ്രമങ്ങള്‍ക്കുള്ള തിരിച്ചടി കൂടിയാണ് ഈ വിജയം. രാജ്യം ഉറ്റുനോക്കിയ ലോക്പാല്‍ ചര്‍ച്ച സമ്മേളനത്തിന്‍െറ അവസാന നാളില്‍ അര്‍ധരാത്രി 12 മണിയിലേക്ക് കടന്നപ്പോള്‍ പാര്‍ലമെന്‍ററി കാര്യമന്ത്രി കുറിച്ചുകൊടുത്തത് ശിരസ്സാവഹിക്കുകയായിരുന്നു അന്‍സാരി. സഭയുടെ മാന്യതക്ക് നിരക്കാത്ത നിരവധി രംഗങ്ങള്‍ അരങ്ങേറിയ ആ രാത്രി സമ്മേളനം വീണ്ടും നീട്ടിക്കൊണ്ടുപോകുക അചിന്ത്യമായിരുന്നു. അതുകൊണ്ടാണ് അരുണ്‍ ജയ്റ്റ്ലിയുടെ നേതൃത്വത്തില്‍ ബി.ജെ.പി എം.പിമാരും സീതാറാം യെച്ചൂരിയുടെ നേതൃത്വത്തില്‍ സി.പി.എം എം.പിമാരും ആവശ്യപ്പെട്ടിട്ടും സര്‍ക്കാറിന് ഭൂരിപക്ഷമില്ലാത്ത സഭയില്‍ സമ്മേളനം നീട്ടിക്കൊണ്ടുപോയി പാര്‍ലമെന്‍റ് അനിശ്ചിതത്വത്തിലാക്കാന്‍ അന്‍സാരി തയാറാകാതിരുന്നത്.
ലോക്പാല്‍ ബില്ലിന്മേലുള്ള നടപടികളുമായി പുലരുംവരെ ഇരിക്കാന്‍ തയാറാണെന്ന് പ്രതിപക്ഷം അറിയിച്ചിട്ടും രാത്രി 12 മണിക്ക് ശേഷം സമ്മേളനം തുടരേണ്ടതില്ലെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് ബില്‍ വോട്ടിനിടാതെ രാത്രി 12 മണിക്ക് രാജ്യസഭ പിരിഞ്ഞത്. ലോക്പാല്‍ ബില്‍ കീറിയെറിഞ്ഞതടക്കമുള്ള നാടകീയ മുഹൂര്‍ത്തങ്ങള്‍ക്കും സഭ സാക്ഷ്യംവഹിച്ചു. രാവിലെ 11 മണിക്ക് തുടങ്ങിയ ലോക്പാല്‍ ചര്‍ച്ച അവസാനിച്ചെങ്കിലും വോട്ടെടുപ്പിന്‍െറ സൂചന നല്‍കാതെ പാര്‍ലമെന്‍ററി കാര്യമന്ത്രി വി. നാരായണ സ്വാമി തന്‍െറ മറുപടി പ്രസംഗം മുന്നോട്ടുകൊണ്ടുപോയപ്പോള്‍ രാത്രി 11.25ന് പ്രതിപക്ഷ കക്ഷികള്‍ ഒറ്റക്കെട്ടായി രംഗത്തുവരുകയായിരുന്നു. തുടര്‍ന്നുള്ള ബഹളത്തിനിടയിലാണ് ലോക്പാല്‍ സംവരണത്തില്‍ സര്‍ക്കാര്‍ നിലപാട് മാറ്റിയെന്നാരോപിച്ച് ആര്‍.ജെ.ഡി അംഗം ബില്ലിന്‍െറ കോപ്പി മന്ത്രി നാരായണസ്വാമിയില്‍നിന്ന് പിടിച്ചുവാങ്ങി കീറിയത്. തുടര്‍ന്ന് സഭ അലങ്കോലമാക്കി അനിശ്ചിതകാലത്തേക്ക് പിരിയുന്ന സാഹചര്യമൊരുക്കുകയായിരുന്നു സര്‍ക്കാര്‍ തന്ത്രമെങ്കിലും അന്‍സാരിയെ അതിന് കിട്ടിയില്ല. സഭ നിര്‍ത്തുമെന്ന പ്രതീക്ഷയോടെ നാരായണ സ്വാമി അന്‍സാരിയെ നോക്കിയെങ്കിലും പാതിരാവിലും പ്രസംഗം തുടരാനാണ് അന്‍സാരി ആവശ്യപ്പെട്ടത്. തങ്ങള്‍ക്കിനിയും മന്ത്രിയുടെ പ്രസംഗം കേള്‍ക്കേണ്ടതില്ലെന്നും ബില്‍ എത്രയുംപെട്ടെന്ന് വോട്ടിനിടണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷം നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ചപ്പോഴും 15 മിനിറ്റ് നേരത്തേക്കാണ് അന്‍സാരി സഭ നിര്‍ത്തിവെച്ചത്.
തുടര്‍ന്ന് ചെയര്‍മാന്‍െറ ചേംബറില്‍ നടന്ന ചര്‍ച്ചയില്‍ സമ്മേളനം മുന്നോട്ടുകൊണ്ടുപോകണമെന്ന് അരുണ്‍ ജയ്റ്റ്ലിയും സീതാറാം യെച്ചൂരിയും ആവശ്യപ്പെട്ടെങ്കിലും പാര്‍ലമെന്‍ററി കാര്യ മന്ത്രി പവന്‍ കുമാര്‍ ബന്‍സലും മാനവ വിഭവശേഷി മന്ത്രി കപില്‍ സിബലും വേണ്ടെന്ന് നിര്‍ദേശിച്ചു. ഈ സമയമത്രയും പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങും ധനമന്ത്രി പ്രണബ് മുഖര്‍ജിയും സഭയില്‍ നിരാശയോടെ നിശ്ശബ്ദരായി ഇരിക്കുകയായിരുന്നു. തുടര്‍ന്ന് പ്രണബ് മുഖര്‍ജി ചെയര്‍മാന്‍െറ ചേംബറില്‍ ചെന്നാണ് രാത്രി 12 മണിക്കുശേഷം സമ്മേളനം തുടരേണ്ടെന്ന തീരുമാനം അറിയിച്ചത്.
11.40ന് സഭ വീണ്ടും ചേര്‍ന്നപ്പോള്‍ പാര്‍ലമെന്‍ററി കാര്യ മന്ത്രി ബന്‍സല്‍ വിശദീകരണവുമായി എഴുന്നേറ്റു. 187 ഭേദഗതികള്‍ ബില്ലിന് ലഭിച്ചിട്ടുണ്ടെന്നും അവയെല്ലാം വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നും ബന്‍സല്‍ പറഞ്ഞു. വിശദീകരണം കേള്‍ക്കാന്‍ പുലരുംവരെ ഇരിക്കാന്‍ പ്രതിപക്ഷം തയാറാണെന്ന് പ്രതിപക്ഷ നേതാവ് അരുണ്‍ ജയ്റ്റ്ലി പറഞ്ഞെങ്കിലും ബന്‍സല്‍ അംഗീകരിച്ചില്ല. എല്ലാ ഭേദഗതികളും ഒരു രാത്രികൊണ്ട് നോക്കിത്തീര്‍ക്കാന്‍ കഴിയില്ലെന്നായിരുന്നു വാദം. സര്‍ക്കാര്‍ നാടകം കളിക്കുകയാണെന്ന് ആരോപിച്ച് ഇടത്, ബി.ജെ.പി അംഗങ്ങളും അണിനിരന്നു. ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുള്ള വാക്തര്‍ക്കം നീളുന്നതിനിടെ 12 മണി പിന്നിട്ടതും സഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞതായി ഹാമിദ് അന്‍സാരി അറിയിക്കുകയായിരുന്നു.
രാജ്യസഭയില്‍ ഭൂരിപക്ഷമില്ലെന്ന് കണ്ട് ലോക്പാല്‍ ബില്‍ വോട്ടിനിടാതെ ചര്‍ച്ച നീട്ടിക്കൊണ്ടുപോകാന്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച തന്ത്രം പ്രതിപക്ഷത്തിന് പൊളിക്കാന്‍ കഴിഞ്ഞത് അന്‍സാരി സര്‍ക്കാറിന്‍െറ കളിക്ക് കൂട്ടുനില്‍ക്കാത്തതുകൊണ്ടായിരുന്നുവെന്ന കാര്യം ബി.ജെ.പി വിസ്മരിച്ചു. കേവലം ലോക്പാല്‍ ബില്‍ ആയിരുന്നില്ല ബി.ജെ.പിയുടെ പ്രശ്നം എന്ന് വ്യക്തമാണ്.
ഉപരാഷ്ട്രപതി പദത്തിലെത്തിയിട്ടും തന്‍െറ ഫാഷിസ്റ്റ് സാമ്രാജ്യത്വ വിരുദ്ധനിലപാടിലെ കാര്‍ക്കശ്യമാണ് അന്‍സാരിയെ ബി.ജെ.പിക്ക് അനഭിമതനാക്കിയത്. ഉപരാഷ്ട്രപതിയായ ശേഷവും ഗുജറാത്ത് വംശഹത്യയെ അപലപിച്ച അന്‍സാരി ഇറാനെതിരായി ഇന്ത്യ സ്വീകരിച്ച നിലപാട് ചോദ്യംചെയ്തതും ബി.ജെ.പിക്ക് സഹിക്കുന്നതായിരുന്നില്ല.ഉപരാഷ്ട്രപതിമാര്‍
1. ഡോ. സര്‍വേപ്പള്ളി രാധാകൃഷ്ണന്‍ (1952-1962)
2. ഡോ. സക്കീര്‍ ഹുസൈന്‍ (1962-1967)
3. വരാഹഗിരി വെങ്കടഗിരി (1967-1969)
4. ഗോപാല്‍ സ്വരൂപ് പതക് (1969-1974)
5. ബി.ഡി. ജട്ടി (1974-1979)
6. മുഹമ്മദ് ഹിദായത്തുല്ല (1979-1984)
7. ആര്‍. വെങ്കട്ടരാമന്‍ (1984-1987)
8. ഡോ. ശങ്കര്‍ദയാല്‍ ശര്‍മ (1987-1992)
9. കെ.ആര്‍. നാരായണന്‍ (1992-1997)
10. കൃഷ്ണകാന്ത് (1997-2002)
11. ഭൈറോണ്‍ സിങ് ശെഖാവത്ത് (2002-2007)
12. മുഹമ്മദ് ഹാമിദ് അന്‍സാരി (2007-2012)

നിങ്ങളുടെ അഭിപ്രായങ്ങള്‍