പാലക്കാട്: യു.ഡി.എഫ് ഉപസമിതിയുടേയും എം.എല്‍.എമാരുടേയും സന്ദര്‍ശനത്തിന് പിന്നാലെ പാലക്കാട് ജില്ലയിലെ സി.പി.എം എം.എല്‍.എമാരുടെ സംഘവും നെല്ലിയാമ്പതിയിലെത്തി. വിവാദമായ ചെറുനെല്ലി, കോടികള്‍ വായ്പയെടുത്ത് തട്ടിപ്പ് നടത്തിയ മീരാ ഫേ്ളാര്‍സ് എസ്റ്റേറ്റുകള്‍ സംഘം സന്ദര്‍ശിച്ചു.
എം.എല്‍.എമാരായ എം. ചന്ദ്രന്‍, എം. ഹംസ, വി. ചെന്താമരാക്ഷന്‍, കെ.എസ്. സലീഖ, കെ.വി. വിജയദാസ്, സി.പി.എം പാലക്കാട് ജില്ലാ സെക്രട്ടറി സി.കെ. രാജേന്ദ്രന്‍, കര്‍ഷകസംഘം ജില്ലാ സെക്രട്ടറി പി.കെ. സുധാകരന്‍, നെല്ലിയാമ്പതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചിത്തിരംപിള്ള, നെന്മാറ ഏരിയാ സെക്രട്ടറി കെ. ബാബു എന്നിവരടങ്ങിയ സംഘമാണ് നെല്ലിയാമ്പതി സന്ദര്‍ശിച്ചത്.
രാവിലെ പത്തോടെ ചെറുനെല്ലി എസ്റ്റേറ്റിലെത്തിയ സംഘം പാട്ടക്കരാര്‍ വ്യവസ്ഥകള്‍ ലംഘിച്ച് കൃഷി ചെയ്ത റബര്‍, കവുങ്ങ്, തെങ്ങ് തുടങ്ങിയവ കണ്ട ശേഷം വനംവകുപ്പ് ഉദ്യോഗസ്ഥരില്‍ നിന്ന് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. പിന്നീട്, വനംവകുപ്പ് ഏറ്റെടുത്ത മീര ഫേ്ളാര്‍സ് എസ്റ്റേറ്റിലെത്തി. ഇവിടെ സ്ത്രീതൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ പരാതിയുമായെത്തി. പരാതികള്‍ സര്‍ക്കാറിന്റെ ശ്രദ്ധയില്‍പെടുത്തുമെന്നും ഇടതുമുന്നണി സംസ്ഥാനനേതൃത്വത്തിന് റിപ്പോര്‍ട്ട് നല്‍കുമെന്നും എം.എല്‍.എമാര്‍ പറഞ്ഞു. ഇടതുസര്‍ക്കാരാണ് നെല്ലിയാമ്പതിയിലെ എസ്റ്റേറ്റ് ഏറ്റെടുക്കലിന് തുടക്കം കുറിച്ചത്. പാട്ടക്കരാര്‍ ലംഘിച്ച മുഴുവന്‍ തോട്ടങ്ങളും സര്‍ക്കാര്‍ ഏറ്റെടുക്കുകയും തൊഴിലാളികളുടെ സംരക്ഷണം ഉറപ്പാക്കുകയും വേണമെന്ന് എം.എല്‍.എമാര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. തീരുമാനം വൈകിയാല്‍ സി.പി.എം പ്രക്ഷോഭത്തിന് നേതൃത്വം നല്‍കും. ഹൈകോടതിയില്‍ വനം കേസുകള്‍ വാദിക്കാന്‍ കഴിവുള്ളവരെ നിയോഗിക്കണം. അടുത്ത മാസമാദ്യം പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ ഉള്‍പ്പെടുന്ന എല്‍.ഡി.എഫ് സംഘം നെല്ലിയാമ്പതി സന്ദര്‍ശിക്കുമെന്നും എം.എല്‍.എമാര്‍ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍