Tue, 08/07/2012 - 18:10 ( 41 weeks 3 daysago)
ദു:ഖപുത്രനായി വീണ്ടും ലിയു
(+)(-) Font Size
ദു:ഖപുത്രനായി വീണ്ടും ലിയു

ലണ്ടന്‍: വേദിയും വര്‍ഷവും ആള്‍ക്കൂട്ടവും മാറി; പക്ഷേ, ചൈനയുടെ ദു$ഖപുത്രന്‍ ലിയു സിയാങ്ങിന്‍െറ വിധി മാത്രം മാറിയില്ല. നാലു വര്‍ഷം മുമ്പ് സ്വന്തം മണ്ണിലെ കിളിക്കൂട്ടില്‍ നാട്ടുകാരെ കണ്ണീരിലാഴ്ത്തി ചോരപൊടിഞ്ഞ പാദവുമായി മൈതാനം വിട്ട ചൈനയുടെ 110 മീറ്റര്‍ ഹര്‍ഡ്ല്‍സ് താരം ലിയു സിയാങ് ലണ്ടന്‍ ഒളിമ്പിക്സിലും കണ്ണീര്‍കാഴ്ചയായി. 30ാമത് ഒളിമ്പിക്സിന്‍െറ മെഡല്‍ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് കുതിക്കുമ്പോള്‍ ഏറെ സന്തോഷിച്ച ചൈനക്കാര്‍ക്കെല്ലാം ഇന്നലെ ദു$ഖദിനമായിരുന്നു. അവര്‍ക്കൊപ്പം കായിക ആവേശത്തെ നെഞ്ചേറ്റി ഒളിമ്പിക്സ് വേദിയിലെത്തിയ പതിനായിരങ്ങളും ഇഴചേര്‍ന്നപ്പോള്‍ ലണ്ടന്‍ ഒളിമ്പിക്സ് സ്റ്റേഡിയം തെംസ് നദിയെ തോല്‍പിച്ച കണ്ണീര്‍പുഴയായി ഒഴുകി.
ബെയ്ജിങ് ഒളിമ്പിക്സിലെ നിരാശ ലണ്ടനില്‍ തീര്‍ക്കുമെന്ന് നാട്ടുകാര്‍ക്ക് ഉറപ്പുനല്‍കി ഹീറ്റ്സില്‍ മത്സരിക്കാനിറങ്ങിയ ലിയു 10 മീറ്റര്‍ പിന്നിടുമ്പോഴേക്കും ആദ്യ ഹര്‍ഡ്ലില്‍തന്നെ തട്ടിവീണു. 2004 ആതന്‍സ് ഒളിമ്പിക്സിലെ സ്വര്‍ണമെഡല്‍ ജേതാവായി ഒളിമ്പിക്സ് ട്രാക്കിലെ ചൈനയുടെ ആദ്യ സ്വര്‍ണനേട്ടക്കാരനായി മാറിയ പോസ്റ്റര്‍ ബോയിയുടെ വീഴ്ചയായിരുന്നു ഒളിമ്പിക്സ് വേദിയില്‍ ആവര്‍ത്തനമായത്. ഹര്‍ഡ്ല്‍സ് അവസാന ഹീറ്റ്സിലാണ് ലിയു ട്രാക്കില്‍ ഇറങ്ങിയത്. സ്റ്റാര്‍ട്ടിങ് ബ്ളോക്കില്‍ അണിനിരന്നവരില്‍ ഏറ്റവും മികച്ച തുടക്കം ലഭിച്ച കുതിപ്പിനിടെ ഞൊടിയിടയില്‍ അടിതെറ്റി.
ചൈന കാത്തിരുന്ന മത്സരത്തിന് പരിക്കുകളുടെ ആശങ്ക പടര്‍ത്തിയിരുന്നെങ്കിലും നാലു വര്‍ഷം മുമ്പത്തെ നഷ്ടങ്ങള്‍ക്ക് കണക്കുതീര്‍ക്കാന്‍ തങ്ങളുടെ പോസ്റ്റര്‍ ബോയ് ട്രാക്കിലിറങ്ങുമെന്ന് ചൈനക്കാര്‍ ഉറച്ചു വിശ്വസിച്ചു. മൂന്നു ദിവസം മുമ്പ് കോച്ച് സണ്‍ ഹെയ്പിങ്ങും ലിയുവിന്‍െറ പാദത്തിലെ പരിക്കിനെക്കുറിച്ച് ആശങ്ക അറിയിച്ചിരുന്നു. എങ്കിലും ഹീറ്റ്സിനായി ട്രാക്കിലെത്തിയ മുന്‍ ലോകചാമ്പ്യനെ ഗാലറി ആരവത്തോടെ ഉജ്ജ്വല വരവേല്‍പ് നല്‍കി. ആത്മവിശ്വാസത്തോടെ വാംഅപ്പിനു ശേഷം സ്റ്റാര്‍ട്ടിങ് ബ്ളോക്കില്‍ പ്രിയതാരവും അണിനിരന്നതോടെ സൂചിവീണാല്‍ കേള്‍ക്കുന്ന ഒരു നിമിഷത്തെ നിശ്ശബ്ദത. കുതിപ്പിന് വെടിമുഴങ്ങി നിമിഷങ്ങള്‍ക്കകം നിശ്ശബ്ദത കണ്ണീരിന് വഴിമാറി ലിയു സിയാങ് ട്രാക്കില്‍ വീണു.
ചൈനീസ് ടെലിവിഷനില്‍ ദൃക്സാക്ഷി വിവരണം നടത്തിയ കമന്‍േററ്റര്‍ വരെ കണ്ണീരോടെയാണ് ലിയുവിന്‍െറ വിടവാങ്ങല്‍ മുഴുമിപ്പിച്ചതെന്ന് ദ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു.
ചൈനയുടെ ആദ്യ ഒളിമ്പിക്സ് ട്രാക്ക് സ്വര്‍ണത്തിനു പുറമെ ആതന്‍സിലെ നേട്ടം ഏഷ്യയുടെ പ്രഥമ ട്രാക്ക് സ്വര്‍ണം കൂടിയായിരുന്നു. മൂന്നു തവണ ലോകറെക്കോഡ് തിരുത്തിക്കുറിച്ച ലിയു ഒരു തവണ ലോകചാമ്പ്യനുമായി. 2007 ഒസാക ലോകചാമ്പ്യന്‍ഷിപ്പിലാണ് സ്വര്‍ണം അണിഞ്ഞത്. 2005 ഹെല്‍സിങ്കി, 2011 ദെയ്ഗു ലോകചാമ്പ്യന്‍ഷിപ്പുകളില്‍ വെള്ളി നേടി. 2003 പാരീസില്‍ വെങ്കലവും നേടിയിരുന്നു. ഇന്നാണ് 110 മീറ്റര്‍ ഹര്‍ഡ്ല്‍സ് സെമി ഫൈനല്‍ മത്സരം.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus