Wed, 08/08/2012 - 01:28 ( 40 weeks 3 daysago)
രഞ്ജിത്തിന്‍െറ സെലക്ഷന്‍ വിമര്‍ശിക്കപ്പെടുന്നു
(+)(-) Font Size
രഞ്ജിത്തിന്‍െറ സെലക്ഷന്‍ വിമര്‍ശിക്കപ്പെടുന്നു

ന്യൂദല്‍ഹി: യോഗ്യതാറൗണ്ടില്‍ മൂന്നു ചാട്ടവും ഫൗളായി ഒളിമ്പിക്സ് ഫൈനലിലെത്താതെ പുറത്തായ മലയാളി ട്രിപ്പ്ള്‍ ജമ്പ് താരം രഞ്ജിത് മഹേശ്വരിയുടെ സെലക്ഷന്‍ വിവാദത്തില്‍. ദക്ഷിണ കൊറിയയില്‍ കഴിഞ്ഞവര്‍ഷം നടന്ന ലോക ചാമ്പ്യന്‍ഷിപ്പിലും മൂന്നു ചാട്ടവും ഫൗളായി രഞ്ജിത് പുറത്തായിരുന്നു.
വമ്പന്‍ വേദികളില്‍ ഇത്തരം പരാജയങ്ങള്‍ ഇന്ത്യന്‍താരങ്ങള്‍ക്ക് പുതുമയുള്ളതല്ല. 1960കളിലെ പ്രമുഖ ട്രിപ്പ്ള്‍ ജമ്പ് താരമായിരുന്ന മൊഹീന്ദര്‍ സിങ് ഗില്‍ 1972 മ്യൂണിക് ഒളിമ്പിക്സില്‍ മൂന്നു തവണ ചാടിയതും ഫൗളിലേക്കായിരുന്നു. ലോക ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം നേടി ചരിത്രമെഴുതിയ മലയാളി ലോങ്ജമ്പ് താരം അഞ്്ജു ബോബി ജോര്‍ജ് 2008 ബെയ്ജിങ് ഒളിമ്പിക്സിലും മൂന്നു ഫൗള്‍ ചാട്ടത്തിലൂടെ നിരാശജനകമായ പ്രകടനം നടത്തി.
ഒളിമ്പിക് യോഗ്യത നേടിയ രഞ്ജിത് മഹാമേളക്കായി തയാറെടുപ്പൊന്നും നടത്തിയില്ലെന്ന വിമര്‍ശമാണ് ഇപ്പോള്‍ ഉയരുന്നത്. മേയ് മധ്യത്തിനുശേഷം ഒരു മത്സരത്തില്‍പോലും പങ്കെടുക്കാതെയാണ് രഞ്ജിത് ലണ്ടനിലേക്ക് പറന്നത്. ഒളിമ്പിക്സിന് കാര്യമായ ഒരുക്കം നടത്താതിരുന്ന മലയാളി താരത്തോട് ഫിറ്റ്നസ് ടെസ്റ്റിന് ഹാജരാകാന്‍ അധികൃതര്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍, ഒളിമ്പിക്സിന് പോവാനുള്ള പൂര്‍ണ ഫിറ്റ്നസ് രഞ്ജിത്തിന് ഉണ്ടായിരുന്നില്ലെന്ന് പേര് വെളിപ്പെടുത്തരുതെന്ന അഭ്യര്‍ഥനയോടെ സെലക്ഷന്‍ കമ്മിറ്റി അംഗങ്ങളില്‍ ഒരാള്‍ പി.ടി.ഐയോട് പറഞ്ഞു.
‘ രണ്ടു മാസത്തിലധികമായി ഒരു മത്സരത്തിലും പങ്കെടുക്കാതെയാണ് രഞ്ജിത് ഒളിമ്പിക്സിന് യാത്രയായത്. ഇറ്റലിയില്‍ പരിശീലനത്തിലായിരുന്ന അവന്‍ അവിടെ ഒരു മത്സരത്തിലും പങ്കെടുത്തില്ല. രഞ്ജിത്തിന്‍െറ സെലക്ഷനെ ഞാന്‍ എതിര്‍ത്തിരുന്നെങ്കിലും അവന് കുഴപ്പമൊന്നുമില്ലെന്ന് ചീഫ് കോച്ച് പറഞ്ഞു. ഒളിമ്പിക്സിനായി ശാരീരികമായും മാനസികമായും ഫിറ്റല്ലായിരുന്നു രഞ്ജിത് -സെലക്ഷന്‍ കമ്മിറ്റി അംഗം വ്യക്തമാക്കി.
കാര്യമായ പ്രകടനം നടത്തുന്നതിലുപരി വിവിധ സ്ഥലങ്ങളില്‍ ഒരു ടൂറിസ്റ്റിനെയെന്നപോലെ പോകാനാണ് രഞ്ജിത്തിന് താല്‍പര്യമെന്ന് പേരു വെളിപ്പെടുത്താത്ത വെറ്ററന്‍ കോച്ചിനെ ഉദ്ധരിച്ച് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.
രഞ്്ജിത്തിനൊപ്പം മലയാളി വനിതാ ലോങ്ജമ്പ് താരം മയൂഖ ജോണിയും മാരത്തണ്‍ താരം രാംസിങ് യാദവും ഫിറ്റ്നസ് തെളിയിക്കണമെന്ന് അത്ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ സെലക്ഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു. ഊട്ടിയില്‍ പരിശീലനത്തിലായിരുന്ന യാദവ് കോയമ്പത്തൂരില്‍ എ.എഫ്.ഐ ടെക്നിക്കല്‍ ഒഫീഷ്യസില്‍സിനു മുമ്പാകെ 10 കിലോമീറ്റര്‍ ഓടി ഫിറ്റ്നസ് തെളിയിച്ചിരുന്നു. എന്നാല്‍, വിദേശത്ത് പരിശീലനം നടത്തുകയായിരുന്ന രഞ്ജിത്തും മയൂഖയും അവിടെ പരിശീലിപ്പിച്ച കോച്ചുമാരില്‍നിന്ന് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് വാങ്ങി നല്‍കുകയായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus