ചേര്‍ത്തല: താലൂക്കാശുപത്രിക്ക് ഈമാസം ദേശീയ അംഗീകാരം ലഭിക്കുമെന്ന് സൂചന. ഇതിനായി നാഷനല്‍ അക്രഡിറ്റേഷന്‍ ഓഫ് ഹോസ്പിറ്റല്‍സിന്‍െറ (എന്‍ .എ.ബി.എച്ച്) അന്തിമ പരിശോധന ഞായറാഴ്ച പൂര്‍ത്തിയായി. പരിമിത സൗകര്യങ്ങളാല്‍ വീര്‍പ്പുമുട്ടിയിരുന്ന താലൂക്കാശുപത്രിയെ സൗകര്യങ്ങള്‍ വര്‍ധിപ്പിച്ച് ദേശീയ നിലവാരത്തിലെത്തിക്കുന്നതിനുള്ള നടപടികള്‍ 2008ലാണ് ആരംഭിച്ചത്.
തുടര്‍ന്ന് പഴയ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റുകയും പുതിയ കെട്ടിടങ്ങള്‍ നിര്‍മിക്കുകയും ചെയ്തു. സ്വകാര്യ ആശുപത്രികളില്‍ ഉണ്ടാകുന്നതിലധികം ആധുനിക സൗകര്യങ്ങളും സജ്ജീകരിക്കപ്പെട്ടു. കേന്ദ്രീകൃത ശീതീകരണ സംവിധാനമുള്ള ആധുനിക ഓപറേഷന്‍ തിയറ്ററും ഭീമന്‍ അലക്കുയന്ത്രവും കുറ്റമറ്റ വൈദ്യസംവിധാനവും ഏര്‍പ്പെടുത്തിയതോടെ എന്‍.എ.ബി.എച്ച് നിര്‍ദേശിച്ച എല്ലാ സൗകര്യങ്ങളും ഇവിടെ പൂര്‍ത്തിയായിട്ടുണ്ട്.
ക്വാളിറ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ (ക്യു.സി.ഐ) അംഗീകൃത പരിശോധകനായ ഡോ. സഞ്ജീവ് സിങ്ങാണ് ഡി.എം.ഒ ഡോ. കെ.എം. സിറാബുദ്ദീന്‍, എന്‍.ആര്‍.എച്ച്.എം ചീഫ് ക്വാളിറ്റി അഷ്വറന്‍സ് ഓഫിസര്‍ ഡോ. സന്ദീപ്, ഡോ. എല്‍. മനോജ് എന്നിവരോടൊപ്പം അവസാനഘട്ട പരിശോധനക്കെത്തിയത്. നിര്‍ദേശിച്ചതിലും മികച്ച സൗകര്യങ്ങളും സംവിധാനങ്ങളും ഇവിടെയുള്ളതായി ഡോ. സിങ് അഭിപ്രായപ്പെട്ടെന്നും ആശുപത്രിയില്‍ നിന്ന് നല്‍കേണ്ട റിപ്പോര്‍ട്ടുകള്‍ ഒരാഴ്ചക്കകം ക്യു.സി.ഐക്ക് കൈമാറുമെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.
നിലവില്‍ എറണാകുളം ജനറല്‍ ആശുപത്രിക്ക് മാത്രമാണ് ദേശീയ അംഗീകാരം ലഭിച്ചിട്ടുള്ളത്. ചേര്‍ത്തല താലൂക്കാശുപത്രിക്ക് അംഗീകാരം ലഭിച്ചാല്‍ ദേശീയ അംഗീകാരം ലഭിക്കുന്ന ആദ്യത്തെ താലൂക്കാശുപത്രിയായി ഇത് മാറും.
നിങ്ങളുടെ അഭിപ്രായങ്ങള്‍