ഒറ്റക്ക് നില്‍ക്കുന്നതാണ് നല്ലതെന്ന് തോന്നി റെനോയെ ഡൈവോഴ്സ് ചെയ്തശേഷം മഹീന്ദ്രക്കും കുഞ്ഞ് വെരീറ്റോക്കും നല്ല കാലമാണ്. പഴയതൊന്നും ആരും ഓര്‍ക്കരുതെന്ന് കരുതിയാവാം ആദ്യം നല്‍കിയ ലോഗന്‍ എന്ന പേര് തേച്ച്മായ്ച്ച് വെരീറ്റോയെന്നാക്കിയാണ് മഹീന്ദ്ര സ്വന്തം കച്ചവടം തുടങ്ങിയത്. മുഖത്ത് നോക്കിയാല്‍ നിലത്ത് തുപ്പില്ല എന്നുറപ്പുള്ള ആദ്യ രൂപം കൂടി മാറ്റിയതോടെ സമയം തെളിഞ്ഞു. അതോടെ പത്ത് പന്ത്രണ്ട് വെരീറ്റോ ഒന്നിച്ചു വില്‍ക്കാന്‍ ഉല്‍സവ കാലം വരണമെന്ന സ്ഥിതി മാറിക്കിട്ടി. പക്ഷേ വിപണിയിലെ മുന്‍നിരക്കാരുടെ ഏഴയല്‍വക്കത്ത് എത്താന്‍ പറ്റുന്നില്ലെന്ന് മാത്രം. വണ്ടിയുടെ സ്വഭാവത്തെക്കുറിച്ച് ആര്‍ക്കും എതിരഭിപ്രായമില്ല. പോകുന്ന വഴി ആരെയും ചതിച്ചതായി ഇതുവരെയുള്ള ജീവചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുമില്ല. രുപം മാത്രം മാറ്റിയാല്‍ മതി ജനങ്ങള്‍ ബാക്കി ചെയ്തോളും എന്നതാണ് സ്ഥിതി. ഏതായാലും വാലും തലയും മിനുക്കിയ വെരീറ്റോയെ ഒരിക്കല്‍ കൂടി വില്‍പനക്കെത്തിച്ചിരിക്കുകയാണ് മഹീന്ദ്ര. ലോഗന്റെകാലം മുതല്‍ നിലനില്‍ക്കുന്ന ചതുരപ്പെട്ടി രൂപം മാറിയെന്നതാണ് പ്രധാന ഗുണം. ക്രോമിയത്തില്‍ ആറാടിയ പുതിയ ഗ്രില്‍, ഹെഡ്ലൈറ്റ്, ഫോഗ് ലാമ്പ്, എയര്‍ഡാം, ഉരുണ്ട അരികുകളുള്ള ബമ്പര്‍ എന്നിവയൊക്കെ മുന്നിലെ മാറ്റങ്ങള്‍. പിന്നിലെ നമ്പര്‍പ്ളേറ്റ് ബൂട്ടിന് നടുവിലേക്കെത്തി. ഒപ്പം ഒരു ക്രോം സ്ട്രിപ്പുകൂടിയായപ്പോള്‍ സംഗതി ഗംഭീരമായി. അകത്ത് ഡാഷ് ബോര്‍ഡും സ്വിച്ചുകളും പുതുക്കി. പവര്‍ വിന്‍ഡോ സ്വിച്ചുകളുടെ സ്ഥാനം മാറി. സൈലോയില്‍നിന്ന് വാങ്ങിയ മ്യൂസിക് സിസ്റ്റമാണ് പാട്ടുപാടുന്നത്. പക്ഷേ വെരീറ്റോയുടെ എന്‍ജിന് മാറ്റമൊന്നുമില്ല. 1.4 ലിറ്റര്‍ എം.പി.എഫ്.ഐ പെട്രോള്‍ എന്‍ജിനും 1.5 ലിറ്റര്‍ ഡി.സി.ഐ സി.ആര്‍.ഡി.ഐ ഡീസല്‍ എന്‍ജിനും തന്നെയാണ് ഇതിലുമുള്ളത്. എട്ട് നിറങ്ങളില്‍ രണ്ടുതരം പെട്രോള്‍ എഞ്ചിനും മൂന്നു തരം ഡീസല്‍ എഞ്ചിനും കിട്ടും. 5.27 ലക്ഷം മുതല്‍ 7.14 ലക്ഷം വരെയാണ് വില. ഒരു ലിറ്റര്‍ പെട്രോളിന് 14.04 കിലോമീറ്ററും ഡീസലിന് 21.03 കിലോമീറ്ററും ഓടാനുള്ള ശേഷിയുണ്ടെന്നാണ് എആര്‍എഐ പറയുന്നത്. എങ്കിലും ഡ്രൈവറുടെ പീഢനമനുസരിച്ച് മൈലേജില്‍ മാറ്റം വരുത്താന്‍ എഞ്ചിന് അധികാരമുണ്ടായിരിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍