12:30:26
25 May 2013
Saturday
Facebook
Twitter
Rssfeed

മൂന്നുമാസത്തിനകം ജില്ലയെ വ്യാജമദ്യവിമുക്തമാക്കാന്‍ നടപടി

ആലപ്പുഴ: മൂന്നുമാസത്തിനുള്ളില്‍ ആലപ്പുഴയെ വ്യാജമദ്യ-മയക്കുമരുന്ന് വിമുക്ത ജില്ലയാക്കാന്‍ നടപടിയെടുക്കുമെന്ന് കലക്ടര്‍ പി. വേണുഗോപാല്‍. അനധികൃത മദ്യത്തിന്‍െറ ഉല്‍പ്പാദനവും വിതരണവും തടയുന്നത് സംബന്ധിച്ച് കലക്ടറേറ്റില്‍ ചേര്‍ന്ന ജില്ലാതല ജനകീയ സമിതി യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
ഓണത്തോടനുബന്ധിച്ച് അനധികൃത മദ്യത്തിന്‍െറ ഉല്‍പ്പാദനവും വില്‍പ്പനയും തടയാന്‍ പഞ്ചായത്തുകളിലും നഗരസഭകളിലും ജനകീയസമിതി യോഗം ചേരും. ഇതില്‍ പൊലീസ്-റവന്യൂ-എക്സൈസ് വകുപ്പുകള്‍ പങ്കെടുക്കും. മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ചവെച്ച എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് ഗുഡ് സര്‍വീസ് എന്‍ട്രിക്ക് ശിപാര്‍ശ നല്‍കും.
ലഹരിമരുന്ന് ഉപയോഗം തടയാന്‍ ഹൗസ്ബോട്ടുകള്‍ പരിശോധിക്കും. ബോട്ടുകള്‍ പുറപ്പെടുമ്പോഴും തിരിച്ചെത്തുമ്പോഴുമാണ് പരിശോധന. നിരോധിച്ച, പായ്ക്കറ്റിലാക്കിയ ലഹരിവസ്തുക്കള്‍ പിടിച്ചെടുക്കാനായി പൊലീസ്-റവന്യൂ-എക്സൈസ് സംയുക്ത റെയ്ഡുകള്‍ നടത്തും. ജില്ലയിലെ പ്രഫഷനല്‍ കോളജുകളില്‍ ലഹരിവസ്തുക്കളുടെ ഉപയോഗമുണ്ടോയെന്ന് പരിശോധിക്കും.
അനധികൃത മദ്യ വില്‍പ്പന തടയാന്‍ എക്സൈസ്-പൊലീസ് വകുപ്പുകള്‍ സ്വീകരിച്ച നടപടി എല്ലാ ആഴ്ചയും റിപ്പോര്‍ട്ട് നല്‍കണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചു. രണ്ടരമാസത്തിനിടെ വ്യാജമദ്യ-ലഹരിവസ്തു ഉല്‍പ്പാദനവും വില്‍പ്പനയുമായി ബന്ധപ്പെട്ട് ജില്ലയില്‍ 273 കേസുകളെടുത്തെന്നും 248 പേരെ അറസ്റ്റ് ചെയ്തെന്നും എക്സൈസ് ഡെപ്യൂട്ടി കമീഷണര്‍ മുരളികുമാര്‍ അറിയിച്ചു.
കായംകുളത്ത് മദ്യപശല്യം ഏറിയതായും കുറ്റിക്കാടുകളും ഒഴിഞ്ഞ കെട്ടിടങ്ങളും കേന്ദ്രീകരിച്ച് ലഹരിവില്‍പ്പന നടക്കുന്നതായും നഗരസഭാ ചെയര്‍പേഴ്സണ്‍ അമ്പിളി സുരേഷ് പറഞ്ഞു.
മുതുകുളം ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് ഷാമില ബഷീര്‍, ചെങ്ങന്നൂര്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ സുജ ജോണ്‍, ഹരിപ്പാട് ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് സി. സുജാത, രമേശ് ചെന്നിത്തല എം.എല്‍.എയുടെ പ്രതിനിധി ഷംസുദ്ദീന്‍ കായിപ്പുറം, എക്സൈസ്-പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവരും പങ്കെടുത്തു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com