തിരുവനന്തപുരം: നഗരസഭാ പരിധിയില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരുടെ നേതൃത്വത്തില്‍ വിവിധ ഹോട്ടലുകളില്‍ പരിശോധന തുടരുന്നു. നവീകരണത്തിനുള്ള നിര്‍ദേശം പാലിക്കാത്ത മൂന്ന് ഹോട്ടലുകള്‍ക്ക് വീണ്ടും നോട്ടീസ് നല്‍കി.
മുഴുവന്‍ ഹെല്‍ത്ത് സര്‍ക്കിളിലെയും ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരുടെ പ്രതിവാര റിവ്യു യോഗവും നടന്നു. ഒരാഴ്ചയായി പൊതുനിരത്തില്‍ മാലിന്യം നിക്ഷേപിച്ച 19 പേര്‍ക്കെതിരെ നടപടി സ്വീകരിക്കുകയും പിഴയായി 50,300 രൂപ ഈടാക്കുകയും ചെയ്തു. നഗരത്തിലെ 73 ഹോട്ടലുകള്‍ പരിശോധിച്ചു. ന്യൂനതകള്‍ കണ്ടെത്തിയ 71 ഹോട്ടലുകള്‍ക്ക് ശുചിത്വനിലവാരം ഉയര്‍ത്താന്‍ നോട്ടീസ് നല്‍കി.
105 കടകള്‍ പരിശോധിച്ചതില്‍ നിരോധിത പ്ളാസ്റ്റിക് കണ്ടെത്തിയ 16 കടകള്‍ക്ക് നോട്ടീസ് നല്‍കി. നിരോധിത പ്ളാസ്റ്റിക് പിടിച്ചെടുത്ത സ്ഥാപനങ്ങളുടെ പേര്‍ക്ക് ശിക്ഷണനടപടിക്ക് ശിപാര്‍ശ ചെയ്തു.
പകര്‍ച്ചവ്യാധികള്‍ തടയുന്ന പ്രവര്‍ത്തനങ്ങളും ഉറവിടത്തില്‍ മാലിന്യം സംസ്കരിക്കുന്ന പദ്ധതിയുമായി ബന്ധപ്പെട്ട് പൈപ്പ് കമ്പോസ്റ്റ് യൂനിറ്റുകള്‍ സ്ഥാപിക്കുന്നതും ഊര്‍ജിതമാക്കാന്‍ തീരുമാനിച്ചു.മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെ മുനിസിപ്പല്‍ ആക്ട് അനുസരിച്ച് നടപടി സ്വീകരിക്കുമെന്നും നഗരസഭാ അഡീഷനല്‍ സെക്രട്ടറിയും ഹെല്‍ത്ത് ഓഫിസറും അറിയിച്ചു.
ഭക്ഷ്യസുരക്ഷാ കമീഷണറുടെ നിര്‍ദേശങ്ങള്‍ പാലിക്കാത്തതിന്‍െറ പേരില്‍ പി.ടി.പി നഗറിലെ വാട്ടര്‍ അതോറിറ്റി കാന്‍റീന്‍, അമ്പലംമുക്കിലെ ചന്ദ്രഫുഡ് പ്രൊഡക്റ്റ്, മെഡിക്കല്‍ കോളജിലെ കാറ്ററിങ് വര്‍ക്കേഴ്സ് കോഓപറേറ്റീവ് സൊസൈറ്റി കാന്‍റീന്‍ എന്നിവക്കാണ് വീണ്ടും നോട്ടീസ് നല്‍കിയത്. എ.ജി ഓഫിസ് കാന്‍റീനിലെ ഭക്ഷണത്തെക്കുറിച്ച് പരാതി ഉയര്‍ന്നതിനാല്‍ സംഘം പരിശോധിച്ചു. ഒന്നും കണ്ടെത്താനാവാത്തതിനാല്‍ നടപടിയെടുക്കാതെ സാമ്പാര്‍ നശിപ്പിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍