12:30:26
19 May 2013
Sunday
Facebook
Twitter
Rssfeed

സാമൂഹികവിരുദ്ധര്‍ അഴിഞ്ഞാടി; പൊലീസ് വാഹനങ്ങള്‍ തകര്‍ത്തു

വിളപ്പില്‍ശാല: സമരത്തിന്‍െറ മറപറ്റി വിളപ്പില്‍ശാലയിലുണ്ടായ സാമൂഹികവിരുദ്ധ അഴിഞ്ഞാട്ടത്തില്‍ നിരവധി പൊലീസ് വാഹനങ്ങള്‍ തകര്‍ത്തു. സംശയിക്കുന്ന ചിലരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ വിട്ടുകിട്ടാന്‍ പൊലീസ് സ്റ്റേഷനില്‍ വിവിധ രാഷ്ട്രീയ കക്ഷി പ്രവര്‍ത്തകരും നാട്ടുകാരും തടിച്ചുകൂടിയത് സംഘര്‍ഷാവസ്ഥക്കിടയാക്കി. വിളപ്പില്‍ശാല ക്ഷേത്രം ജങ്ഷനില്‍ ജില്ലാ ഭരണകൂടം സമരം ഒത്തുതീര്‍ക്കുന്നതിനിടെ വിളപ്പില്‍ശാല ആശുപത്രി ജങ്ഷനില്‍ സാമൂഹികവിരുദ്ധര്‍ ആരുമില്ലാത്ത തക്കം നോക്കി ആക്രമണം അഴിച്ചുവിടുകയായിരുന്നു.
റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന രണ്ട് പൊലീസ് ജീപ്പുകള്‍ റോഡിന്‍െറ മധ്യത്തും ഓടയിലുമായി ഇവര്‍ മറിച്ചിട്ടു. വലിയ വാനുകളുള്‍പ്പെടെ ആറ് പൊലീസ് വാഹനങ്ങള്‍ എറിഞ്ഞും അടിച്ചും തകര്‍ത്തു. കൂടാതെ മാരുതി കാറും ഓട്ടോയും തകര്‍ത്തു. പൊലീസ് നടപടി നിര്‍ത്താന്‍ സംയുക്ത സമരസമിതി പ്രവര്‍ത്തകരെ അറിയിച്ചശേഷം പൊലീസ് അധികൃതര്‍ മടക്കയാത്രക്കൊരുങ്ങുമ്പോഴാണ് വാഹനങ്ങള്‍ തകര്‍ക്കപ്പെട്ട നിലയില്‍ കണ്ടത്. പൊലീസിനെക്കണ്ട് അവര്‍ക്ക് നേരെ സംഘങ്ങളായി ചെറുപ്പക്കാരുടെ ഗ്രൂപ്പുകള്‍ കല്ലേറ് തുടങ്ങി. അവരെ പിടിക്കുന്നതിനിടയില്‍ കൈയില്‍ കിട്ടിയ നിരപരാധികളെയും പൊലീസ് ലാത്തിക്കടിച്ച് സ്റ്റേഷനിലെത്തിച്ചു. ഇവരെ ഇറക്കാന്‍ ബന്ധുക്കളും രാഷ്ട്രീയക്കാരും സ്റ്റേഷനില്‍ തടിച്ചുകൂടിയതോടെ സ്റ്റേഷന്‍ പരിസരം സംഘര്‍ഷഭൂമിയായി.
ആക്രമണം അഴിച്ചുവിട്ടവരെ പിടികൂടാന്‍ ഒരു മണിക്കൂറിലധികം സമയം പൊലീസ് വ്യാപക റെയ്ഡ് നടത്തി കണ്ണില്‍ കണ്ടവരെയൊക്കെ പിടികൂടി സ്റ്റേഷനിലെത്തിക്കുകയായിരുന്നു. നിരപരാധികളായവര്‍ക്കും പൊലീസിന്‍െറ ചൂരല്‍ പ്രയോഗത്തിനിരയാകേണ്ടിവന്നു. സമരത്തോടനുബന്ധിച്ച് റോഡ് ഉപരോധിച്ചതിനും വാഹനങ്ങള്‍ തകര്‍ത്തതിനും ഹൈകോടതി ഉത്തരവ് ലംഘിച്ചതിനുമെതിരെ കണ്ടാലറിയാവുന്ന 150 പേരുള്‍പ്പെടെ നിരവധി പേര്‍ക്കെതിരെ വിളപ്പില്‍ശാല പൊലീസ് കേസെടുത്തു. ഇതിനിടെ തീയണയ്ക്കാന്‍ ചെങ്കല്‍ചൂള ഫയര്‍ സ്റ്റേഷനില്‍നിന്നെത്തിയ ടീമിനെ സമരാനുകൂലികളായ ഒരു സംഘം കൊല്ലംകോണത്ത് തടയുകയും വാഹനത്തിലുണ്ടായിരുന്നവരെ മര്‍ദിക്കുകയും ചെയ്തു. ഡ്രൈവര്‍ സജീവന്‍െറ കൈയൊടിച്ചു. കണ്ണില്‍ ചില്ല് തെറിച്ച് പരിക്കേറ്റു. ഇയാളെ കണ്ണാശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്റ്റേഷന്‍ ഓഫിസര്‍ ഗില്‍ബര്‍ട്ട്, ജി.ഡി ഫയര്‍മാന്‍ ജയകുമാര്‍, ഫയര്‍മാന്മാരായ അജിത്കുമാര്‍, മോഹനന്‍ എന്നിവര്‍ക്കും പരിക്കേറ്റു. ശംഖുംമുഖം എ.സി കെ.എസ്. വിമല്‍, സി.ഐ ഹീര, വനിതാ പൊലീസ് ഷീജ ഉള്‍പ്പെടെ എട്ടോളം പൊലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com