12:30:26
20 Jun 2013
Thursday
Facebook
Google Plus
Twitter
Rssfeed

വിളപ്പില്‍ ഗ്രാമം ഉറങ്ങാതെ കാവലിരുന്നു

വിളപ്പില്‍ശാല: രാവിലെ 10.10 മുതല്‍ ഉച്ച 12.10 വരെയുള്ള രണ്ട് മണിക്കൂര്‍ വിളപ്പില്‍ ജനതക്ക് നിര്‍ണായകമായ സമയമായിരുന്നു. ലാത്തിയും തോക്കുമായി നിന്ന സായുധ സേനക്ക് മുന്നില്‍ ഒരുമയോടെ എന്തിനും തയാറായി അവര്‍ നിന്നു. വ്യാഴാഴ്ച വൈകുന്നേരം ആറ് മണി മുതല്‍ വെള്ളിയാഴ്ച വൈകുന്നേരം ആറ് വരെ നിരോധാജ്ഞ പ്രഖ്യാപിച്ചത് മുതല്‍ വിളപ്പില്‍ശാലക്കാര്‍ ജാഗരൂകരായി. ഗ്രാമവാസികള്‍ വ്യാഴാഴ്ച ഉച്ച മുതല്‍ക്ക് തന്നെ വിളപ്പില്‍ശാല ക്ഷേത്ര ജങ്ഷനില്‍ തടിച്ചുകൂടി. സ്ത്രീകളും കുട്ടികളുമടക്കം ആയിരങ്ങളാണ് പ്രതിരോധവുമായി എത്തിയത്. ഊണും ഉറക്കവും വെടിഞ്ഞ് അവര്‍ കാത്തിരുന്നു. ഒരിക്കല്‍ പോലും സംയമനത്തിന്‍െറ പാത കൈവിട്ടില്ല. ഗ്രാമവാസികളൊന്നടങ്കം പുലര്‍ച്ചെ തന്നെ റോഡിലെത്തി കാത്തുനിന്നു. സമരം ദിശ മാറുന്ന മുറയ്ക്ക് തന്ത്രങ്ങളും അവര്‍ ആവിഷ്കരിച്ചു നടപ്പാക്കി. ആദ്യം പൊങ്കാല തടയണ. പിന്നെ പുരുഷന്മാരുടെ പ്രതിരോധം. അതിന് പിന്നില്‍ കുഞ്ഞുങ്ങളുള്‍പ്പെടെ സ്ത്രീകളുടെ വന്‍പട, ഇവഭേദിച്ച് മുന്നേറാന്‍ കഴിഞ്ഞേക്കുമെന്ന തോന്നല്‍ പൊലീസിന് ആദ്യം നല്‍കി പെട്ടെന്ന് സമരമുറ മാറ്റി.
ക്ഷേത്ര ജങ്ഷന്‍ മുതല്‍ ചവര്‍ ഫാക്ടറി സ്ഥിതി ചെയ്യുന്ന രണ്ട് കിലോ മീറ്ററോളം ദൂരം സമരക്കാര്‍ അനവധി ഗ്രൂപ്പുകളായി തിരിഞ്ഞ് പ്രതിരോധനിര ശക്തമാക്കി. പൊലീസിന് ഒരിക്കലും മുന്നേറാന്‍ കഴിയാത്തവിധം തീകൂട്ടി വഴി പൂര്‍ണമായും അടച്ച് തടസ്സം സൃഷ്ടിക്കലായിരുന്നു സമരക്കാരുടെ ഇത്തവണത്തെ തന്ത്രം. അത് തുടക്കത്തില്‍ തന്നെ ഫലം കണ്ടു. ക്ഷേത്ര ജങ്ഷനില്‍ ഉയര്‍ന്ന വന്‍ അഗ്നികുണ്ഡത്തിന് മുന്നില്‍ ഏറെനേരം പൊലീസ് കാഴ്ചക്കാരായി. തീയണക്കാനെത്തിയ വരുണിന് സംഭവസ്ഥലത്തേക്കെത്താന്‍ അരമണിക്കൂറോളം വേണ്ടിവന്നു.
പൊലീസ് നടപടിക്ക് മുമ്പ് തന്നെ റോഡില്‍ ഇരുവശങ്ങളിലായി പൊങ്കാലയിടല്‍ തുടങ്ങി. മുന്നറിയിപ്പ് നല്‍കാതെയാണ് അറസ്റ്റ് നടപടികള്‍ക്ക് പൊലീസ് തുടക്കം കുറിച്ചത്. അടുപ്പുകളിലെ തീ നാട്ടുകാര്‍ക്കും പൊലീസുകാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും അപകടം വിതച്ചേക്കുമെന്ന സ്ഥിതിവിശേഷത്തിലുമായി. ഇതിനുപിന്നാലെ പ്രദേശത്തെ മുഴുവന്‍ വിഴുങ്ങുംവണ്ണം പ്രതിഷേധക്കാര്‍ തീക്കുണ്ഡങ്ങള്‍ തയാറാക്കി പ്രതിരോധം തീര്‍ത്തു. ഒരുതരത്തിലും വിളപ്പില്‍ശാലയിലെ ജനങ്ങളെ ബലപ്രയോഗത്തിലൂടെ കീഴടക്കി ചവര്‍ ഫാക്ടറിയിലേക്ക് യന്ത്രസാമഗ്രികളെത്തിക്കാന്‍ കഴിയില്ലെന്ന് ജില്ലാ ഭരണകൂടത്തിന് അതോടെ മനസ്സിലായി.
വിളപ്പില്‍ നിവാസികളുടെ സമരത്തിന് പിന്തുണയുമായി എന്‍. ശക്തന്‍ തുടക്കം മുതല്‍ തന്നെ സന്നിഹിതനായിരുന്നു. സമരം തുടങ്ങി ഹൈകോടതിയുടെ നടപടി നിര്‍ത്തിവെക്കാനുള്ള താല്‍കാലിക ഉത്തരവ് എത്തി അത് എ.ഡി.എം ജനങ്ങളെ പരസ്യമായി അറിയിച്ച് പിന്‍വാങ്ങുന്നതുവരെ ശക്തന്‍ സ്ഥലത്തുണ്ടായിരുന്നു.
ശക്തമായ പ്രതിഷേധമുണ്ടായിട്ടും പൊലീസിന് നേരെ വിളപ്പില്‍ ജനത പ്രകോപിതരായില്ല. പൊലീസ് അനിഷ്ടകരമായ നടപടിക്കും തയാറായില്ല.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com