തിരുവനന്തപുരം: വിളപ്പില്‍ശാല മാലിന്യസംസ്കരണ ഫാക്ടറി ഇനി അടഞ്ഞ അധ്യായത്തിലേക്ക്. ഒരു ദശാബ്ദത്തിലധികം തലസ്ഥാന നഗരത്തിന്‍െറ മാലിന്യം ചുമന്ന വിളപ്പില്‍ശാലയിലെ ജനങ്ങള്‍ തീര്‍ത്ത പ്രതിരോധത്തിന് മുന്നില്‍ ഭരണകൂടം നിസ്സഹായമായതോടെ ഫാക്ടറി ഇനി തുറക്കാന്‍ കഴിയില്ലെന്ന് ഏതാണ്ട് ഉറപ്പായി. നഗരസഭ നല്‍കിയ ഹരജിയുടെ അടിസ്ഥാനത്തിലാണ് ഫാക്ടറി തുറപ്പിക്കാന്‍ സര്‍ക്കാറിനോട് ഹൈകോടതി ആവശ്യപ്പെട്ടത്. ഇത് രണ്ടാം തവണയാണ് ശ്രമം നടന്നത്. മാലിന്യം കൊണ്ടുപോകാന്‍ ഫെബ്രുവരി 13ന് നടത്തിയ ആദ്യശ്രമവും ജനകീയ പ്രതിധോധത്തില്‍ വിഫലമാവുകയായിരുന്നു. പിന്നീട് ഫാക്ടറിയിലെ ലീച്ചേറ്റ് ട്രീറ്റ്മെന്‍റ് പ്ളാന്‍റിലേക്ക് യന്ത്രങ്ങള്‍ കൊണ്ടുപോകാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭ ഹൈകോടതിയെ സമീപിച്ചു. കോടതിവിധിയുടെ പശ്ചാത്തലത്തിലാണ് യന്ത്രങ്ങള്‍ കൊണ്ടുപോകാന്‍ തീരുമാനിച്ചത്. നിലനില്‍പിനായി ഒരു പ്രദേശത്തെ ജനത ഒന്നാകെ ജാതിയും മതവും രാഷ്ട്രീയവും മറന്ന് മുന്നിട്ടിറങ്ങിയപ്പോള്‍ ഭരണകൂടത്തിന്‍െറ കണക്കുകൂട്ടലുകള്‍ മുഴുവന്‍ തെറ്റുന്നതാണ് വിളപ്പില്‍ശാലയില്‍ വെള്ളിയാഴ്ച കണ്ടത്. രണ്ടുമാസം പ്രായമുള്ള കൈക്കുഞ്ഞ് ഉള്‍പ്പെടെയുള്ള ആബാലവൃദ്ധം ജനങ്ങളുടെ പ്രതിരോധത്തിനുമുന്നില്‍ രണ്ടായിരത്തോളം വരുന്ന പൊലീസിന്‍െറ ശക്തി നിഷ്പ്രഭമായി. ഫാക്ടറിക്കെതിരെ ആരംഭിച്ച നീണ്ടനാളത്തെ പ്രതിഷേധത്തിനൊടുവില്‍ വിളപ്പില്‍ പഞ്ചായത്തിന്‍െറ നേതൃത്വത്തില്‍ 2011 ഡിസംബര്‍ 21നാണ് ഫാക്ടറി പൂട്ടിയത്. ആര്‍.ഡി.ഒയുടെ നേതൃത്വത്തില്‍ പിന്നീട് തുറന്നെങ്കിലും മാലിന്യം കൊണ്ടുവരാന്‍ അനുവദിക്കില്ലെന്ന് പഞ്ചായത്തും ജനങ്ങളും ഒന്നടങ്കം വ്യക്തമാക്കി. അതാണ് കോടതി നടപടികളിലേക്ക് നയിച്ചത്. എന്നാല്‍ ജനങ്ങളുടെ പ്രതിഷേധത്തിന് മുന്നില്‍ കോടതിവിധികളൊന്നും നടപ്പാക്കാനായില്ല. പുഷ്പകൃഷിക്ക് എന്ന പേരില്‍ തിരുവനന്തപുരം നഗരസഭ വിളപ്പില്‍ശാലയില്‍ മാലിന്യ സംസ്കരണ പ്ളാന്‍റ് ആരംഭിച്ചിട്ട് 12 വര്‍ഷം പിന്നിടുകയാണ്. ഇ.കെ. നായനാര്‍ മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് സ്ഥലം ഏറ്റെടുത്തത്. നഗരത്തിലെ ചപ്പും ചവറും ജൈവമാലിന്യവും കൊണ്ടുതള്ളി വിളപ്പില്‍ശാല കാലക്രമേണ രോഗാതുരമായി. ത്വഗ്രോഗങ്ങളും ശ്വാസകോശ രോഗങ്ങളും പകര്‍ച്ചവ്യാധികളും പിടിപെട്ട് ജനം ദുരിതം പേറി. പലരും വീട് ഉപേക്ഷിച്ചുപോയി. പെണ്‍കുട്ടികളുടെ വിവാഹം മുടങ്ങി. വസ്തുക്കള്‍ വാങ്ങാന്‍ ആളില്ലാതായി. പൊറുതിമുട്ടിന്‍െറ പാരമ്യത്തിലാണ് ജനകീയ പ്രതിരോധവുമായി പ്രദേശവാസികള്‍ രംഗത്തിറങ്ങിയത്.
യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രശ്നം പരിഹരിക്കുമെന്നും ഫാക്ടറി അടച്ചുപൂട്ടുമെന്നും പ്രഖ്യാപിച്ചിരുന്നു. അത് നടപ്പാക്കണമെന്നാണ് ജനങ്ങള്‍ ഇപ്പോള്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ പകരം സ്ഥലം മുഖ്യമന്ത്രി കണ്ടെത്തി നല്‍കണമെന്നാണ് നഗരസഭയുടെ ആവശ്യം.
നിങ്ങളുടെ അഭിപ്രായങ്ങള്‍