നിലമ്പൂര്‍: കാനഡയില്‍ ജോലി വാഗ്ദാനം ചെയ്ത് വിസക്കെന്ന് പറഞ്ഞ് ലക്ഷങ്ങള്‍ തട്ടിയ കേസിലെ കൂട്ടുപ്രതി തമിഴ്നാട് സ്വദേശിയെ തിങ്കളാഴ്ച നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കും.
കോയമ്പത്തൂര്‍ മേട്ടുപ്പാളയത്തെ അരുണ്‍ രാജ്കുമാറിനെയാണ് നിലമ്പൂര്‍ പൊലീസ് ഒന്നാംക്ളാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കുക. പണം തട്ടിയ മറ്റൊരു കേസില്‍ ഇയാള്‍ ഇപ്പോള്‍ കോത്തഗിരി കോടതി റിമാന്‍ഡ് ചെയ്ത കേസില്‍ കൂനൂര്‍ സബ്ജയിലില്‍ റിമാന്‍ഡിലാണ്. നിലമ്പൂര്‍ സ്റ്റേഷനില്‍ ലഭിച്ച പരാതിയിലെ നാലംഗ സംഘത്തിലെ രണ്ടാംപ്രതിയാണിയാള്‍. ഒന്നാംപ്രതി ഗുഡല്ലൂര്‍ വിളയാര്‍ കോവില്‍ സ്ട്രീറ്റ് മിഡില്‍ എ.എല്‍. റക്സിനെ (43) കഴിഞ്ഞ മാസം 28ന് നിലമ്പൂര്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൂനൂര്‍ സബ്ജയിലില്‍ കഴിയുന്ന അരുണ്‍ രാജ്കുമാറില്‍നിന്ന് പൊലീസ് നേരത്തെ മൊഴിയെടുത്തിരുന്നു.
ജയിലില്‍ കഴിയുന്ന ഇയാളെ ഏറ്റുവാങ്ങി നിലമ്പൂര്‍ പൊലീസാണ് കോടതിയില്‍ ഹാജരാക്കുക. കേസിലെ മറ്റു പ്രതികളായ അരുണ്‍രാജ്കുമാറിന്‍െറ ഭാര്യ വിവല്യ ഒളിവിലാണ്. വെങ്കിടേഷ് എന്ന പ്രതി ഓസ്ട്രേലിയയിലേക്ക് കടന്നതായാണ് പൊലീസിന് ലഭിച്ച വിവരം.
നിങ്ങളുടെ അഭിപ്രായങ്ങള്‍