കനത്ത മത്സരം നടക്കുന്ന, അനുദിനം പുതിയ മോഡലുകള്‍ ഇറങ്ങുന്ന ഇന്ത്യന്‍ ടാബ്ലറ്റ് കമ്പ്യൂട്ടര്‍ വിപണിയിലേക്ക് ‘രാജ്യത്തെ ആദ്യ ത്രീഡി ടാബ്ലറ്റ്’. മന്ത്ര വെഞ്ച്വേഴ്സ് ഗ്രൂപ്പിന്‍െറ പിന്തുണയോടെ കാലിഫോര്‍ണിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വൈപ് ടെലികോം ആണ് ‘രാജ്യത്തെ ആദ്യ ത്രീഡി ടാബ്ലറ്റ്’ അവതരിപ്പിച്ചിരിക്കുന്നത്. ‘ടാബ് എക്സ് 74 ത്രീഡി’ എന്ന പേരില്‍ ഏഴ് ഇഞ്ചിലാണ് സ്വൈപ് ത്രീഡി വിസ്മയം കൈക്കുമ്പിളിലാക്കിത്തന്നിരിക്കുന്നത്.
ത്രീഡി ടാബ്ലറ്റ് അവതരിപ്പിക്കുമ്പോള്‍ വിപണിയില്‍ കമ്പനിക്കുണ്ടാകുന്ന പഞ്ച് മുതലെടുക്കാന്‍ പുതിയ രണ്ടു ടാബ്ലറ്റുകള്‍ കൂടി സ്വൈപ് ടെലികോം ഇതോടൊപ്പം അവതരിപ്പിച്ചിട്ടുണ്ട്.
‘ടാബ് എക്സ് 74 ത്രീഡി’ എന്ന ത്രീഡി ടാബിന് കമ്പനി നല്‍കിയ ചെല്ലപ്പേര് ‘ത്രീഡി ലൈഫ്’ എന്നാണ്. ഏഴിഞ്ച് ടി.എഫ്.ടി ഡിസ്പ്ളേയിലൂടെ 800x480 പിക്സല്‍ റെസലൂഷനിലുള്ള ത്രീഡി കാഴ്ചകളാണ് ‘ത്രീഡി ലൈഫ്’ പ്രദാനം ചെയ്യുക. ആന്‍ഡ്രോയിഡ് 4.03 ഐസ്ക്രീം സാന്‍ഡ്വിച്ച് ഓപറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ ടാബിന് 1.5 ജിഗാഹെഡ്സിന്‍െറ എ13 ക്വാര്‍ട്ടെക്സ് പ്രൊസസറാണ് കരുത്ത് പകരുന്നത്. ഈ വേഗതക്ക് താങ്ങായി 512 എം.ബിയുടെ ഡി.ഡി.ആര്‍ 3 റാമും ഉണ്ട്.
2.0 മെഗാപിക്സല്‍ കാമറയും മുന്‍വശത്ത് വീഡിയോ കോളിങ്ങിനായി സെക്കന്‍ഡറി കാമറയുമുണ്ട്. വൈ-ഫൈ കണക്ടിവിറ്റി സൗകര്യമുള്ള ഈ ടാബില്‍, 4 ജി.ബിയുടെ ഡാറ്റാ സ്റ്റോറേജ് മെമ്മറി കാര്‍ഡില്ലാതെ സാധ്യമാണ്. മെമ്മറി കാര്‍ഡിലൂടെ എട്ട് ജി.ബി വരെയോ 16 ജി.ബി വരെയോ ഇത് വര്‍ധിപ്പിക്കുകയാവാം. 5-6 മണിക്കൂര്‍ വീഡിയോ പ്രവര്‍ത്തനം സാധ്യമാക്കുന്ന 3400 എം.എ.എച്ച് ബാറ്ററിയാണ് കക്ഷിക്ക്. ഈ ത്രീജി ‘ത്രീഡി ലൈഫി’ന്‍െറ വില 5,999 രൂപ.
‘ഫ്ളോട്ട് ടാബ് എക്സ് 78’, ‘ഹലോ ടാബ് എക്സ് 74 എസ്’ എന്നീ ടാബ്ലറ്റുകളാണ് ത്രീഡിയോടൊപ്പം വിപണിയില്‍ എത്തുന്നത്. ഏഴിഞ്ച് വിസ്താരമുള്ളവയാണിത്.
ബിസിനസ് പ്രഫഷനലുകളെ ലക്ഷ്യമിട്ടാണ് ഫ്ളോട്ട് ടാബ് രൂപകല്‍പന ചെയ്തിട്ടുള്ളത്. 295 ഗ്രാം മാത്രം ഭാരമുള്ള ഈ ടാബിന്‍െറ കനം 8.5 മില്ലീ മീറ്ററാണ്. ഇന്ത്യന്‍ ഭാഷകളില്‍ ഹിന്ദി ഈ ടാബില്‍ സപ്പോര്‍ട്ട് ചെയ്യും. ‘ത്രീഡി ലൈഫ്’ പ്രവര്‍ത്തിക്കുന്ന ഐസ്ക്രീം സാന്‍ഡ്വിച്ച് പ്ളാറ്റ്ഫോമില്‍ തന്നെയാണ് ഫ്ലോട്ട് ടാബിന്‍െറയും പ്രവര്‍ത്തനം. 1.5 ജിഗാഹെഡ്സ് ബോക്സ്ചിപ്പ് എ13 പ്രൊസസറും 512 എം.ബി ഡി.ഡി.ആര്‍ 3 റാമുമാണ് ഫ്ളോട്ടിന്. 800x480 പിക്സല്‍ റെസലൂഷനും 3400 എം.എ.എച്ച് ബാറ്ററി കരുത്തും ഫ്ളോട്ട് ടാബ് നല്‍കുന്നുണ്ട്. വില 6,999 രൂപ.
സ്വൈപ് പുറത്തിറക്കിയ മൂന്നാമത്തെ ടാബായ ‘ഹലോ ടാബ് എക്സ് 74 എസി’ന്‍െറ എടുത്തുപറയേണ്ട പ്രത്യേകത ഇതില്‍ സിം കാര്‍ഡ് സ്ളോട്ട് ഉണ്ട് എന്നതാണ്. അതായത് ഇത് ഫോണായും ഉപയോഗിക്കാം. പ്രധാനമായും ഇന്‍റര്‍നെറ്റ് ബ്രൗസിങ്ങിനാണ് ഹലോ ടാബ് പ്രാമുഖ്യം നല്‍കുന്നത്. അതുകൊണ്ടുതന്നെ കൂടുതല്‍ കരുത്തുറ്റ 1.5 ജിഗാഹെഡ്സിന്‍െറ എ10 ക്വര്‍ട്ടെക്സ് പ്രൊസസര്‍, 1 ജി.ബിയുടെ ഡി.ഡി.ആര്‍ 3 റാം എന്നിവയാണ് ഹലോ ടാബിന് സ്വൈപ് നല്‍കിയിരിക്കുന്നത്. വൈ-ഫൈ, ബ്ളൂ ടൂത്ത് സൗകര്യം, മേല്‍ പറഞ്ഞ രണ്ടു ടാബുകളേക്കാള്‍ കരുത്തുറ്റ ബാറ്ററി (3800 എം.എ.എച്ച്), പിറകില്‍ 2 മെഗാപിക്സല്‍ കാമറയും വീഡിയോ കോളിങ്ങിനായി മുന്‍വശത്ത് 1.3 മെഗാപിക്സല്‍ കാമറയും ഇതിനുണ്ട്. ടാബിന്‍െറ 4 ജി.ബിയുടെ സ്റ്റോറേജ് സൗകര്യം മെമ്മറി കാര്‍ഡിലൂടെ വര്‍ധിപ്പിക്കാം. 8,999 രൂപയാണ് വില.
10 ഇഞ്ച് ടാബുകളേക്കാള്‍ ഏഴ് ഇഞ്ച് ടാബുകള്‍ക്കാണ് ഇപ്പോള്‍ പ്രിയം. ഏഴിഞ്ച് ടാബ് ശ്രേണിയിലെ വേഗമേറിയതും ഭാരം കുറഞ്ഞതുമായ ടാബ്ലറ്റുകളാണ് തങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നതെന്ന് സ്വൈപ് ടെലികോം അവകാശപ്പെടുന്നു. ടാബ്ലറ്റ് കമ്പ്യൂട്ടര്‍ വിപണിയില്‍ നിന്ന് 2,200 കോടി രൂപയുടെ വിറ്റുവരവാണ് സ്വൈപ് കഴിഞ്ഞ വര്‍ഷം നേടിയത്. ഈ വര്‍ഷം അത് ഇരട്ടിയാക്കുകയാണ് അവരുടെ ലക്ഷ്യം.

നിങ്ങളുടെ അഭിപ്രായങ്ങള്‍