Sat, 08/04/2012 - 10:46 ( 41 weeks 3 daysago)
സൈനക്ക്‌ ഇനി വെങ്കല പ്രതീക്ഷ
(+)(-) Font Size
സൈനക്ക്‌ ഇനി വെങ്കല പ്രതീക്ഷ

ലണ്ടന്‍: ഇന്ത്യയുടെ വലിയ സ്വപ്നങ്ങള്‍ക്കുമുന്നില്‍ വീണ്ടും കോട്ടകെട്ടി ചൈനീസ് വന്‍മതില്‍. ഒളിമ്പിക്സ് വനിതാ സിംഗ്ള്‍സ് ബാഡ്മിന്റണില്‍ മെഡല്‍ സ്വപ്നമിട്ട ഇന്ത്യയുടെ കാത്തിരിപ്പ് ഇനി വെങ്കലമെഡലിനായുള്ള ലൂസേഴ്സ് ഫൈനലില്‍. ഒരുപാടു പ്രതീക്ഷകളും ശതകോടി പ്രാര്‍ഥനകളുമായി ലണ്ടനില്‍ റാക്കറ്റേന്തിയ സൈന നെഹ്വാള്‍ എന്ന ഇന്ത്യന്‍ ഗ്രേറ്റ് വാള്‍ സെമിഫൈനലില്‍ വീണു. ലോക ഒന്നാംനമ്പര്‍ താരവും പ്രമുഖ ടൂര്‍ണമെന്റുകളില്‍ എന്നും സൈനയുടെ വഴിമുടക്കിയുമായ വാങ് യിഹാന്‍ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ലോക അഞ്ചാംനമ്പര്‍ താരം സൈനയുടെ മെഡല്‍ മോഹങ്ങള്‍ക്ക് മാറ്റ് കുറച്ചത്. സൂപ്പര്‍താരങ്ങളുടെ പോരാട്ടത്തില്‍ എതിരാളിക്കെതിരെ പിടിച്ചുനില്‍കാന്‍ ശ്രമിച്ചെങ്കിലും 21-13, 21-13 എന്ന സ്കോറിന് സൈന അനിവാര്യമായ തോല്‍വി ഏറ്റുവാങ്ങി.
വെങ്കല മെഡല്‍ പോരാട്ടത്തില്‍ ഇന്ന് ലോക രണ്ടാം നമ്പര്‍ ചൈനയുടെതന്നെ സിന്‍ വാങ്ങിനെ നേരിടും. രണ്ടാം സെമിയില്‍ മൂന്നാം സീഡ് താരം സ്യൂറി ലിക്കു മുന്നില്‍ പൊരുതി കീഴടങ്ങിയാണ് സിന്‍ വാങ് വെങ്കലമെഡലിനായി മത്സരിക്കാനെത്തുന്നത്. ശനിയാഴ്ച ഇന്ത്യന്‍ സമയം വൈകു. ആറുമണിക്കാണ് വെങ്കലമെഡല്‍ മത്സരം.
ഇന്ത്യന്‍ കാണികള്‍ നിറഞ്ഞ വെംബ്ലി അറീനയിലെ ഗാലറിയുടെ മുഴുവന്‍ പിന്തുണ ലഭിച്ചിട്ടും ഒന്നാം നമ്പര്‍ താരത്തിനെതിരെ ശക്തമായ വെല്ലുവിളി ഉയര്‍ത്താനാവാതെയാണ് സൈന കീഴങ്ങിയത്.
ആദ്യ ഗെയിം 20 മിനിറ്റുകൊണ്ട് അവസാനിച്ചപ്പോള്‍ രണ്ടാം ഗെയിമില്‍ 19 മിനിറ്റുകൊണ്ട് കളി പൂര്‍ത്തിയാക്കി ചൈനീസ് ഒന്നാം നമ്പറുകാരി ഫൈനലിലേക്ക് കടന്നു.
ലോകഒന്നാം നമ്പറിനെ നേരിടുന്ന സമ്മര്‍ദത്തിലായിരുന്നു സൈന കളത്തിലിറങ്ങിയത്. ഒന്നാം സെറ്റ് സൈനയുടെ ലീഡോടെയാണ് തുടങ്ങിയതെങ്കിലും ക്ഷണത്തില്‍ തന്നെ വാങ് തിരിച്ചുവന്നു. ഇതോടെ സമ്മര്‍ദത്തിലായ സൈനയില്‍നിന്ന് നിരന്തര പിഴവുകളായി കോര്‍ട്ടില്‍. ആദ്യ ഗെയിമിന്റെ തുടക്കത്തില്‍ സൈനയുടെ അണ്‍ഫോഴ്സ്ഡ് എററുകളില്‍ നിന്നായിരുന്നു വാങ് കാര്യമായി പോയന്റുകള്‍ വാരിയത്. എങ്കിലും മികച്ച നെറ്റ് ഗെയിമും മനോഹരമായ ക്രോസ് കോര്‍ട്ട് വോളികള്‍കൊണ്ടും വാങ്ങിന് ഒപ്പം പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ചെങ്കിലും ദൈര്‍ഘ്യമേറിയ റാലികളില്‍ ഇന്ത്യന്‍താരത്തിന് പിടിവിട്ടു. പലപ്പോഴും റാക്കറ്റ് പുറത്തേക്ക് പായിച്ചാണ് സൈന പോയന്റ് നല്‍കിയത്. 4-4 എന്ന സ്കോറില്‍നിന്ന് ക്ഷണത്തില്‍തന്നെ വാങ് കുതറിമാറി ലീഡ് കരസ്ഥമാക്കി. ഈ ലീഡ് തിരിച്ചുപിടിക്കാന്‍ സൈനക്ക് കഴിഞ്ഞതേയില്ല. 21-13ല്‍ ആദ്യ സെറ്റ് വാങ് സ്വന്തമാക്കി. രണ്ടാം സെറ്റില്‍ പിഴവുകള്‍ കുറച്ച് സൈന തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും അധികം ആയുസ്സുണ്ടായില്ല. 11-10 വരെ ഒപ്പത്തിനൊപ്പം നില്‍ക്കാന്‍ കഴിഞ്ഞെങ്കിലും വാങ് തന്ത്രംമാറ്റി തിരിച്ചടിച്ചു. മികച്ച ഗെയിം ടെക്നിക്കുകൊണ്ട് സൈനയെ മറികടന്ന് മുന്നേറിയ വാങ് 21-13ന് ഗെയിം സ്വന്തമാക്കി കലാശപ്പോരാട്ടത്തിന് ടിക്കറ്റുറപ്പിച്ചു. മലേഷ്യന്‍ ഓപണ്‍, ലോക സൂപ്പര്‍ സീരീസ്, ചൈന മാസ്റ്റേഴ്സ്, ഇന്തോനീഷ്യന്‍ ഓപണ്‍, തോമസ് ആന്‍ഡ് യൂബര്‍ കപ്പ് എന്നിവയില്‍ ഇതിന് മുമ്പ് സൈന വാങ്ങിനോട് തോല്‍വി ഏറ്റുവാങ്ങിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus