12:30:26
18 Jun 2013
Tuesday
Facebook
Google Plus
Twitter
Rssfeed

പാര്‍ട്ടി ഓഫിസുകള്‍ക്കുനേരെ വ്യാപക അക്രമം

കണ്ണൂര്‍: സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജന്‍െറ അറസ്റ്റിനെ തുടര്‍ന്ന് ജില്ലയില്‍ വ്യാഴാഴ്ച രാത്രിയും വെള്ളിയാഴ്ച പുലര്‍ച്ചെയുമായി കോണ്‍ഗ്രസ്, ലീഗ് ഓഫിസുകള്‍ വ്യാപകമായി ആക്രമിക്കപ്പെട്ടു. തട്ടാരി, നാലാം പീടിക, മുഴപ്പാല, ചെറിയവളപ്പ്, രാമന്തളി, പാപ്പിനിശ്ശേരി തുടങ്ങിയ സ്ഥലങ്ങളിലാണ് പാര്‍ട്ടി ഓഫിസുകള്‍ക്കും ഗ്രന്ഥശാലകള്‍ക്കും നേരെ അക്രമം അരങ്ങേറിയത്. വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരുടെ വീടുകളും ആക്രമിക്കപ്പെട്ടു.
അഞ്ചരക്കണ്ടി: തട്ടാരി ബി.ഇ.എം യു.പി സ്കൂളിനു സമീപത്തെ ലീഗ് ഓഫിസും കൊടിമരവും ബോര്‍ഡുകളും തകര്‍ത്തു. ചാമ്പാട് ഭാഗത്തുനിന്ന് പ്രകടനമായെത്തിയ സി.പി.എം പ്രവര്‍ത്തകരാണ് അക്രമത്തിനു പിന്നിലെന്ന് ലീഗ് പ്രവര്‍ത്തകര്‍ ആരോപിച്ചു. ഓഫിസിലുണ്ടായിരുന്ന ഫര്‍ണിച്ചര്‍ പൂര്‍ണമായും നശിപ്പിച്ചു. നാലാം പീടികയില്‍ കോണ്‍ഗ്രസിന്‍െറ കൊടിമരവും ഫ്ളക്സ് ബോര്‍ഡും നശിപ്പിച്ചു. മുഴപ്പാലയില്‍ കോണ്‍ഗ്രസ് ഓഫിസ് പൂര്‍ണമായും തകര്‍ത്തു.
ചെറിയവളപ്പില്‍ റോഡരികില്‍ നിര്‍ത്തിയിട്ട കെ. മനീഷിന്‍െറ ഉടമസ്ഥതയിലുള്ള മില്‍മ പാല്‍ കൊണ്ടുപോകുന്ന വാനിന്‍െറ ഗ്ളാസ് തകര്‍ത്തു. വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടെ വീട്ടിനു സമീപമാണ് അക്രമം. ചെറിയവളപ്പിലെ കോണ്‍ഗ്രസ് ഓഫിസിനു നേരെയും അക്രമമുണ്ടായി. കല്ലേറില്‍ ജനല്‍ചില്ലുകള്‍ പൂര്‍ണമായും തകര്‍ന്നു.
ചക്കരക്കല്ല്: മുസ്ലിംലീഗ് നേതാവും ചെമ്പിലോട് പഞ്ചായത്ത് വൈസ് പ്രസിഡന്‍റുമായ സി. മഹമൂദ് മാസ്റ്ററുടെ ഇരിവേരിയിലെ വീടും കെ.പി. താഹിറിന്‍െറ വീടും അക്രമികള്‍ അടിച്ചുതകര്‍ത്തു. കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് അക്രമം അരങ്ങേറിയത്. ജനല്‍ചില്ലുകള്‍ അടിച്ചുതകര്‍ത്തു. കടമ്പൂരില്‍ രാജീവ്ജി ബസ് ഷെല്‍ട്ടര്‍, പ്രിയദര്‍ശിനി സ്മാരക ബസ് ഷെല്‍ട്ടര്‍ എന്നിവയും തകര്‍ത്തു. കടമ്പൂര്‍ പഞ്ചായത്ത് ഓഫിസിലേക്കുള്ള ജലവിതരണ പൈപ്പ് മുറിച്ചുമാറ്റി. ഇതേതുടര്‍ന്ന് പഞ്ചായത്തിലേക്കും നഴ്സറി സ്കൂളിലേക്കുമുള്ള കുടിവെള്ള വിതരണം നിലച്ചു. അക്രമങ്ങളില്‍ മുസ്ലിംലീഗ് നേതാവ് എം. മുസ്തഫ മാസ്റ്റര്‍, എന്‍.കെ. റഫീഖ് മാസ്റ്റര്‍, എന്‍.പി. താഹിര്‍ ഹാജി, കെ.കെ. അബ്ദുല്‍ ഫതാഹ് എന്നിവര്‍ പ്രതിഷേധിച്ചു.
പയ്യന്നൂര്‍: രാമന്തളിയില്‍ കോണ്‍ഗ്രസ് ഓഫിസ് അടിച്ചുതകര്‍ത്ത് തീയിട്ടു. ശങ്കരനാരായണ ക്ഷേത്രത്തിനു സമീപം പ്രവര്‍ത്തിക്കുന്ന മഹാത്മ കള്‍ചറല്‍ സെന്‍ററിനു നേരെയാണ് അക്രമം നടന്നത്.
ജനല്‍ഗ്ളാസുകള്‍ തകര്‍ത്താണ് അകത്തേക്ക് തീയിട്ടത്. ഫയലുകളും ഫര്‍ണിച്ചറും കത്തിനശിച്ചു. വാട്ടര്‍പൈപ്പും ഓഫിസ് ബോര്‍ഡും തകര്‍ത്തു. രാത്രി പന്ത്രണ്ടരയോടെ ബൈക്കിലെത്തിയ സംഘമാണ് അക്രമം നടത്തിയതെന്ന് പറയുന്നു. തീപടരുന്നതുകണ്ട പരിസരവാസികള്‍ തീയണക്കുകയായിരുന്നു.
കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പി.പി. ശേഖരപൊതുവാളുടെ വീടിനുനേരെയും അക്രമം നടന്നു. ജനല്‍ചില്ലുകള്‍ അടിച്ചുതകര്‍ത്തു. വീട്ടുകാര്‍ ലൈറ്റിട്ടപ്പോള്‍ അക്രമികള്‍ ഓടിരക്ഷപ്പെട്ടു. സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗം അഡ്വ. കെ.വി. ഗണേശന്‍െറ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാര്‍ അടിച്ചുതകര്‍ത്തു. വീട്ടുകാര്‍ ഉണര്‍ന്നപ്പോള്‍ അക്രമികള്‍ ഓടിരക്ഷപ്പെട്ടു. പയ്യന്നൂര്‍ സി.ഐ പി.കെ. ധനഞ്ജയബാബുവിന്‍െറ നേതൃത്വത്തില്‍ പൊലീസെത്തി അന്വേഷണം നടത്തി.
പയ്യന്നൂരില്‍ അക്രമം നടന്ന പ്രദേശങ്ങള്‍ യു.ഡി.എഫ് നേതാക്കളായ കെ.പി. നൂറുദ്ദീന്‍, എം. നാരായണന്‍കുട്ടി, ജോയ്സ്, ഇബ്രാഹിം തിരുവട്ടൂര്‍, കെ.കെ. ബാലകൃഷ്ണന്‍, പെരിങ്ങോം മുസ്തഫ എന്നിവര്‍ സന്ദര്‍ശിച്ചു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com