നരിക്കുനി: കാക്കൂര്‍ പതിനൊന്നേനാലില്‍ കീഴ്പാറപ്പുറത്ത് ജമീലയുടെ മരണം കൊലപാതകമാണെന്ന് കണ്ടെത്തി. അയല്‍ക്കാരനായ മേലെ കീഴ്പാറപ്പുറത്ത് ഷബീറിനെ (25) പൊലീസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി അഞ്ചു ദിവസം കസ്റ്റഡിയില്‍ വാങ്ങി. ഗള്‍ഫില്‍നിന്നെത്തിയ ഷബീര്‍ മോഷണക്കുറ്റത്തിന് കോഴിക്കോട്ടെ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ കഴിഞ്ഞ മാസം 27ന് കീഴടങ്ങുകയായിരുന്നു. പൊലീസ് ആദ്യം കസ്റ്റഡിയില്‍ വാങ്ങുകയും ചോദ്യം ചെയ്യുകയും ചെയ്തപ്പോഴാണ് കൊലപാതകത്തിന്‍െറ ചുരുളഴിഞ്ഞത്. മോഷണശ്രമത്തിനിടയില്‍ നടന്ന കൊലപാതകമാണെന്നാണ് പൊലീസ് നിഗമനം. 2011 നവംബര്‍ 30ന് വൈകുന്നേരമാണ്, അനാഥാലയത്തില്‍ പഠിക്കുന്ന മകന്‍ വീട്ടിലെത്തിയപ്പോള്‍ ജമീല മരിച്ചു കിടക്കുന്നത് കണ്ടത്. ജമീലയുടെ സ്വര്‍ണാഭരണങ്ങളും മൊബൈല്‍ ഫോണും നഷ്ടപ്പെട്ടിരുന്നു. നഷ്ടപ്പെട്ട ഫോണിന്‍െറ ഐ.എം.ഇ.ഐ നമ്പര്‍ പൊലീസ് സൈബര്‍ സെല്ലില്‍നിന്ന് ശേഖരിച്ചിരുന്നു. ഈ മൊബൈല്‍ പാലക്കാട്ട് ഉപയോഗിക്കുന്നതായി കണ്ടെത്തി. ഗള്‍ഫില്‍നിന്ന് വരുമ്പോള്‍ വാങ്ങിയ സെല്‍ഫോണാണെന്ന് ഇപ്പോള്‍ ഉപയോഗിക്കുന്ന ആള്‍ പൊലീസിന് മൊഴി നല്‍കി. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ ഷബീറാണ് ഫോണ്‍ ഗള്‍ഫില്‍ വില്‍പന നടത്തിയതെന്ന് കണ്ടെത്തി.
ജമീലയുടെ നഷ്ടപ്പെട്ട ആഭരണങ്ങള്‍ ബാലുശേരിയിലെ ജ്വല്ലറിയില്‍ നിന്ന് പൊലീസ് കണ്ടെടുത്തു. വിശദമായ ചോദ്യം ചെയ്യലിലൂടെ മാത്രമേ കൊലപാതകത്തിന്‍െറ ഉദ്ദേശ്യവും മറ്റു വസ്തുതകളും പുറത്തുവരുകയുള്ളൂ. ബാലുശ്ശേരി സി.ഐ അനില്‍കുമാറിനാണ് കേസന്വേഷണത്തിന്‍െറ ചുമതല.
നിങ്ങളുടെ അഭിപ്രായങ്ങള്‍