തിരുവനന്തപുരം/മസ്കത്ത്: അബൂദബി ശക്തി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മസ്കത്ത് സുല്‍ത്താന്‍ ഖാബൂസ് യൂനിവേഴ്സിറ്റി ആശുപത്രിയിലെ സ്പെഷ്യലിസ്റ്റ് സര്‍ജന്‍ ഡോ. ആരിഫലി കൊളത്തെക്കാട്ടിനാണ് വിജ്ഞാന സാഹിത്യത്തിനുള്ള പുരസ്കാരം. 2010 ഒക്ടോബറില്‍ പുറത്തിറങ്ങിയ 'അറിയപ്പെടാത്ത പൗരസ്ത്യ ലോകം' എന്ന പുസ്തകമാണ് അദ്ദേഹത്തെ പുരസ്കാരത്തിന് അര്‍ഹനാക്കിയത്. മുഖ്യധാരാ ചരിത്രകാരന്‍മാര്‍ മൂടിവെച്ച അറബ് ലോകത്തിന്റെ വിമര്‍ശനാത്മക ചരിത്രമാണ് 'അറിയപ്പെടാത്ത പൗരസ്ത്യലോകം'.
തൃശൂര്‍ ജില്ലയിലെ കാളത്തോട് സ്വദേശിയാണ് ഡോ. ആരിഫലി. ഭാര്യ: രചത. മക്കള്‍: അഖില, അഭിയ. കൊളത്തേക്കാട്ട് ആലികുട്ടി ഹാജിയുടെയും പി.ആര്‍. ഫാത്തിമയുടെയും മകനാണ്.
യൂറോപ്പ് കേന്ദ്രീകൃതമായി ചരിത്രം രചിക്കപ്പെട്ടപ്പോള്‍ തമസ്കരിക്കപ്പെട്ട മധ്യപൗരസ്ത്യദേശത്തിന്റെ ചരിത്രത്തെ കുറിച്ചാണ് 400 പേജുള്ള ആരിഫലിയുടെ പുസ്തകം ചര്‍ച്ച ചെയ്യുന്നത്. അബൂദബി ശക്തി, തായാട്ട്, ടി.കെ. രാമകൃഷ്ണന്‍ അവാര്‍ഡുകളാണ് അവാര്‍ഡ് കമ്മിറ്റി ചെയര്‍മാന്‍ പി. കരുണാകരന്‍ എം.പി പ്രഖ്യാപിച്ചത്. ഒക്ടോബറില്‍ അബൂദബിയില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ സമ്മാനിക്കും. നോവല്‍ അവാര്‍ഡ് വിപിന്‍ രചിച്ച 'ഓര്‍മയില്‍ ശേഷിക്കുന്നത്' എന്ന കൃതിക്കാണ്. മറ്റ് അവാര്‍ഡുകള്‍: കവിത-ഒറ്റുകാരന്റെ മൊഴി-മേലൂര്‍ വാസുദേവന്‍, നാടകം-കറുത്ത വിധവ, എ. ശാന്തകുമാര്‍, ചെറുകഥ -ടി.പി. വേണുഗോപാല്‍-കേട്ടാല്‍ ചങ്ക്പൊട്ടുന്ന ഓരോന്ന്, ഇതര സാഹിത്യം -എം.കെ.സാനു. ബാലസാഹിത്യത്തിനുള്ള അവാര്‍ഡ് പ്രഫ. കെ. പാപ്പുട്ടിയും ഡോ. ബി. സന്ധ്യയും പങ്കിട്ടു.സാഹിത്യനിരൂപണത്തിനുള്ള തായാട്ട് അവാര്‍ഡ് പി.എസ്. രാധാകൃഷ്ണനാണ്. ടി.കെ. രാമകൃഷ്ണന്‍ പുരസ്കാരത്തിന് കാനായി കുഞ്ഞിരാമന്‍ അര്‍ഹനായി. ആദ്യമായാണ് അവാര്‍ഡ്ദാന ചടങ്ങ് അബൂദാബിയില്‍ സംഘടിപ്പിക്കുന്നതെന്ന് പി. കരുണാകരന്‍ അറിയിച്ചു. അവാര്‍ഡ് കമ്മിറ്റി അംഗങ്ങളായ പ്രഫ. എരുമേലി പരമേശ്വരന്‍ പിള്ള, എം.ആര്‍. സോമന്‍, എം.കെ. മൂസാമാസ്റ്റര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍