ദോഹ: ആരോഗ്യ പരിചരണ നയങ്ങള്‍ക്കായുള്ള ധത്തര്‍ ഉച്ചകോടിയുടെ ആദ്യ സമ്മേളനം അടുത്ത വര്‍ഷം സംഘടിപ്പിക്കുമെന്ന് ഖത്തര്‍ ഫൗണ്ടേഷന്‍ ചെയര്‍പേഴ്സണ്‍ ശൈഖ മൗസ ബിന്‍ത് നാസര്‍ അറിയിച്ചു. ലണ്ടനിലെ ഗില്‍ഡ്ഹാള്‍ മുന്‍സിപ്പല്‍ ബില്‍ഡിംഗില്‍ സംഘടിപ്പിച്ച ആരോഗ്യ പരിചരണ നയങ്ങള്‍ക്കായുള്ള ആഗോള ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍.
ലോകത്തുടനീളം ആരോഗ്യ പരിചരണ രംഗം നവീകരിക്കുന്നതിനും പരിഷ്കരിക്കുന്നതിനും മേല്‍നോട്ടം വഹിക്കുന്ന പ്രഗല്‍ഭര്‍ ഉച്ചകോടിയില്‍ സംബന്ധിക്കും. ആശയങ്ങളും അനുഭവങ്ങളും പങ്കുവെക്കാന്‍ അവസരമൊരുക്കുന്ന ഉച്ചകോടി ആഗോള തലത്തില്‍ ആരോഗ്യരംഗം അഭിമുഖീകരിക്കുന്ന വെല്ലുവിളികള്‍ക്ക് പുതിയ പരിഹാരങ്ങള്‍ സമര്‍പ്പിക്കും. ശൈഖ മൗസ കൂട്ടിച്ചേര്‍ത്തു.
കുറഞ്ഞ ചെലവില്‍ മികച്ച വൈദ്യസേവനങ്ങള്‍ ലഭ്യമാക്കുകയെന്നതാണ് ഇന്ന് നമ്മുടെ മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി. പരമ്പരാഗത ആരോഗ്യപരിചരണ പരിപാടികളുടെ പരിധികള്‍ വിട്ട് സാമൂഹിക സുരക്ഷാ നയങ്ങളെ കുറിച്ച് ചിന്തിക്കേണ്ട സമയമായിരിക്കുന്നു.
സര്‍ഗാത്മക ചിന്തകള്‍ വഴി ഇത്തരം വെല്ലുവിളികളില്‍ ചിലതിന് പരിഹാരം കാണാന്‍ കഴിയും. ആരോഗ്യ പരിരക്ഷ മനുഷ്യന്റെ അടിസ്ഥാന അവകാശമാണെന്നതില്‍ എല്ലാവരും യോജിക്കുന്നു. എല്ലാവരെയും തുല്ല്യമായി കാണുന്ന ആരോഗ്യസേവനരം ഉരുത്തിരിയുന്നത് ആ തത്വത്തില്‍നിന്നാണെന്നും അവര്‍ വിശദീകരിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍