തിരുവനന്തപുരം: തലസ്ഥാനത്ത് കേന്ദ്രമന്ത്രി എ.കെ. ആന്റണി സംബന്ധിക്കുന്ന കയര്‍ ബോര്‍ഡിന്റെ ചടങ്ങില്‍ പ്രോട്ടോക്കോള്‍ ലംഘനം. സ്ഥലം എം.എല്‍.എയെയും വകുപ്പുമന്ത്രിയെയും ഒഴിവാക്കിയപ്പോള്‍ മറ്റൊരു മന്ത്രിയെയും സ്ഥലം എം.പിയെയും ആശംസാ പ്രസംഗകരാക്കി അപമാനിച്ചു. അന്യജില്ലയില്‍നിന്നുള്ള എം.എല്‍.എ ആണെങ്കിലും കെ.പി.സി.സി പ്രസിഡന്റിനെ അധ്യക്ഷനാക്കി ബോര്‍ഡിന്റെ 'കൂറ്' കാട്ടുന്നതിനാണ് പ്രോട്ടോക്കോള്‍ ലംഘനം നടത്തിയത്.
ശനിയാഴ്ച രാവിലെ 11ന് കനകക്കുന്നില്‍ നടക്കുന്ന കയര്‍ എക്സ്പോയുടെ വിളംബര ചടങ്ങ് എ.കെ. ആന്റണിയാണ് ഉദ്ഘാടനം ചെയ്യുന്നത്. കോണ്‍ഗ്രസ് നേതാവ് കൂടിയായ പ്രഫ. ജി. ബാലചന്ദ്രന്‍ ചെയര്‍മാനായ കയര്‍ബോര്‍ഡ് സംഘടിപ്പിക്കുന്ന ചടങ്ങില്‍ നിന്ന് കയര്‍ വകുപ്പിന്റെ ചുമതലയുള്ള മന്ത്രിയെയും സ്ഥലം എം.എല്‍.എ കൂടിയായ മുന്‍ കെ.പി.സി.സി പ്രസിഡന്റ് കെ. മുരളീധരനെയുമാണ് ഒഴിവാക്കിയത്. ചടങ്ങില്‍ ഒന്നിലേറെ മന്ത്രിമാര്‍ ഇല്ലാത്തപക്ഷം സ്ഥലം എം.എല്‍.എയോ എം.പിയോ ആണ് അധ്യക്ഷനാകേണ്ടത്. ഇവിടെ രമേശ് ചെന്നിത്തലയാണ് അധ്യക്ഷന്‍. സ്ഥലം എം.പി ശശി തരൂര്‍ആശംസാ പ്രസംഗകന്‍ മാത്രമാണ്. മന്ത്രി വി.എസ്. ശിവകുമാറും ആശംസാ പ്രസംഗകനാണ്. പ്രാട്ടോക്കോള്‍ ലംഘനം വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ കെ.പി.സി.സി പ്രസിഡന്റ് ആയതിനാലാണ് ചെന്നിത്തലയെ അധ്യക്ഷനാക്കിയതെന്നായിരുന്നു കയര്‍ ബോര്‍ഡ് ചെയര്‍മാന്റെ മറുപടി.

നിങ്ങളുടെ അഭിപ്രായങ്ങള്‍