ദോഹ: സൂപ്പര്‍മാര്‍ക്കറ്റ് തുടങ്ങാനെന്ന് തെറ്റിദ്ധരിപ്പിച്ച് ദോഹയിലെ വിതരണക്കമ്പനികളില്‍ നിന്ന് ലക്ഷക്കണക്കിന് റിയാലിന്റെ സാധനങ്ങള്‍ വാങ്ങി തട്ടിപ്പ് നടത്തിയ ശേഷം മലയാളി യുവാവ് മുങ്ങിയതായി പരാതി. തൃശൂര്‍ ജില്ലയിലെ കുന്നംകുളം കൊച്ചന്നൂര്‍ സ്വദേശിയായ ഹാഫിസ് മുഹമ്മദിനെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. സൂപ്പര്‍മാര്‍ക്കറ്റിലേക്കും താന്‍ നടത്തുന്ന കാറ്ററിംഗ് കമ്പനിയിലേക്കുമെന്ന് പറഞ്ഞ് ഗ്യാരണ്ടി ചെക്ക് മാത്രം നല്‍കി വിതരണക്കാരില്‍ നിന്ന് വന്‍തോതില്‍ സാധനങ്ങള്‍ വാങ്ങി അവ ദോഹയില്‍ തന്നെ മറിച്ചുവിറ്റാണ് തട്ടിപ്പു നടത്തിയത്. സംഭവം സംബന്ധിച്ച് സ്പോണ്‍സര്‍ ജമാല്‍ അല്‍ കുവാരി റയ്യാന്‍ പോലിസില്‍ പരാതി നല്‍കിയിട്ടുണ്ട്.
15 ലക്ഷത്തോളം റിയാല്‍ പല വിതരണക്കമ്പനികള്‍ക്കായി നഷ്ടപ്പെട്ടതായി ഇതുവരെ അറിവായിട്ടുണ്ട്. വരും ദിവസങ്ങളില്‍ പരാതിയുമായി കൂടുതല്‍ പേര്‍ രംഗത്തുവരുന്നതോടെ തട്ടിയെടുത്ത തുകയുടെ തോത് ഗണ്യമായി ഉയരുമെന്നാണ് കരുതുന്നത്. മൈദറില്‍ അല്‍ ശംസി എന്ന പേരില്‍ സൂപ്പര്‍മാര്‍ക്കറ്റ് തുടങ്ങാനെന്ന് പറഞ്ഞ് രണ്ട് മാസം മുമ്പാണ് ജനറല്‍ മാനേജര്‍ എന്ന് പരിചയപ്പെടുത്തിയ ഹാഫിസ് മുഹമ്മദ് പല വിതരണക്കമ്പനികളില്‍ നിന്നുമായി സാധനങ്ങള്‍ വാങ്ങിക്കൂട്ടാന്‍ ആരംഭിച്ചത്. സൂപ്പര്‍മാര്‍ക്കറ്റിനായി മൈദറില്‍ ആറ് ഷട്ടറുള്ള കെട്ടിടമെടുക്കുകയും അവിടെ ഫര്‍ണിഷിംഗ്, ഷെല്‍ഫിംഗ് ജോലികള്‍ പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു. മുകള്‍ നിലയില്‍ ആഢംബര സൗകര്യങ്ങളോടെ ഓഫീസും തുറന്നിരുന്നു. ഈ സൗകര്യങ്ങളും സംവിധാനങ്ങളുമെല്ലാം കാണിച്ചാണ് വിതരണക്കമ്പനികളുടെ വിശ്വാസം നേടിയെടുത്തത്. നഹാസ് എന്നൊരാളെ പര്‍ച്ചെയ്സ് മാനേജരായും നിയമിച്ചിരുന്നു.
സൂപ്പര്‍മാര്‍ക്കറ്റിലെ ഷെല്‍ഫുകളില്‍ ഡിസ്പ്ലേക്കും താന്‍ നടത്തുന്ന കാറ്ററിംഗ് കമ്പനിയിലേക്കുമെന്ന് പറഞ്ഞാണ് അരിയും എണ്ണയും അടക്കമുള്ള നിത്യോപയോഗ സാധനങ്ങള്‍ വിതരണക്കാരില്‍ നിന്ന് വാങ്ങിയത്. ഇതിന് ഈടായി സൈനിംഗ് അതോറിറ്റിയായ ഹാഫിസ് തന്നെ ഒപ്പിട്ട ഗ്യാരണ്ടി ചെക്കും സ്പോണ്‍സറുടെ ഒപ്പും ഐ.ഡി നമ്പറുമടക്കമുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ ക്രെഡിറ്റ് ആപ്ലിക്കേഷന്‍ ഫോമും വിതരണക്കമ്പനികള്‍ക്ക് നല്‍കിയിരുന്നു.
തങ്ങള്‍ക്ക് രണ്ട് ലക്ഷം റിയാലിന്റെ ഗ്യാരണ്ടി ചെക്ക് നല്‍കിയിട്ടുണ്ടെന്ന് 65,000 റിയാല്‍ നഷ്ടപ്പെട്ട ഒരു വിതരണക്കമ്പനിയുടെ അധികൃതര്‍ പറഞ്ഞു. ഇങ്ങനെ വിവിധ വിതരണക്കമ്പനികളില്‍ നിന്ന് വാങ്ങിയ സാധനങ്ങള്‍ മറ്റൊരു ഗോഡൗണില്‍ സൂക്ഷിച്ച ശേഷം വാനില്‍ വിപണനം നടത്തുന്നവര്‍ക്ക് മറിച്ചുവില്‍ക്കുകയാണ് ചെയ്തിരുന്നത്. യാതൊരു വിധ വിലപേശലുമില്ലാതെയാണ് ഹാഫിസ് വിതരണക്കമ്പനികളില്‍ നിന്ന് സാധനങ്ങള്‍ എടുത്തിരുന്നത്. ഇത് മാര്‍ക്കറ്റ് വിലയേക്കാള്‍ കുറച്ച് മറിച്ചുവില്‍ക്കുകയും ഇങ്ങനെ സമ്പാദിച്ച ലക്ഷങ്ങളുമായി രണ്ട് ദിവസം മുമ്പ് മുങ്ങുകയുമായിരുന്നു. സൂപ്പര്‍മാര്‍ക്കറ്റ് ഈ മാസം 15ന് തുറക്കണമെന്നും ഇതിനായി ഏതാനും തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ നേപ്പാളിലേക്ക് പോകണമെന്നും സ്പോണ്‍സറെ തെറ്റിദ്ധരിപ്പിച്ചാണ് ഹാഫിസ് മുഹമ്മദ് എക്സിറ്റ് പെര്‍മിറ്റ് വാങ്ങി ഖത്തര്‍ വിട്ടതെന്ന് പറയപ്പെടുന്നു. വിലപേശലില്ലാതെ വന്‍തോതില്‍ സാധനങ്ങള്‍ വാങ്ങുന്ന ഹാഫിസിന്റെ രീതിയില്‍ സംശയം തോന്നി ചിലര്‍ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തായത്. ഇയാള്‍ക്ക് കാറ്ററിംഗ് കമ്പനിയുണ്ടായിരുന്നില്ലെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, തട്ടിപ്പ് പുറത്തറിയുമ്പേഴേക്കും ഹാഫിസ് ഖത്തര്‍ വിട്ടിരുന്നു. സൂപ്പര്‍മാര്‍ക്കറ്റ് തുടങ്ങാനെന്ന് പറഞ്ഞ കെട്ടിടം തുറന്ന നിലയില്‍ തന്നെയാണുള്ളതെന്നും പറയപ്പെടുന്നു.
തട്ടിപ്പിനിരയായവരില്‍ മലയാളികളുമുണ്ട്. ഇവരില്‍ പലരും ഇപ്പോള്‍ നിയമനടപടിക്കൊരുങ്ങുകയാണ്. ഇതിനിടെ, ഗ്യാരണ്ടി ചെക്ക് കൈവശമുള്ളവര്‍ പണം ആവശ്യപ്പെട്ട് സ്പോണ്‍സറെ സമീപിക്കുകയും ചെയ്യുന്നുണ്ട്. കൃത്രിമരേഖകള്‍ നല്‍കി സാധനങ്ങള്‍ വാങ്ങിയ ശേഷം മറിച്ചുവിറ്റ് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ സംഭവങ്ങള്‍ ഖത്തറില്‍ ഇടക്കിടക്ക് റിപ്പോര്‍ട്ട് ചെയ്യപ്പെടാറുണ്ട്. തട്ടിപ്പ് നടത്തുന്നവരിലും തട്ടിപ്പിനിരയാകുന്നവരിലും നല്ലൊരു ശതമാനവും മലയാളികളാണെന്നതും ശ്രദ്ധേയമാണ്. ഇത്തരക്കാരില്‍ നിന്ന് കുറഞ്ഞ വിലക്ക് സാധനങ്ങള്‍ വാങ്ങി മറിച്ചുവിറ്റ് കൊള്ളലാഭമുണ്ടാക്കുന്ന പ്രത്യേക സംഘങ്ങള്‍ തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇവര്‍ക്കെതിരെ ശക്തമായ നടപടികള്‍ വേണമെന്നുമാണ് വിതരണക്കമ്പനികള്‍ ആവശ്യപ്പെടുന്നത്. ഇത്തരക്കാര്‍ക്കെതിരെയും നടപടി ആവശ്യപ്പെട്ട് അധികൃതരെ സമീപിക്കുമെന്ന് ചില വിതരണക്കമ്പനികളുടെ പ്രതിനിധികള്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍