12:30:26
20 May 2013
Monday
Facebook
Twitter
Rssfeed

മാധ്യമ പ്രവര്‍ത്തനത്തിലെ പ്രഫഷനല്‍ ശൈലി

മാധ്യമ പ്രവര്‍ത്തനത്തിലെ പ്രഫഷനല്‍ ശൈലി

ദല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്റു മ്യൂസിയത്തില്‍ പഴയ ഒരു മലയാളപത്രം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. കാണികളുടെ ശ്രദ്ധയാകര്‍ഷിച്ചുവരുന്ന ആ പത്രത്തിലെ മുഖ്യവാര്‍ത്ത ഇന്ദിരാഗാന്ധി വെടിയേറ്റു മരിച്ച സംഭവമാണ്. വേണു തയാറാക്കിയ പത്രമായിരുന്നു അത്.
പത്രപ്രവര്‍ത്തനരംഗത്ത് മികച്ച പ്രഫഷനല്‍ശൈലി കൊണ്ടുവന്നത് ടി. വേണുഗോപാലക്കുറുപ്പ് എന്ന വേണുക്കുറുപ്പ് (ടി. വേണുഗോപാല്‍) ആയിരുന്നു. വാര്‍ത്തകള്‍ പരത്തിനീട്ടിയെഴുതിയിരുന്ന കാലത്ത് വായനയുടെ സുഖവും അന്വേഷണവും നഷ്ടപ്പെടുമെന്ന് മുന്നില്‍ക്കണ്ട് അത് ചുരുക്കിയെഴുതി കാര്യങ്ങള്‍ ലളിതമായി ഗ്രഹിപ്പിക്കുന്ന പരീക്ഷണം നടപ്പാക്കിയത് അദ്ദേഹമാണ്. ചുരുക്കിപ്പറയുന്നതോടൊപ്പം വാര്‍ത്തകള്‍ക്ക് ഒതുക്കവും ഭംഗിയും കൈവരിക്കുന്ന അദ്ദേഹത്തിന്റെ ശൈലിയാണ് മലയാള വാര്‍ത്താ-ദൃശ്യമാധ്യമങ്ങള്‍ ഇന്നും തുടരുന്നത്. വായനയെ വായനക്കാരില്‍ തറപ്പിച്ചു നിര്‍ത്താന്‍ ഈ പരീക്ഷണം സഹായകമായി. ലോകത്ത് മറ്റേതൊരു പത്രത്തോടും കിടപിടിക്കുന്നതരത്തില്‍ മലയാള പത്രങ്ങളെ വളര്‍ത്തിയതും ഈ പരീക്ഷണമായിരുന്നു. മലയാള പത്ര സംവിധാനത്തെ ആധുനികവും ആകര്‍ഷകവുമാക്കുകയും പത്രഭാഷയുടെ മുറുക്കം ഉറപ്പുവരുത്തുകയും ചെയ്തതില്‍ വേണുവിന്റെ സംഭാവന കനത്തതാണ്. പ്രസ് അക്കാദമി പ്രസിദ്ധീകരിച്ച പുസ്തകത്തില്‍ പത്രഭാഷയെപ്പറ്റി അദ്ദേഹം എഴുതിയ പ്രബന്ധം ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ പ്രശംസക്ക് പാത്രമാവുകയും ചെയ്തു. പി. ഗോവിന്ദപ്പിള്ള ചെയര്‍മാനായിരിക്കെ പത്രഭാഷയെപ്പറ്റിയുള്ള സെമിനാര്‍ ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു ഇ.എം.എസ്.
അദ്ദേഹത്തിന്റെ പ്രവര്‍ത്തനമേഖല ഏറെയും എഡിറ്റോറിയല്‍ ഡെസ്കിലായിരുന്നു. പകല്‍ ലഭിക്കുന്ന സമയം പത്രപ്പരീക്ഷണങ്ങള്‍ക്കൊപ്പം സംഘടനാ പ്രവര്‍ത്തനം, സാഹിത്യപ്രവര്‍ത്തനം എന്നിങ്ങനെ വിനിയോഗിച്ചു. കേരള പത്രപ്രവര്‍ത്തക യൂനിയന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായി അഞ്ചുവര്‍ഷം ചുമതല വഹിച്ചിട്ടുണ്ട്. ഇക്കാലത്താണ് പത്രപ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കാന്‍ 'ന്യൂസ്ക്രാഫ്ട്'എന്ന പേരില്‍ ശില്‍പശാലകള്‍ സംഘടിപ്പിച്ചത്. ഈ പരീക്ഷണമാണ് പിന്നീട് കേരളപ്രസ് അക്കാദമി രൂപവത്കരണത്തില്‍ എത്തിച്ചത്. കോഴിക്കോട് പ്രസ്ക്ളബ് നടത്തിവന്ന ജേണലിസം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെയും ഡയറക്ടറായിരുന്നു.
പത്രപ്രവര്‍ത്തക പരിശീലകന്‍ എന്ന നിലയിലും വേണുവിന് വിപുലമായ ശിഷ്യസമ്പത്തുണ്ട്. ഈ സമ്പത്താണ് പില്‍ക്കാലത്ത് മലയാള പത്രസംവിധാനത്തെ ആധുനികമാക്കി നിര്‍ത്തുന്നത്.
വേണു ഏറ്റവുമധികം ഓര്‍മിക്കപ്പെടുക സ്വദേശാഭിമാനി രാമകൃഷ്ണപ്പിള്ളയെപ്പറ്റി എഴുതിയ ജീവചരിത്രത്തിന്റെ പേരിലാവും. അപാരമായ നിരീക്ഷണപാടവവും ഗവേഷണ ചാരുതയും ഈ ബൃഹദ്ഗ്രന്ഥത്തെ ചൂഴ്ന്നുനില്‍ക്കുന്നുണ്ട്. അതേവരെ ലഭ്യമാവാതിരുന്ന നിരവധിരേഖകള്‍ തേടിപ്പിടിച്ച് തയാറാക്കിയ ഈ ഗ്രന്ഥം സമാനതകളില്ലാത്തതാണ്. വിവാദങ്ങള്‍ക്കെല്ലാം മറുപടി നല്‍കി പണ്ഡിതന്മാരുടെ ധാരണകള്‍ തിരുത്തിക്കാന്‍ ഈ ഗ്രന്ഥത്തിന് കഴിഞ്ഞു.
പത്രപ്രവര്‍ത്തനരംഗത്തെ സമഗ്രസംഭാവനക്ക് കേരള സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സ്വദേശാഭിമാനി-കേസരി അവാര്‍ഡിന് വേണുക്കുറുപ്പിനെ തെരഞ്ഞെടുത്തപ്പോള്‍ ഒരിടത്തുനിന്നും എതിര്‍ശബ്ദമുണ്ടായില്ലെന്നത് ശ്രദ്ധേയമാണ്.
തോമസ്ജേക്കബിനൊപ്പം ചേര്‍ന്ന് വേണുക്കുറുപ്പ് എഴുതിയ 'നാട്ടുവിശേഷം' എക്കാലവും പത്രപ്രവര്‍ത്തനരംഗത്തെ തുടക്കക്കാര്‍ക്ക് മാര്‍ഗദര്‍ശകമാണ്. വൃത്താന്തപത്രപ്രവര്‍ത്തനം, സ്വദേശാഭിമാനി എഴുതിയ ലേഖനങ്ങള്‍ എന്നിവ സമാഹരിച്ച് അദ്ദേഹം തയാറാക്കിയ പുസ്തകവും അക്കാദമി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കോഴിക്കോട്ടെ സാഹിത്യകൂട്ടായ്മയായ 'കോലായ'യിലെ സജീവ സാന്നിധ്യമായിരുന്നു വേണുക്കുറുപ്പ്. വേണുക്കുറുപ്പിലെ സാഹിത്യകാരനെ മലയാളികളിലധികവും അറിഞ്ഞില്ലെങ്കിലും അദ്ദേഹം എഴുതിയ 'ഈശ്വരമംഗലം' എന്ന കവിതാ സമാഹാരം നിരൂപകയായ ഡോ. ലീലാവതി എടുത്തുപറഞ്ഞിട്ടുണ്ട്.
പത്രപ്രവര്‍ത്തകരുടെ സേവന വേതന വ്യവസ്ഥകള്‍ പരിഷ്കരിക്കണമെന്നാവശ്യപ്പെട്ട് നടന്ന സമരങ്ങളില്‍ മുന്നണിപ്പോരാളിയായിരുന്നു വേണുക്കുറുപ്പ്. അദ്ദേഹം പിന്നീട് മാധ്യമം, മലയാളം എക്സ്പ്രസ്, മംഗളം എന്നീ പത്രങ്ങളിലും സേവനമനുഷ്ടിച്ചു. തെന്നിന്ത്യയിലെ അച്ചടി-ദൃശ്യമാധ്യമങ്ങളില്‍ സേവനമനുഷ്ഠിക്കുന്ന നൂറുകണക്കിന് ശിഷ്യര്‍ നന്ദിയോടെ അദ്ദേഹത്തിന്റെ ഓര്‍മകളെ നെഞ്ചേറ്റിനില്‍ക്കും...


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com