12:30:26
20 Jun 2013
Thursday
Facebook
Google Plus
Twitter
Rssfeed

രാജ്യം വരള്‍ച്ചയിലേക്ക്

രാജ്യം വരള്‍ച്ചയിലേക്ക്
കാലവര്‍ഷം കനിഞ്ഞില്ല

ന്യൂദല്‍ഹി: ഇക്കുറി കാലവര്‍ഷം കനിഞ്ഞില്ല. മൂന്നുകൊല്ലം മുമ്പ് നേരിട്ടതിനേക്കാള്‍ രൂക്ഷമായ വരള്‍ച്ചയിലേക്ക് രാജ്യം നീങ്ങുകയാണെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിച്ചു.
രാജ്യത്തിന്റെ മൂന്നിലൊന്നു സ്ഥലങ്ങളില്‍ മാത്രമാണ് പതിവു മണ്‍സൂണ്മഴ കിട്ടിയത്. ശരാശരി നോക്കിയാല്‍ മഴ ഇക്കുറി 15 ശതമാനം കുറവായിരിക്കും. കൃഷിപ്പിഴയിലൂടെ വിളവെടുപ്പ് മോശമായേക്കും. കുടിവെള്ള ക്ഷാമത്തിന് സാധ്യതയേറെ. വിലക്കയറ്റവും കൂടുതല്‍ രൂക്ഷമാവുമെന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്.
പതിവായി കിട്ടേണ്ടതിന്റെ 90 ശതമാനം മഴ കിട്ടാതിരിക്കുകയും രാജ്യത്തിന്റെ അഞ്ചിലൊന്നു പ്രദേശത്ത് 25 ശതമാനം മഴക്കുറവ് അനുഭവപ്പെടുകയും ചെയ്യുമ്പോഴാണ് രാജ്യം വരള്‍ച്ചാബാധിതമായി പ്രഖ്യാപിക്കുക. കാലാവസ്ഥാ കേന്ദ്രത്തിന്റെ കണക്കു പ്രകാരം ഈ മണ്‍സൂണ്‍ കാലത്ത് 85 ശതമാനം മഴ മാത്രം കിട്ടാനാണ് സാധ്യത. അടുത്തകാലത്ത് 2002ലും 2009ലുമാണ് രാജ്യം വരള്‍ച്ച നേരിട്ടത്. 2002ല്‍ ജൂണ്‍-സെപ്റ്റംബര്‍ കാലയളവില്‍ 19 ശതമാനം മഴ കുറവായിരുന്നു. 1918ലെ വരള്‍ച്ചക്കാലത്ത് മഴയില്‍ 28 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്.
കാര്‍ഷിക വിഭവങ്ങളുടെ കലവറയായ പഞ്ചാബ്, ഗുജറാത്ത്, മഹാരാഷ്ട്ര, മധ്യപ്രദേശ്, കര്‍ണാടകത്തിന്റെ ഉള്‍പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ മഴക്കുറവുമൂലം സ്ഥിതി ഉത്കണ്ഠാജനകമാണ്. കാലവര്‍ഷം വൈകുകയും ദുര്‍ബലമാവുകയും ചെയ്തതിനാല്‍ അഞ്ചിലൊന്നു കുറവ്, 378 മില്ലിമീറ്റര്‍ മഴയാണ് ഇതുവരെ കിട്ടിയത്. പതിവനുസരിച്ചാണെങ്കില്‍ നൂറു മില്ലിമീറ്റര്‍ കൂടി കിട്ടേണ്ടതാണ്. ഇനിയുള്ള ദിവസങ്ങളിലും പ്രതീക്ഷിച്ചത്ര മഴ കിട്ടില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടര്‍ ജനറല്‍ ലക്ഷ്മണ്‍സിങ് റാത്തോഡ് വാര്‍ത്താസമ്മേളന ത്തില്‍ പറഞ്ഞു. കാലവര്‍ഷം കുറഞ്ഞത് കൃഷിയിറക്കുന്നതിനെ വല്ലാതെ ബാധിച്ചിട്ടില്ല. എന്നാല്‍, പയറുവര്‍ഗങ്ങളുടെയും മറ്റും ഉല്‍പാദനം എത്രത്തോളമെന്ന് പറയാനാവില്ല.
ആഗസ്റ്റില്‍ കാലവര്‍ഷം പതിവുപോലെ ലഭിക്കും. സെപ്റ്റംബറില്‍ വീണ്ടും ദുര്‍ബലമാവും. മധ്യപസഫിക് സമുദ്രത്തിലെ വെള്ളം ചൂടുപിടിക്കുന്നതു വഴിയുണ്ടാകുന്ന എല്‍നിനോ പ്രതിഭാസമാണ് കാലവര്‍ഷം ദുര്‍ബലമാകാന്‍ കാരണം. അവിടെ സമുദ്രനിരപ്പിലെ താപനില 0.7 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാം.
കാലവര്‍ഷം ദുര്‍ബലമായതു മൂലം നടപ്പുസാമ്പത്തിക വര്‍ഷത്തെ വളര്‍ച്ച നിരക്ക് കഴിഞ്ഞവര്‍ഷത്തെ ആറര ശതമാനത്തില്‍നിന്ന് ആറു ശതമാനത്തിലേക്ക് താഴുമെന്ന് ആസൂത്രണ കമീഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക്സിങ് അഹ്ലുവാലിയ പറഞ്ഞു. 2012ല്‍ തുടങ്ങിയ 12ാം പദ്ധതിക്കാലത്ത് ശരാശരി വളര്‍ച്ച നിരക്ക് 8.2 ശതമാനം പ്രതീക്ഷിക്കുമ്പോഴാണിത്.
വരള്‍ച്ച നേരിടുന്ന ഗുജറാത്തിന് 480 കോടി രൂപ കുടിവെള്ള വിതരണത്തിനും മറ്റുമായി അടിയന്തരമായി അനുവദിക്കുമെന്ന് വരള്‍ച്ച പ്രശ്നം അവലോകനം ചെയ്യുന്ന മന്ത്രിതല സമിതിയുടെ അധ്യക്ഷന്‍ ശരദ്പവാര്‍ ഗാന്ധിനഗറില്‍ പ്രഖ്യാപിച്ചു.
അവിടെ തൊഴിലുറപ്പു പദ്ധതി ദിനങ്ങള്‍ വര്‍ഷത്തില്‍ 100 എന്നത് 150 ആക്കും. സംസ്ഥാനം ആവശ്യപ്പെട്ടത് 14,683 കോടി രൂപയാണ്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com