മറയൂര്‍: കാന്തല്ലൂര്‍, മറയൂര്‍ പഞ്ചായത്തുകളിലെ പച്ചക്കറി കൃഷി മഴ ലഭിക്കാത്തതിനാല്‍ കരിഞ്ഞുണങ്ങുന്നു. ഓണ വിപണി പ്രതീക്ഷിച്ച് കൃഷിയിറക്കിയ കര്‍ഷകര്‍ക്കാണ് മഴയുടെ അഭാവം മൂലം കൃഷിനാശം നേരിട്ടത്.
കാന്തല്ലൂരിലെ 3000 ത്തോളം ഹെക്ടര്‍ സ്ഥലത്താണ് പച്ചക്കറി കൃഷി ചെയ്തുവരുന്നത്. ശീതകാല പച്ചക്കറിയുടെ ഈറ്റില്ലമായ വട്ടവട, കാന്തല്ലൂര്‍ എന്നിവിടങ്ങളില്‍ മഴ ലഭിക്കാത്തതിനാല്‍ 2000 ഹെക്ടര്‍ ഭൂമിയില്‍ പച്ചക്കറി കൃഷി ഇറക്കാതെ തരിശ് കിടക്കുകയാണ്. ആയിരത്തോളം ഹെക്ടര്‍ സ്ഥലത്ത് കൃഷിയിറക്കിയെങ്കിലും ഭൂരിഭാഗവും വെള്ളം ലഭിക്കാതെ നശിച്ചു. ഓണ വിപണിയിലേക്ക് കാന്തല്ലൂരില്‍ നിന്ന് തുഛമായ പച്ചക്കറി മാത്രമേ ഇക്കുറി എത്തൂ.
ഇക്കുറി ഓണത്തിന് തമിഴ്നാട് പച്ചക്കറിയെ മാത്രം ആശ്രയിക്കേണ്ടി വരും. മഴ ലഭിക്കാത്തതിനാല്‍ പഴ വര്‍ഗങ്ങളുടെ വിളവും കുറവാണ്. കശ്മീര്‍ കഴിഞ്ഞാല്‍ ഇന്ത്യയില്‍ സ്വാഭാവികമായി ആപ്പിള്‍ വിളയുന്നത് കാന്തല്ലൂരിലാണ്. ഫാഷന്‍ ഫ്രൂട്ട്, ഓറഞ്ച്, പ്ളംസ്, സബര്‍ജില്‍, മരത്തക്കാളി, സ്ട്രോബറി, ആത്തച്ചക്ക തുടങ്ങിയ പഴങ്ങളും കാന്തല്ലൂരില്‍ വിളയുന്നു. വിനോദ സഞ്ചാരികള്‍ക്ക് ഇവ നേരിട്ട് തോട്ടങ്ങളില്‍ നിന്ന് വാങ്ങാന്‍ കഴിയും.
ശീതകാല പച്ചക്കറിക്ക് പേരുകേട്ട കാന്തല്ലൂരില്‍ ബീന്‍സ്, മുരിങ്ങ ബീന്‍സ്, ബട്ടര്‍ ബീന്‍സ്, കാരറ്റ്, കോളിഫ്ളവര്‍, കാബേജ്, ഉരുളക്കിഴങ്ങ് തുടങ്ങിയവയാണ് വ്യാപകമായി കൃഷി ചെയ്തുവന്നിരുന്നത്. കാന്തല്ലൂരിലെ വെളുത്തുള്ളി കൃഷി പേരും പ്രശസ്തിയും നേടിയതാണ്. കഴിഞ്ഞ സീസണില്‍ വെളുത്തുള്ളി വിലയിടിഞ്ഞത് കര്‍ഷകരെ ദുരിതത്തിലാക്കിയിരുന്നു. ഓണ വിപണിയില്‍ പച്ചക്കറിക്ക് തീവിലയാകുകയും ചെയ്യുകയാകും ഫലം.
നിങ്ങളുടെ അഭിപ്രായങ്ങള്‍