ആലപ്പുഴ: സി.പി.എം ആഹ്വാനം ചെയ്ത ഹര്‍ത്തലിനെ തുടര്‍ന്ന് ജില്ലയുടെ വിവിധഭാഗങ്ങളില്‍ അരങ്ങേറിയത് അക്രമ പരമ്പര. അരൂര്‍, അമ്പലപ്പുഴ, തുറവൂര്‍ മേഖലകളില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ അഴിഞ്ഞാടി.
അരൂര്‍: അരൂരില്‍ പരക്കെ ആക്രമണമാണമുണ്ടായി. രണ്ട് മത്സ്യസംസ്കരണ കയറ്റുമതി ശാലകളുടെ ചില്ല് തകര്‍ത്തു. മനോരമ ന്യൂസ് ചാനലിന്‍െറ വാഹനങ്ങള്‍ക്ക്നേരെ കല്ലേറുണ്ടായി. ടയറുകള്‍ കുത്തിക്കീറി. മണിക്കൂറുകളോളം വാഹനങ്ങള്‍ക്കുനേരെ നടന്ന ആക്രമണം മൂലം ഭീതിജനകമായ അന്തരീക്ഷമാണുണ്ടായത്. മംഗള ഗ്രൂപ്പിന്‍െറ സംസ്കരണശാലയുടെ ചില്ലുകളാണ് തകര്‍ന്നത്. പണി നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. സംഭവത്തില്‍ വ്യവസായികളുടെ സംഘടനാ നേതാക്കളായ ജീവന്‍, അമര്‍നാഥ് എന്നിവര്‍ പ്രതിഷേധിച്ചു. കോടംതുരുത്ത് സ്കൂളിന് മുന്‍വശം ദേശീയപാതയില്‍ ഗതാഗത തടസ്സമുണ്ടാക്കി. ആശുപത്രിയിലേക്കും എയര്‍പോര്‍ട്ടിലേക്കും പോയവര്‍ ഇതില്‍ കുടുങ്ങി. അരൂര്‍ ഭാഗത്ത് ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു.
തുറവൂര്‍: കോണ്‍ഗ്രസ് അരൂര്‍ ബ്ളോക് കമ്മിറ്റി ഓഫിസിന്‍െറ വാതിലുകളില്‍ ഹര്‍ത്താലനുകൂലികള്‍ കരിഓയില്‍ ഒഴിച്ചു. ഫെഡറല്‍ബാങ്ക് തുറവൂര്‍ ശാഖയുടെ ജനാല ചില്ലുകള്‍ കല്ലെറിഞ്ഞ് തകര്‍ത്തു. കോഓപറേറ്റിവ് സൊസൈറ്റിക്ക് നേരെയും ആക്രമണമുണ്ടായി. അക്രമം കാമറയില്‍ പകര്‍ത്താന്‍ ശ്രമിച്ച കുത്തിയതോട് സി.ഐ പി.കെ. ശിവന്‍കുട്ടിക്കുനേരെ കൈയേറ്റശ്രമം നടന്നു.
അമ്പലപ്പുഴ: സി.പി.എം ഹര്‍ത്താലില്‍ പുന്നപ്രയിലും വളഞ്ഞവഴിയിലും തകഴിയിലും അനിഷ്ട സംഭവങ്ങള്‍ ഉണ്ടായി. കളിത്തട്ട് ജങ്ഷന് പടിഞ്ഞാറുള്ള ചിന്ന നാസറിന്‍െറ തട്ടുകട ഹര്‍ത്താല്‍ അനുകൂലികള്‍ തകര്‍ത്തു. റമദാന്‍ വിഭവങ്ങള്‍ വില്‍ക്കുന്ന കടയാണിത്. കളിത്തട്ട് ജങ്ഷന് പടിഞ്ഞാറുള്ള സഹകരണസംഘം സൊസൈറ്റിയുടെ ഫ്ളക്സ്ബോര്‍ഡുകളും ബാനറുകളും നശിപ്പിച്ചു. കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അഭിവാദ്യമര്‍പ്പിക്കുന്ന ബാനറുകളായിരുന്നു ഇത്. നന്മ സ്റ്റോറിന്‍െറ ബോര്‍ഡും തകര്‍ത്തു. ബി.ജെ.പിയുടെ ബാനറുകളും നശിപ്പിച്ചു.
വളഞ്ഞവഴിയില്‍ എയ്സ് വാന്‍ തടഞ്ഞുനിര്‍ത്തി ഡ്രൈവറെ മര്‍ദിച്ചു. തകഴി ജങ്ഷന് തെക്ക് ഐ.എന്‍.ടി.യു.സി ഓഫിസിനുനേരെ കല്ലേറുണ്ടായി. പലഭാഗങ്ങളിലും സി.പി.എം പ്രവര്‍ത്തകര്‍ പ്രകടനം നടത്തി.
മുഹമ്മ: ഹര്‍ത്താല്‍ ദിനത്തില്‍ വാര്‍ക്കല്‍ ജോലി തടസ്സപ്പെട്ടു. ആര്‍മി ഉദ്യോഗസ്ഥനായ മുഹമ്മ നികര്‍ത്തില്‍ പുഷ്കരന്‍െറ വീട്ടിലെ വാര്‍ക്കല്‍ ജോലിയാണ് വ്യാഴാഴ്ച രാവിലെ തടസ്സപ്പെട്ടത്. പ്രധാന വാര്‍ക്കലിനുവേണ്ടിയുള്ള സജ്ജീകരണങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നു. ഹര്‍ത്താല്‍ കാരണം തൊഴിലാളികള്‍ മടങ്ങുകയും ചെയ്തു. തൊഴിലാളികള്‍ക്കുള്ള ആഹാര സാധനങ്ങള്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറി വട്ടച്ചിറ ബാലചന്ദ്രന്‍െറ വീട്ടില്‍ എത്തിച്ചിരുന്നു. എന്നാല്‍, 30ഓളം തൊഴിലാളികള്‍ക്ക് ഉണ്ടാക്കിയ ഭക്ഷണം കുഴിച്ചുമൂടി.
നിങ്ങളുടെ അഭിപ്രായങ്ങള്‍