കൊച്ചി: പാമോയിലിന്റെ അധിക ഇറക്കുമതി നാളികേരവിലയെ സാരമായി ബാധിക്കുന്നെന്ന് വിലയിരുത്തല്‍. മതിയായ ഭക്ഷ്യഎണ്ണയുടെ ലഭ്യത രാജ്യത്തില്ലെന്ന കാരണം പറഞ്ഞ് എല്ലാ പ്രധാനപ്പെട്ട ഭക്ഷ്യഎണ്ണകളുടേയും കയറ്റുമതി നിരോധിക്കുകയും വെളിച്ചെണ്ണയുടെ കയറ്റുമതി നിയന്ത്രിക്കുകയും ചെയ്ത സാഹചര്യത്തില്‍ പാമോയില്‍ അധികമായി ഇറക്കുമതി ചെയ്യുന്നതാണ് സംസ്ഥാനത്തെ നാളികേര കര്‍ഷകര്‍ക്ക് തിരിച്ചടിയായിരിക്കുന്നത്. ആര്‍ബിഡി പാമോയിലിന്റെ നവംബര്‍ 2011 മുതല്‍ മേയ് 2012 വരെയുള്ള ഇറക്കുമതിയില്‍ മുന്‍വര്‍ഷത്തെക്കാള്‍ 97 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം 5,51,327 മെട്രിക് ടണ്‍ ഇറക്കുമതി നടന്നെങ്കില്‍ ഈ വര്‍ഷം 10,84,933 മെട്രിക് ടണ്‍ ആര്‍ബിഡി പാമോയിലാണ്് ഇറക്കുമതി ചെയ്തത്. ഇതോടൊപ്പം ക്രൂഡ് പാം കെര്‍ണല്‍ ഓയിലിന്റെ ഇറക്കുമതി 35,564 മെട്രിക് ടണ്ണില്‍ നിന്ന് 64,692 മെട്രിക് ടണ്ണായി ഉയര്‍ന്നു- 82 ശതമാനം വര്‍ധന. ഭക്ഷ്യ എണ്ണയുടെ കയറ്റുമതി നിരോധിച്ചിരിക്കുന്നതിനാല്‍ അനുവദിച്ചിരിക്കുന്ന അളവില്‍ വെളിച്ചെണ്ണ കയറ്റുമതി ചെയ്യുന്നവര്‍ക്കുപോലും കയറ്റുമതി ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ല. ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യ എണ്ണ കിലോക്ക് 15 രൂപ സബ്സിഡിയോടെ നല്‍കുന്ന കേന്ദ്ര പദ്ധതി സെപ്റ്റംബര്‍ 2012 വരെ നീട്ടിയതും വെളിച്ചെണ്ണക്ക് ദോഷമായി. വെളിച്ചെണ്ണയുടെ ആഭ്യന്തരവിലയും അന്താരാഷ്ട്ര വിലയും തമ്മിലെ അന്തരം താരതമ്യേന കുറവായ സാഹചര്യത്തില്‍ കയറ്റുമതി ആനുകൂല്യങ്ങള്‍ നല്‍കുകയും കയറ്റുമതി നിയന്ത്രണം നീക്കുകയും ചെയ്താല്‍ വെളിച്ചെണ്ണ വിപണിയില്‍ ഉണര്‍വുണ്ടാകുമെന്നാണ് കര്‍ഷകരുടെ പ്രതീക്ഷ.


നിങ്ങളുടെ അഭിപ്രായങ്ങള്‍