‘സൗദിയ’ വിമാനങ്ങളില്‍ ബാഗേജ് പരിധി പുതുക്കുന്നു

ജിദ്ദ: സൗദി എയര്‍ലൈന്‍സ് അന്താരാഷ്ട്ര സര്‍വീസില്‍ യാത്രക്കാര്‍ക്കു കൊണ്ടുപോകാവുന്ന ബാഗേജ് പരിധി പരിഷ്കരിക്കുന്നു. ഇതനുസരിച്ച് സൗദിയ വിമാനങ്ങളില്‍ ചെക്ക് ഇന്‍ ബാഗേജുകളുടെ തൂക്കത്തിനു പകരം എണ്ണമായിരിക്കും പരിഗണിക്കുക. സെപ്റ്റംബര്‍ ഒന്ന് മുതല്‍ പുതിയ വ്യവസ്ഥ നിലവില്‍ വരും. ഇതനുസരിച്ച് സൗദിയില്‍ നിന്നു പുറത്തേക്കും അകത്തേക്കുമുള്ള സര്‍വീസുകളില്‍ ഫസ്റ്റ്ക്ളാസ്, ബിസിനസ് ക്ളാസ് യാത്രക്കാര്‍ക്ക് 32 കിലോ തൂക്കമുള്ള രണ്ടു കെയ്സ്/ബാഗ്, ഇക്കോണമി ക്ളാസുകാര്‍ക്ക് 32 കിലോയുടെ ഒരു കെയ്സ്/ബാഗ് എന്നിങ്ങനെയാണ് ചെക്ക് ഇന്‍ ബാഗേജ് ആയി അനുവദിക്കുക. 90 സെ.മീ നീളവും 75 സെ.മീ വീതിയും 43 സെ.മീ ഉയരവുമുള്ള പെട്ടിയോ ബാഗോ ആയിരിക്കണം. ഫസ്റ്റ്ക്ളാസ്/ബിസിനസ് ക്ളാസുകാര്‍ക്ക് 32 കിലോയുടെയും ഇക്കോണമി ക്ളാസുകാര്‍ക്ക് 23 കിലോയുടെയും ഒരു എക്സ്ട്രാ ബാഗ് അനുവദിക്കും. എന്നാല്‍ ഇതിന് ഏഷ്യന്‍രാജ്യങ്ങളിലേക്ക് 350 സൗദി റിയാല്‍ ഒടുക്കണം. അവിടെ നിന്നു സൗദിയിലേക്കു വരുമ്പോള്‍ എക്സ്ട്രാബാഗിന് 100 റിയാലാണ് ഒടുക്കേണ്ടി വരിക.
ഇതുവരെയായി സൗദിയ വിമാനങ്ങളില്‍ യാത്രചെയ്യുന്ന ഇക്കോണമി ക്ളാസുകാര്‍ക്ക് 50 കിലോയുടെ സാധനങ്ങള്‍ കൊണ്ടുപോകാന്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ യൂറോപ്യന്‍നാടുകളിലെ സമ്പ്രദായം അനുകരിച്ച് ബാഗേജുകള്‍ തൂക്കുന്നതിനുപകരം അതിന്‍െറ തൂക്കവും എണ്ണവും പരിമിതപ്പെടുത്തുന്ന പരിഷ്കരണമാണ് നടപ്പിലാകുന്നത്. ആഭ്യന്തര സര്‍വീസുകളില്‍ 25 കിലോയും അതിനു മേല്‍ 25 കിലോ വരെ 100 സൗദി റിയാല്‍ അധികതുകയും ഇപ്പോള്‍ ഈടാക്കി വരുന്നുണ്ട്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus