ജിദ്ദ: രാജ്യത്തെ പൊതു സുരക്ഷ മികച്ചതാണെന്നും സ്വദേശികളും വിദേശികളും അത് അനുഭവിക്കുന്നുണ്ടെന്നും ആഭ്യന്തരമന്ത്രി അമീര്‍ അഹ്മദ് ബിന്‍ അബ്ദുല്‍അസീസ് വ്യക്തമാക്കി. ജിദ്ദയില്‍ വിവിധ മേഖല ഗവര്‍ണര്‍മാരുടെ 19ാമത് യോഗത്തില്‍ അധ്യക്ഷത വഹിച്ച ശേഷം നടത്തിയ പത്ര സമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്്. മേഖലയുടെ സുരക്ഷിതത്വം കാത്ത് സുക്ഷിക്കേണ്ട ബാധ്യത എല്ലാവര്‍ക്കുമുണ്ട്. വിശുദ്ധ റമദാന്‍ അനുഗൃഹീത മാസമാണ്. ആ മാസത്തില്‍ സുരക്ഷയും സ്ഥിരതയും വേണം. ചിലയാളുകളുടെ ഭാഗത്ത് നിന്ന് അതിക്രമങ്ങള്‍ ഉണ്ടാകുന്നുണ്ട്. ഇത് നിഷേധാത്മക ഫലമാണുളവാക്കുകയെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു. ബഹ്റൈനിലെ സഹോദരന്‍മാര്‍ക്ക് നേരെയുള്ള രാജ്യത്തിന്‍െറ ശ്രദ്ധയും ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയിലെ സഹകരണവും ഏവര്‍ക്കും അറിയാവുന്നതാണ്.
മന്ത്രാലയങ്ങള്‍ക്കും ഗവര്‍ണറേറ്റുകള്‍ക്കുമിടയില്‍ സഹകരണം സാധ്യമാക്കി രാജ്യത്തെ ജനങ്ങള്‍ക്ക് മികച്ച സേവനങ്ങള്‍ ലഭ്യമാക്കുന്നതിനെക്കുറിച്ചാണ് യോഗത്തില്‍ പ്രധാനമായും ചര്‍ച്ച നടന്നത്. റമദാനിലെ വിലക്കയറ്റം ചര്‍ച്ച ചെയ്തിട്ടുണ്ട്. അവിഹിത ലാഭമെടുക്കരുതെന്നും ദൈവത്തെ ഭയപ്പെടണമെന്നും ആഭ്യന്തരമന്ത്രി കച്ചവടക്കാരോട് ആവശ്യപ്പെട്ടു. വാണിജ്യ മന്ത്രാലയവും ബന്ധപ്പെട്ട വകുപ്പുകളും വിലവര്‍ധനവിനെതിരെ പരിശോധന നടത്തണമെന്നു മന്ത്രി നിര്‍ദേശിച്ചു. രാജ്യത്തെ തൊഴിലില്ലായ്മ ഗൗരവമായി കാണുന്നുണ്ട്. 60-70 ലക്ഷത്തിനിടയില്‍ വിദേശികള്‍ രാജ്യത്ത് ജോലി ചെയ്യുന്നുണ്ട്. ഒരു മില്യണ്‍ സ്വദേശികള്‍ക്ക് തൊഴില്‍ നല്‍കുകയാണെങ്കില്‍ ഈ അനുപാതം കുറയുമായിരുന്നു. തൊഴിലില്ലായ്മ പരിഹരിക്കാന്‍ ഒരോ മേഖലകളില്‍ ശില്‍പശാലകളും മറ്റും സംഘടിപ്പിച്ചു. തൊഴിലില്ലായ്മയുടെ വേരുകള്‍ പിഴുതെറിയാനും കാരണങ്ങള്‍ കണ്ടെത്താനുമായിരുന്നു ഇതെല്ലാം. എന്നാല്‍ ഇത് വേണ്ടത്ര തൃപ്തികരമായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
മനുഷ്യ‘പുലി’യായി കുഴപ്പമുണ്ടാക്കി പിടിയിലായ ആളുടെ വൈജ്ഞാനികവും ബുദ്ധിപരവുമായ നിലവാരത്തില്‍ സംശയമുണ്ടെന്ന് ഖതീഫില്‍ അറസ്റ്റിലായ ശിയാനേതാവ് നമിറിനെ സൂചിപ്പിച്ച് അമീര്‍ പറഞ്ഞു. അയാളുടെ സംസാരവും പ്രവൃത്തിയും അതാണ് തോന്നിപ്പിക്കുന്നത്. ഭാര്യ പാസ്പോര്‍ട്ട് ഓഫിസിലെ ജോലിക്കാരിയാണ്. അവര്‍ക്ക് അസുഖമായപ്പോള്‍ മക്കളോടൊപ്പം അമേരിക്കയിലയച്ച് രാജ്യത്തിന്‍െറ ചെലവില്‍ ചികില്‍സ നല്‍കി. ഒന്നിലും ഒരു വീഴ്ച വരുത്തിയിട്ടില്ല. മറ്റാര്‍ക്കും നല്‍കാത്തത് നമിറിന് നല്‍കിയതായും ആഭ്യന്തരമന്ത്രി പറഞ്ഞു. പ്രകടനങ്ങളുമായി റോഡിലിറങ്ങുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ല. പരിധിവിട്ടാല്‍ ഇതിന് നിയന്ത്രണമേര്‍പ്പെടുത്തേണ്ടി വരുമെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു. സിറിയന്‍ ജനതക്കുള്ള സഹായസമാഹരണം ഏഴാം ദിവസം 405 മില്യന്‍ കവിഞ്ഞിട്ടുണ്ട്. 50-70 ട്രക്കുകള്‍ ഭക്ഷ്യവസ്തുക്കളും മറ്റുമായി സിറിയന്‍ സഹോദരന്‍മാര്‍ക്കായി പുറപ്പെടാനിരിക്കുകയാണ്. അന്താരാഷ്ട്ര സംഘടനകളുമായി സഹകരിച്ച് സഹായം അര്‍ഹര്‍ക്ക് എത്തിച്ചു കൊടുക്കുമെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍