Wed, 08/01/2012 - 09:55 ( 41 weeks 3 daysago)
കഞ്ഞി കുടിക്കുന്ന ചൈനീസ് കരുത്ത്
(+)(-) Font Size
കഞ്ഞി കുടിക്കുന്ന ചൈനീസ് കരുത്ത്

ലണ്ടനില്‍ ഇന്ത്യ കണ്ട സൂര്യന്‍െറ പേരായിരുന്നു ഗഗന്‍ നാരംഗ്. നിശ്ചയദാര്‍ഢ്യത്തിന്‍െറ പര്യായം. 10 മീറ്റര്‍ എയര്‍ റൈഫിള്‍ ഇനത്തില്‍ അഭിനവ് ബിന്ദ്ര മെഡല്‍ നേടുമെന്നായിരുന്നു ഞങ്ങള്‍ മാധ്യമപ്രവര്‍ത്തകരുടെ പ്രതീക്ഷ. എന്നാല്‍, അതുണ്ടായില്ലെന്നല്ല, അദ്ദേഹം 16ാം സ്ഥാനത്തേക്ക് കൂപ്പുകുത്തുകയും ചെയ്തു. അദ്ദേഹം തിരിച്ചുവരുമെന്നുതന്നെയായിരുന്നു ഞങ്ങളുടെ പ്രതീക്ഷ. പക്ഷേ, ഭാഗ്യം ഗഗന് ഒപ്പമായിരുന്നു. മെഡല്‍ നേട്ടത്തിനു ശേഷം ടി.വി കാമറാമാന്മാരില്‍നിന്നു രക്ഷപ്പെട്ട ഗഗനോട് ഒരേയൊരു ചോദ്യമേ ചോദിക്കാനായുള്ളൂ. ഇപ്പോള്‍ എന്തു തോന്നുന്നു? ദൈവമുണ്ടെന്നു തോന്നുന്നുവെന്നായിരുന്നു ഗഗന്‍െറ മറുപടി. ആ ലാളിത്യമായിരുന്നു കൂടുതല്‍ സ്പര്‍ശിച്ചത്. ഫോട്ടോക്ക് പോസ് ചെയ്യാനും ഓട്ടോഗ്രാഫ് നല്‍കാനുമൊക്കെ തയാറായ ഗഗനെ കണ്ടപ്പോള്‍ ഇതാണ് യഥാര്‍ഥ ഇന്ത്യന്‍ അത്ലറ്റെന്നു തോന്നി. ലണ്ടന്‍ ഒളിമ്പിക്സിലെ ഇന്ത്യയുടെ ആദ്യ മെഡലിന് എന്തു കൊണ്ടും യോഗ്യന്‍. 10 മീറ്റര്‍ റൈഫിള്‍സില്‍ മത്സരിച്ച 47 പേരും ഒന്നിനൊന്നു കേമന്മാര്‍. അതിനിടയിലും കടുത്ത മാനസിക സമ്മര്‍ദത്തെ അതിജീവിച്ച് മൂന്നാമതെത്തുക എന്നു പറഞ്ഞാല്‍ തികച്ചും അഭിനന്ദനീയംതന്നെ. മെഡല്‍ സെറിമണി കഴിഞ്ഞു പുറത്തു കടന്നപ്പോള്‍ എങ്ങോട്ട് പോകണമെന്ന ആശങ്കയായി. പല മത്സരങ്ങളുടെയും വേദികള്‍ തമ്മില്‍ നല്ല ദൂരമുണ്ട്. ലണ്ടന് പുറത്ത് ഒളിമ്പിക് പാര്‍ക്കില്‍ ബാസ്ക്കറ്റ്ബാള്‍ നടക്കുന്നുണ്ട്. അവിടേക്കു പോയാല്‍ തിരികെയെത്താന്‍ പാടുപെടേണ്ടി വരും. അതിലും നല്ലത് വെംബ്ളി അറീനയിലേക്കു പോകുന്നതാണ്. അവിടെ സൈന നെഹ്വാള്‍ പങ്കെടുക്കുന്ന ബാഡ്മിന്‍റണ്‍ മത്സരമുണ്ട്.
ട്രെയിനില്‍ ഇരിക്കുമ്പോഴാണ് ‘ഒളിമ്പിക്സില്‍ ഉത്തേജകമരുന്ന്’ എന്ന തലക്കെട്ടുമായി പത്രമെത്തിയത്. അജ്ഞാതസുന്ദരിക്കു പിന്നാലെ ഇതാ മറ്റൊരു 16കാരി കൂടി വാര്‍ത്തയില്‍ ഇടം നേടിയിരിക്കുന്നു. യെ ഷിവന്‍ എന്ന ചൈനീസ് നീന്തല്‍താരമാണ് വിവാദനായിക. 200 മീറ്റര്‍ വ്യക്തിഗത മെഡ്ലേയിലും 400 മീറ്റര്‍ വ്യക്തിഗത മെഡ്ലേയിലും ലോകറെക്കോഡ് നേടി സ്വര്‍ണമണിഞ്ഞ ഷിവന്‍ ഉത്തേജകമരുന്നു കഴിക്കുന്നുണ്ടോയെന്നു യു.എസ് നീന്തല്‍ കോച്ച് നടത്തിയ പ്രസ്താവനയാണ് കുഴപ്പമായിരിക്കുന്നത്.
ഈ ഇനത്തില്‍ സ്വര്‍ണം നേടിയ യു.എസിന്‍െറ പുരുഷ നീന്തല്‍താരം റയാന്‍ ലോക്ടെയെ കടത്തിവെട്ടുന്ന പ്രകടനമാണത്രെ ഈ പെണ്‍കുട്ടി നടത്തിയത്. വേള്‍ഡ് സ്വിമ്മിങ് കോച്ചസ് അസോസിയേഷന്‍ എക്സിക്യൂട്ടിവ് ഡയറക്ടറാണ് ആരോപണമുന്നയിച്ച ജോണ്‍ ലിയണാര്‍ഡ്. ഏതായാലും ഉത്തേജകവിവാദത്തില്‍ പെട്ടതോടെ ചൈനീസ് താരങ്ങളുടെ പെര്‍ഫോമന്‍സിലും അവിശ്വസനീയത പടര്‍ന്നുകഴിഞ്ഞു. നിരോധിക്കപ്പെട്ട സ്റ്റിറോയ്ഡുകള്‍ ഉപയോഗിക്കുന്ന കാര്യത്തില്‍ അവര്‍ക്ക് പൂര്‍വകാല ചരിത്രവുമുണ്ടല്ലോ. ഇവിടെയും അതൊക്കെ ആവര്‍ത്തിക്കുമോ?
400 മീറ്ററിന്‍െറ അവസാന 50 മീറ്റര്‍ ഈ കുട്ടി നീന്തിക്കയറിയത് ലോകകായിക ചരിത്രത്തില്‍ ഒരു മനുഷ്യന്‍ സ്വന്തമാക്കുന്ന രണ്ടാമത്തെ മികച്ച സമയത്തിലായിരുന്നു. അതാണ് സംശയത്തിനിടയാക്കിയത്. അവിശ്വസനീയമെന്നേ ഇതിനെക്കുറിച്ച് പറയാനാവൂ എന്നാണ് മത്സരം കണ്ട എന്‍െറ ദല്‍ഹി സുഹൃത്ത് പീയൂഷ് വൈദ്യ പറഞ്ഞത്. അവള്‍ നീന്തുകയായിരുന്നില്ല, പറക്കുകയായിരുന്നു, ഒരു സൂപ്പര്‍ പെണ്‍കുട്ടിയെപ്പോലെ. വൈകുന്നേരം സ്റ്റാര്‍ട്ട്ഫോഡ് സ്റ്റേഷനില്‍ വെച്ചു കണ്ടുമുട്ടിയപ്പോള്‍ പീയൂഷ് ചൈനീസ് സ്വിമ്മിങ് ഒഫിഷ്യലിന്‍െറ നമ്പര്‍ കണ്ടുപിടിച്ചിരുന്നു. എന്നാല്‍, തുടരെ വിളിച്ചിട്ടും ഫോണ്‍ എടുത്തില്ല. പിന്നീട് അവരുടെ അക്കമഡേഷന്‍ സെന്‍ററില്‍ വിളിച്ച് കണക്ട് ചെയ്തപ്പോഴല്ലേ ബഹുരസം. ഇംഗ്ളീഷിന്‍െറ എബിസിഡി അറിയില്ല. ദ്വിഭാഷിയെ തിരഞ്ഞപ്പോള്‍ ചൈനീസ് ഭാഷയില്‍ എന്തോ പറഞ്ഞു പേടിച്ച് ഫോണ്‍ വെച്ചു! ഇതാണ് ചൈനീസ് താരങ്ങളുടെ പ്രശ്നം.
പക്ഷേ, പ്രസ് സെന്‍ററില്‍ ഇരിക്കുമ്പോള്‍ മീഡിയ റിലീസായി യെ ഷിവിന്‍െറ ചെറിയൊരു കുറിപ്പ് കിട്ടി. അത് ഏതാണ്ട് ഇങ്ങനെ: ഉയരം- അഞ്ച് അടി എട്ട് ഇഞ്ച്. ഡിറ്റക്ടിവ് നോവലുകള്‍ വായിക്കും. ടി.വി കാണും. ആഴ്ചയില്‍ ആറു നേരവും നീന്തല്‍ക്കുളത്തില്‍തന്നെ. കഴിക്കാനിഷ്ടം കഞ്ഞിയും സോയമില്‍ക്കും. എനര്‍ജി ഡ്രിങ്കുകളും സ്നാക്സും കഴിക്കുന്നതിനു പുറമേ ചിക്കന്‍, വെജിറ്റബ്ള്‍ നൂഡില്‍സും അകത്താക്കും.
വേറെയൊന്നും വായിക്കാന്‍ മെനക്കെട്ടില്ല. പീയൂഷിനോട് നേരത്തേതന്നെ ഈസ്റ്റ് ലണ്ടനില്‍ മലയാളി നടത്തുന്ന ഒരു കടയെക്കുറിച്ച് പറഞ്ഞിരുന്നു. അവിടെ ചെന്നാല്‍, നല്ല കഞ്ഞി കിട്ടും, പിന്നെ മസാല ദോശയും. വെരി സ്പെഷല്‍ ടു മലയാളീസ്. ഒന്നു ട്രൈ ചെയ്യാമെന്നു കരുതി അങ്ങോട്ടേക്കുള്ള റെയില്‍വേ സ്മാര്‍ട്ട് കാര്‍ഡ് സൈ്വപ്പ് ചെയ്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus