May 20 Mon 2013
12:15:30 pm
Madhyamam Home
About us
Contact us
Feedbacks
rssfeeds
twitter
Facebook

വായ്പനയം: പലിശനിരക്കില്‍ മാറ്റമില്ല; പണപ്പെരുപ്പം ചെറുക്കല്‍ പ്രധാനം

വായ്പനയം: പലിശനിരക്കില്‍ മാറ്റമില്ല; പണപ്പെരുപ്പം ചെറുക്കല്‍ പ്രധാനം

ന്യൂദല്‍ഹി: പെയ്യാതെ പോയ മഴ റിസര്‍വ് ബാങ്കിന്‍െറ ഇടക്കാല പണവിനിമയ നയത്തിലും പ്രതിഫലിച്ചു. പരിശ നിരക്കുകള്‍ കുറക്കാതെ പണപ്പെരുപ്പത്തെ ചെറുക്കാനുള്ള നയങ്ങളാണ് തുടര്‍ച്ചയായ രണ്ടാം തവണയും കേന്ദ്രബാങ്ക് ഗവര്‍ണര്‍ ഡി. സുബ്ബറാവു പ്രഖ്യാപിച്ചത്. കുറഞ്ഞ മഴയും അധികരിച്ച പെട്രോള്‍ ഉല്‍പന്ന നിരക്കും ആഗോള പ്രതിസന്ധിയും കണക്കിലെടുത്ത് നടപ്പു സാമ്പത്തിക വര്‍ഷത്തിലെ പ്രതീക്ഷിക്കുന്ന വളര്‍ച്ചാതോത് 7.3ല്‍ നിന്ന് 6.5 ആയി കുറച്ചു.
ബാങ്കുകള്‍ക്ക് ആശ്വാസം പകരാന്‍ എസ്.എല്‍.ആര്‍ നിരക്ക് ആഗസറ്റ് ഒന്നുമുതല്‍ പ്രാബല്യത്തോടെ ഒരു ശതമാനം കുറച്ച് 23ല്‍ എത്തിച്ചു. സര്‍ക്കാര്‍ ബോണ്ടുകളില്‍ ബാങ്കുകള്‍ നിര്‍ബന്ധമായി നിക്ഷേപിക്കേണ്ട തുകയാണ് എസ്.എല്‍.ആര്‍. റിസര്‍വ് ബാങ്ക് വാണിജ്യ ബാങ്കുകള്‍ക്ക് നല്‍കുന്ന വായ്പയുടെ പലിശയായ റിപോ നിരക്കിലും വാണിജ്യ ബാങ്കുകളില്‍നിന്ന് റിസര്‍വ് ബാങ്ക് എടുക്കുന്ന ഹ്രസ്വകാല വായ്പക്ക് നല്‍കുന്ന പലിശയായ റിവേഴ്സ് റിപോ നിരക്കിലും മാറ്റമില്ല. അത് യഥാക്രമം എട്ടും ഏഴുമായി തുടരും. കരുതല്‍ ധനാനുപാത നിരക്ക് (ബാങ്കുകള്‍ റിസര്‍വ് ബാങ്കില്‍ സൂക്ഷിക്കേണ്ട തുക) 4.75 ശതമായി തുടരും.
‘ധനനയത്തിന്‍െറ മുഖ്യലക്ഷ്യം പണപ്പെരുപ്പ നിയന്ത്രണമാണ്. ഇക്കാലളവില്‍ സുസ്ഥിര വളര്‍ച്ച കൈവരിക്കുകയാണ് വേണ്ടത്. വളര്‍ച്ചയെ ഉത്തേജിപ്പിക്കാതെ പലിശ നിരക്കുകള്‍ കുറക്കുന്നത് പണപ്പെരുപ്പം ഉയരുന്നതിലേക്ക് വഴിതെളിക്കും’- ഇടക്കാല വായ്പാധന നയം വ്യക്തമാക്കി സുബ്ബറാവു പറഞ്ഞു.
ബാങ്കുകളുടെ ശരാശരി എസ്.എല്‍.ആര്‍ നിരക്ക് നിലവില്‍ 30 ശതമാനമായി തുടരുന്നതിനാല്‍ നിരക്ക് കുറഞ്ഞത് ഫലപ്രദമാകില്ലെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.
വായ്പാ നയപ്രഖ്യാപനം ഓഹരി വിപണികളില്‍ വിപരീത ഫലമാണ് ഉളവാക്കിയത്. രാവിലെ 55 പോയന്‍റ് ഉയര്‍ന്ന സെന്‍സെക്സ് നയം പുറത്തുവന്നതോടെ 71 പോയന്‍റ് താഴ്ന്നു. ജൂണില്‍ പണപ്പെരുപ്പം കുറിക്കുന്ന മൊത്ത വിലസൂചിക 7.25 ശതമാനവും ഉപഭോക്തൃ സൂചിക ആശങ്കയുണര്‍ത്തും വിധം 10.02 ശതമാനവുമായി ഉയര്‍ന്നിരുന്നു.
വളം, ഇന്ധന സബ്സിഡികള്‍ സര്‍ക്കാര്‍ അടിയന്തരമായി നിയന്ത്രിക്കണമെന്നും മൊത്ത ആഭ്യന്തര ഉല്‍പാദനത്തിന്‍െറ രണ്ട് ശതമാനത്തില്‍ താഴെ അവയെത്തിക്കണമെന്നും റിസര്‍വ് ബാങ്ക് ഉപദേശിച്ചിട്ടുണ്ട്.
പലിശനിരക്കില്‍ മാറ്റം വരുത്താതെ വിലക്കയറ്റം നിയന്ത്രിക്കുന്നതിന് മുന്‍ഗണന നല്‍കിയ റിസര്‍വ് ബാങ്ക് നയം ശരിയായ നീക്കമാണെന്ന് കേന്ദ്ര സര്‍ക്കാറിന്‍െറ മുഖ്യ സാമ്പത്തിക ഉപദേശകന്‍ കൗശിക് ബസു വിലയിരുത്തി. സെപ്തംബറില്‍ പണപ്പെരുപ്പ നിരക്ക് ഏഴ് ശതമാനത്തില്‍ താഴെയാകാന്‍ ഇതുപകരിക്കുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com