കൊട്ടിയം: മയക്കുമരുന്ന് വില്‍പനസംഘത്തിന്‍െറ ആക്രമണത്തില്‍ ഗ്രാമപഞ്ചായത്തംഗം ഉള്‍പ്പെടെ അഞ്ചുപേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച രാവിലെ പത്തോടെ മൈലാപ്പൂര് ജങ്ഷനടുത്തായിരുന്നു സംഭവം.
തൃക്കോവില്‍വട്ടം ഗ്രാമപഞ്ചായത്തംഗവും പി.ഡി.പി നേതാവുമായ പുതുച്ചിറ നീരൊഴുക്കുപടിഞ്ഞാറ്റതില്‍ കബീര്‍കുട്ടി പുത്തേഴം (38), പുതുച്ചിറ എസ്.ആര്‍ വില്ലയില്‍ സഹോദരങ്ങളായ അജിത് (23), അഖില്‍ (24), ഒപ്പമുണ്ടായിരുന്ന തൃശൂര്‍ തൈക്കാട്ടുശേരി ഇടക്കുന്നില്‍ പ്രവീണ്‍ (24) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഗ്രാമപഞ്ചായത്തംഗത്തെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലും മറ്റുള്ളവരെ എന്‍.എസ്. മെമ്മോറിയല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലും പ്രവേശിപ്പിച്ചു.
മൈലാപ്പൂര് കെ.സി.എ ജങ്ഷനില്‍ ബസ് കാത്തുനില്‍ക്കുകയായിരുന്ന അജിത്തിനെയും സഹോദരനെയും ആക്രമിച്ച് മാല പൊട്ടിച്ചുകടക്കാന്‍ സംഘം ശ്രമിക്കുന്നതുകണ്ട് സ്ഥലത്തെത്തിയ പഞ്ചായത്തംഗം ഇതില്‍ ഇടപെട്ടു. സംഭവം അന്വേഷിക്കുന്നതിനിടെ പഞ്ചായത്തംഗത്തെ സംഘം ആക്രമിക്കുകയായിരുന്നു.
ഇതുകണ്ട് ഓടിയെത്തിയ സമീപവാസികളായ ചിലര്‍ക്കും മര്‍ദനമേറ്റു.
തുടര്‍ന്ന് അക്രമിസംഘം രക്ഷപ്പെടുകയായിരുന്നു. പ്രദേശത്ത് മയക്കുമരുന്ന് വിപണനമടക്കം നടത്തുന്നവരാണ് അക്രമിസംഘത്തിലുണ്ടായിരുന്നത്. ഗള്‍ഫില്‍നിന്ന് നാട്ടിലെത്തിയ അജിത്തും സഹോദരനും കൂട്ടുകാരനുമൊത്ത് കൊല്ലത്തേക്ക് പോകാന്‍ നില്‍ക്കവെയാണ് പുതുച്ചിറ ഭാഗത്തുനിന്നെത്തിയ സംഘം അക്രമം നടത്തിയത്. ആക്രമിച്ച് പണവും സ്വര്‍ണവും തട്ടിയെടുക്കുകയായിരുന്നു ലക്ഷ്യമെന്ന് കരുതുന്നതായി ചികിത്സയില്‍ കഴിയുന്നവര്‍ പറയുന്നു.
അതേസമയം പി.ഡി.പിയുടെ ഫ്ളക്സ് ബോര്‍ഡ് നശിപ്പിച്ചതുമായി ബന്ധപ്പെട്ട കേസില്‍ പ്രതികളായവരാണ് ഗ്രാമപഞ്ചായത്തംഗത്തെ ആക്രമിച്ചതിനുപിന്നിലെന്ന് പി.ഡി.പി നേതാക്കള്‍ ആരോപിച്ചു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ തൃക്കോവില്‍വട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കോശി വി. മാത്യു പ്രതികളെ ഉടന്‍ പിടികൂടണമെന്നാവശ്യപ്പെട്ടു. പ്രതികളെ ഉടന്‍ പിടികൂടണമെന്ന് പി.ഡി.പി ഡിവിഷന്‍ കമ്മിറ്റിയും ആവശ്യപ്പെട്ടു.

നിങ്ങളുടെ അഭിപ്രായങ്ങള്‍